ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചു വരുന്നവരാണ് യഥാർത്ഥ വിശുദ്ധർ : ആവ് ലിൻ ജോർജ്
ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചു
വരുന്നവരാണ് യഥാർത്ഥ വിശുദ്ധർ : ആവ്ലിൻ ജോർജ്
കൊല്ലം : വരാപ്പുഴ അതിരൂപതയ്ക്ക് ഇത് അഭിമാന നിമിഷം. കെ.സി ബി.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമായ കേരള കാത്തലിക് സ്റ്റുഡൻസ് ലീഗിന്റെ ( KCSL ) 2024 – 25 അധ്യായന വർഷത്തിൽ സംസ്ഥാന വിദ്യാർത്ഥി നേതാക്കളുടെ സംഗമത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗമായ ആവ് ലിൻ ജോർജ്ജ് തൻ്റെ കൂട്ടുകാരോട് പങ്കുവെച്ചതാണ് ഈ വാക്കുകൾ. 2024 ഏപ്രിൽ 27 , 28, 29 തീയതികളിൽ കൊല്ലം രൂപതയിലെ കൊട്ടിയം ക്രിസ്തു ജ്യോതി ആനിമേഷൻ സെൻ്ററിൽ കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്റെയും കെ സി . എസ്. എൽ. ചെയർമാനുമായ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസിൻ്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ വച്ചാണ് തെരെഞ്ഞെടുപ്പ് നടന്നത്. ആലുവ സെൻ്റ് ഫ്രാൻസിസ് ഹൈസ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആവ് ലിൻ, വരാപ്പുഴ അതിരൂപത മുപ്പത്തടം ഉഴുന്നുംക്കാട്ടിൽ ജോർജ്ജിൻ്റെയും ഷിജിയുടെയും മകളാണ്. മൂന്ന് റീത്തുകളിലായി 32 ഓളം രൂപതകളിൽ പ്രവർത്തിച്ചുവരുന്ന കെ.സി എസ് .എൽ വിദ്യാർത്ഥി പ്രതിനിധികളുടെ സംഗമത്തിൽ “വീഴാതെ ഉടയാതെ ക്രിസ്തുവിനെ വഹിക്കുന്നവരെയല്ല മറിച്ച് വീണിട്ടും ഉടഞ്ഞിട്ടും ക്രിസ്തുവിനെ നെഞ്ചിലേറ്റി ചങ്കുറപ്പോടെ തിരിച്ചുവരുന്നവരാണ് യഥാർത്ഥ വിശുദ്ധർ. “ഉറച്ച പ്രസ്താവനയോടെ വിശ്വാസം, പഠനം, സേവനം എന്നീ മേഖലകളിൽ ഒരു വിദ്യാർത്ഥി എങ്ങനെയാവണം എന്ന ഉൾക്കാഴ്ച്ചയോടെ ആവ്ലിൻ ക്രിസ്തു സാക്ഷ്യമായി മാറി.