സഭാവാര്‍ത്തകള്‍ – 28.01.24.
സഭാവാര്‍ത്തകള്‍ – 28.01.24.
വത്തിക്കാൻ വാർത്തകൾ
സഭയുടെ അസ്ഥിത്വത്തിന്റെ പ്രഥമ കാരണം, സ്‌നേഹം എന്ന് ഫ്രാന്‍സീസ് പാപ്പാ
വത്തിക്കാൻ : യുവജനത്തിനായുള്ള കത്തോലിക്കാമതബോധനം ”യുകാറ്റിന്റെ”(Youcat) പുതിയ പതിപ്പ് അവതരിപ്പിച്ചുകൊണ്ട്,”സന്തോഷത്തിന്റെ സങ്കേതപദം” അഥവാ,” ”സന്തോഷത്തിന്റെ പാസ് വേഡ്” എന്ന ശീര്‍ഷകത്തില്‍ ഫ്രാന്‍സീസ് പാപ്പാ യുവജനത്തിനു നല്കിയ കത്തിലാണ് ഈ ഉദ്‌ബോധനം ഉള്ളത്. വിശ്വാസത്തില്‍ പക്വത പ്രാപിച്ചവര്‍ക്ക് യേശുവിനെക്കുറിച്ച് പറയാതിരിക്കാനും അവിടത്തെ പ്രഘോഷിക്കുന്നതിനായി പരിശ്രമിക്കാതിരിക്കാനും ആവില്ല എന്ന വസ്തുതയും പാപ്പാ അടിവരയിട്ടുപറഞ്ഞു. ജീവിക്കുന്ന ക്രിസ്തുവാണ് നമ്മുടെ പ്രത്യാശയും, ലോകത്തിന്റെ സുന്ദരമായ യുവത്വവും എന്ന് ഒരിക്കലും മറക്കരുതെന്ന് പാപ്പാ യുവതയോടു ആഹ്വാനം ചെയ്തു. യേശുവിനോടുള്ള സ്‌നേഹം ലോകമഖിലം പ്രസരിപ്പിക്കുന്നതിന്റെ സന്തോഷമാണ് വാസ്തവത്തില്‍, സുവിശേഷവത്ക്കരണത്തിന്റെ മധുരിക്കുന്ന ആനന്ദം എന്നും പാപ്പാ
പറഞ്ഞു.
അതിരൂപത വാർത്തകൾ
KLCA കൂനമ്മാവ് മേഖലയുടെ നേതൃത്വത്തില്‍ ജനുവരി 30 ചോവ്വാഴ്ച വൈകിട്ട് 6.30 ന് വരാപ്പുഴ ടൗണില്‍ കുടില്‍കെട്ടി സമരം നടത്തുന്നു.
കൊച്ചി: CRZ നിയമം മൂലം വര്‍ഷങ്ങളായി ഭവന നിര്‍മ്മാണം നിഷേധിക്കപ്പെട്ട കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കുവേണ്ടി KLCA കൂനമ്മാവ് മേഖലയുടെ നേതൃത്വത്തില്‍ ജനുവരി 30 ചൊവ്വാഴ്ച വൈകിട്ട് 6.30 ന് വരാപ്പുഴ ടൗണില്‍ കുടില്‍കെട്ടി സമരം നടത്തുന്നു. ക്രൈസ്റ്റ്‌നഗര്‍ ചര്‍ച്ച് വികാരി റവ. ഫാ. നോര്‍ബിന്‍ പഴമ്പിള്ളി സമരം ഫ്‌ളാഗ് ഓഫ് ചെയ്യും. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ വെരി റവ. മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം നിര്‍വഹിക്കും. KLCA സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് വിഷയാവതരണംനടത്തും. വരാപ്പഴ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റു KLCAഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.
കൃതജ്ഞതാ ബലിയും,ചരമ വാര്‍ഷികാചരണവും നടത്തി.
കൊച്ചി : ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ 54 -ാം ചരമ വാര്‍ഷികദിനത്തില്‍ സെന്റ്. ഫ്രാന്‍സിസ് അസ്സിസി കത്തീ ഡ്രലില്‍ ജനുവരി 22.തിങ്കളാഴ്ച്ച വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതഞജത ദിവ്യബലി അര്‍പ്പിച്ചു.
വരാപ്പുഴ അതിരൂപതയിലെ മറ്റു വൈദീകരും ദിവ്യബലിയില്‍ സഹകാര്‍മികരായി. ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റിയുടെ മാതൃ ഇടവകയായ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ദേവാലയത്തില്‍ നടന്ന കൃതഞജത ദിവ്യബലിയില്‍ വികാരി ഫാ.ആന്റണി ചെറിയകടവില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു . ദിവ്യബലിയെ തുടര്‍ന്ന് ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റി ചികിത്സാ കാരുണ്യനിധിയുടെ ആഭിമുഖ്യത്തില്‍ കിഡ്നി രോഗികളായ ഏഴ് പേര്‍ക്ക് പ്രത്യേക ചികിത്സാ സഹായം വികാരി ഫാ. ആന്റണി ചെറിയ കടവില്‍ വിതരണം ചെയ്തു .
സഹവികാരി ഫാ. ഷാമില്‍ ജോസഫ് , കുടുംബ യൂണിറ്റ് , സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.