സഭാവാര്‍ത്തകള്‍ – 23. 06. 24
സഭാവാര്‍ത്തകള്‍ – 23. 06. 24
വത്തിക്കാൻ വാർത്തകൾ
വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണം : ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാൻ സിറ്റി : ഐക്യരാഷ്ട്രസഭ ജൂണ്‍ മാസം ഇരുപതാം തീയതി ലോക അഭയാര്‍ത്ഥിദിനമായി ആഘോഷിക്കുന്ന വേളയില്‍, സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങളുടെ നിലവിളികള്‍ കേള്‍ക്കുവാനും, അവരെ സ്വീകരിക്കുവാനും ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥന നടത്തി. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍, യുദ്ധങ്ങള്‍ മൂലവും, ക്ഷാമം മൂലവും കുടിയിറക്കപ്പെടുകയും, പലായനം ചെയ്യുകയും ചെയ്യുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ആത്മീയ ആചാര്യനും, രാഷ്ട്രാധിപതിയുമാണ് ഫ്രാന്‍സിസ് പാപ്പാ. സമാധാനവും സുരക്ഷിതത്വവും തേടി വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന എല്ലാവരുടെയും നേരെ ശ്രദ്ധയും സാഹോദര്യവും തിരിക്കാനുള്ള അവസരമായിരിക്കട്ടെ ഈ ലോക അഭയാര്‍ത്ഥിദിനമെന്ന് പാപ്പാ ആശംസിച്ചു.
.
അതിരൂപത വാർത്തകൾ
സേവ് പെരിയാര്‍ – മതബോധന വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു
കൊച്ചി : പെരിയാറില്‍ ഉണ്ടായ മലിനീകരണം മൂലം മത്സ്യ സമ്പത്തിനുണ്ടായ നാശനഷ്ടത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശ നടപടിയെടുക്കണമെന്നും നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിലെ മതബോധന വിദ്യാര്‍ഥികള്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് പോസ്റ്റുകാര്‍ഡുകള്‍ അയച്ചു. ഇടവകകളിലെ വികാരിമാരും, BCC- കേന്ദ്ര സമിതി അംഗങ്ങളും, മതബോധന വിഭാഗവും, മറ്റു സംഘടനാ ഭാരവാഹികളും പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന് നേതൃത്വം നല്‍കി.
ഹരിതം -2024 ഉദ്ഘാടനം ചെയ്തു.
കൊച്ചി : വരാപ്പുഴ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ സംഘടിപ്പിച്ച ‘ഹരിതം – 2024’ – (വരാപ്പുഴ അതിരൂപത പരിസ്ഥിതി – കാര്‍ഷിക പ്രവര്‍ത്തക സംഗമം) ജൂണ്‍ 16 ന് പെരുമാനൂര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ച് ബഹുമാനപ്പെട്ട കേരള കാര്‍ഷിക വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഉത്ഘാടനം നിര്‍വ്വഹിച്ചു. പരിസ്ഥിതി കമ്മീഷന്‍ ഡയറക്ടര്‍ റവ. ഫാ സെബാസ്റ്റ്യന്‍ കറുകപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തില്‍ വരാപ്പുഴ അതിരൂപത നിയുക്ത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. ചാന്‍സലര്‍
റവ. ഫാ എബിജിന്‍ അറക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. T J വിനോദ് MLA മുഖ്യാതിഥി ആയിരുന്നു. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ ഇടവകകളെയും വ്യക്തികളെയും ചടങ്ങില്‍ ആദരിച്ചു.