സഭാവാര്‍ത്തകള്‍ – 16. 06 .24
സഭാവാര്‍ത്തകള്‍ – 16.06.24
വത്തിക്കാൻ വാർത്തകൾ
യുദ്ധത്തിന്റെ ഇരകളെ പാദുവായിലെ വിശുദ്ധ അന്തോനീസിനു സമര്‍പ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ.
വത്തിക്കാൻ സിറ്റി : കത്തോലിക്കാ സഭയില്‍ ജൂണ്‍ മാസം 13-ാം തീയതി പാദുവായിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനാല്‍, ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും സംരക്ഷകനായ വിശുദ്ധന്, യുദ്ധം മൂലം വിഷമതയനുഭവിക്കുന്ന എല്ലാവരെയും സമര്‍പ്പിച്ചു പാപ്പാ പ്രാര്‍ത്ഥിച്ചു. വിശുദ്ധന്റെ മാതൃക അനുകരിച്ച് സുവിശേഷത്തിന്റെ വിശ്വസ്തസാക്ഷികളാകുവാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
‘ഇന്ന് നമുക്ക് ആവശ്യമായത് സമാധാനമാണ്, യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ് എന്ന് പാപ്പാ പറഞ്ഞു. ‘സമാധാനത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും, സമാധാനത്തിനു വേണ്ടി പോരാടുവാന്‍ കര്‍ത്താവ് നമുക്ക് ശക്തി നല്‍കട്ടെയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
അതിരൂപത വാർത്തകൾ
അയര്‍ലണ്ടിലെ മലയാളി വൈദീകരുടെ സേവനം ശ്ലാഘനീയം – ഇന്ത്യന്‍ അംബാസിഡര്‍
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സേവനം ചെയ്യുന്ന മലയാളി വൈദീകരുടെ സേവനം ഏറെ ശ്ലാഘനീയമെന്ന് അയര്‍ലണ്ടിലെ ഭാരതീയ അംബാസിഡര്‍ അഖിലേഷ് മിശ്ര പ്രസ്താവിച്ചു. കേരള റോമന്‍ കത്തോലിക്ക വൈദീകരുമായുള്ള കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ നിന്നുള്ള പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള പുരോഹിതര്‍ ഇവിടെ വന്ന് വിവിധ മണ്ഡലങ്ങളിലായി നല്‍കുന്ന സേവനങ്ങള്‍ വിലയേറിയതാണെന്ന് ഐറിഷ് ജനത പലപ്പോഴായി തന്നോട് പറഞ്ഞിട്ടുള്ളത് അഭിമാനത്തോടെ താന്‍ അനുസ്മരിക്കുന്നുവെന്ന് ലത്തീന്‍ സഭയിലെ പുരോഹിതന്മാരോടായി അദ്ദേഹം പറഞ്ഞു. മറ്റു സഭാ വിഭാഗങ്ങളിലെ പുരോഹിതര്‍ മലയാളികളായ തങ്ങളുടെ സഭയില്‍പ്പെട്ടവര്‍ക്കായി സേവനം ചെയ്യുമ്പോള്‍, ലത്തീന്‍ സഭയിലെ വൈദികര്‍ ഐറിഷ് ജനത്തിനുവേണ്ടിയാണ് സേവനം ചെയ്യുന്നത്. ക്രൈസ്തവ പുരോഹിതര്‍ക്ക് വിവിധ തലങ്ങളില്‍ ലഭിക്കുന്ന അറിവ് സമൂഹത്തിന് ആകമാനം നന്മയായി ഭവിക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തി.
പെരിയാര്‍ മലിനീകരണം – മുഖ്യമന്ത്രിക്ക് ആര്‍ച്ച്ബിഷപ്പിന്റെ പോസ്റ്റ് കാര്‍ഡ്.
കൊച്ചി : കഴിഞ്ഞ മെയ് 20 ന് പെരിയാറില്‍ വീണ്ടും മലിനീകരണം ഉണ്ടാവുകയും നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നഷ്ടം വന്നവര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് കാര്‍ഡ് തയ്യാറാക്കി ഉദ്ഘാടനം ചെയ്തു. എഴുതി ഒപ്പിട്ട പോസ്റ്റ് കാര്‍ഡ് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസിന് കൈമാറി കൊണ്ടാണ് അദ്ദേഹം കാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. വിഷയത്തില്‍ ഇടപെടുന്നതിനും നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും വരാപ്പുഴ അതിരൂപത സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സിന് രൂപം നല്‍കിയിരുന്നു. വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും സേവ് പെരിയാര്‍ പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു..