സഭാവാര്‍ത്തകള്‍ – 04. 08. 24
സഭാവാര്‍ത്തകള്‍ – 04. 08. 24
വത്തിക്കാൻ വാർത്തകൾ
ക്രിസ്തുവിനും സഹോദരങ്ങള്‍ക്കും ഒപ്പമായിരിക്കുക : അള്‍ത്താരശുശ്രൂഷകരോട് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ : വിശുദ്ധ കുര്‍ബാനയില്‍ ആത്മശരീരങ്ങളോടെ സന്നിഹിതനായിരിക്കുന്ന യേശുക്രിസ്തു നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് അള്‍ത്താരശുശ്രൂഷകരെ ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിച്ചു. യൂറോപ്പിലെ ഇരുപത് രാജ്യങ്ങളില്‍നിന്നുള്ള എഴുപതിനായിരത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി നടന്ന, ‘അള്‍ത്താരശുശ്രൂഷകരുടെ പതിമൂന്നാമത് ആഗോള തീര്‍ത്ഥാടനത്തില്‍’ കുട്ടികളെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.
ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ, നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ എന്ന യേശുവിന്റെ വാക്കുകള്‍ കുട്ടികളെ ഓര്‍മിപ്പിച്ച പാപ്പാ, മറ്റുള്ളവരെ മുന്‍വിധികളില്ലാതെ സ്‌നേഹിക്കാനും, ഏവരെയും ഉള്‍ക്കൊള്ളാനും, കരയുന്നവര്‍ക്കൊപ്പം കരയാനും, ചിരിക്കുന്നവര്‍ക്കൊപ്പം ചിരിക്കാനും നിങ്ങള്‍ പരിശ്രമിക്കണമെന്നും യുവജനങ്ങളോട് പാപ്പാ പറഞ്ഞു.
ജൂബിലി വര്‍ഷത്തില്‍ തുറക്കപ്പെടുന്ന ‘വിശുദ്ധ വാതിലുകള്‍’ സംബന്ധിച്ച് വിശദീകരണം നല്‍കി വത്തിക്കാന്‍
വത്തിക്കാന്‍ : വിശുദ്ധ പത്രോസിന്റെ ബസലിക്കയിലും, മറ്റ് മൂന്ന് പേപ്പല്‍ ബസലിക്കകളിലും, പാപ്പായുടെ പ്രത്യേക ആഗ്രഹപ്രകാരം ഒരു ജയിലിലുമായിരിക്കും ‘വിശുദ്ധ വാതിലുകള്‍’ തുറക്കപ്പെടുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള റോമന്‍ ഡികാസ്റ്ററി വ്യക്തമാക്കി. വിശുദ്ധ പത്രോസിന്റെ ബസലിക്കയ്ക്ക് പുറമെ, റോമില്‍ത്തന്നെയുള്ള വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക, മേരി മേജര്‍ ബസിലിക്ക, റോമന്‍ മതിലിന് പുറത്തുളള വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നീ പേപ്പല്‍ ബസലിക്കകളിലായിരിക്കും, സഭ ജൂബിലിയോടനുബന്ധിച്ചുള്ള ‘വിശുദ്ധ വാതിലുകള്‍’ തുറക്കുക.
2025-ലെ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിക്കുന്നതിനെക്കുറിച്ചുള്ള ബൂളയുടെ ആറാം ഖണ്ഡികയില്‍ നാല് പേപ്പല്‍ ബസലിക്കകളിലും, പതിവില്‍നിന്ന് വ്യത്യസ്തമായി, തടവുകാര്‍ക്ക് ദൈവകാരുണ്യത്തിന്റെ മൂര്‍ത്തമായ ഒരു അടയാളം നല്‍കുക എന്ന ഉദ്ദേശം മുന്‍നിറുത്തി, ഒരു ജയിലിലും ‘വിശുദ്ധ വാതില്‍’ തുറക്കുന്നതിന് പാപ്പാ ഇത്തവണ തീരുമാനിക്കുകയായിരുന്നു എന്നും ഡികാസ്റ്ററി പ്രസ്താവിച്ചു.
അതിരൂപത വാർത്തകൾ
സി.എല്‍.സി. അതിരൂപതല പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍
കൊച്ചി : വരാപ്പുഴ അതിരൂപത CLC എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിനെ സന്ദര്‍ശിക്കുകയും സി.എല്‍.സിയുടെ ഉന്നമനത്തിനായി ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. സി. എല്‍. സി യുടെ രൂപതാ തല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് അഭിവന്ദ്യ പിതാവ് സംസാരിച്ചു. വരാപ്പുഴ അതിരൂപത സി.എല്‍.സി. ഡയറക്ടര്‍ ഫാ.ജോബി ആലപ്പാട്ട്, വരാപ്പുഴ അതിരൂപത സി.എല്‍.സി. പ്രസിഡന്റ് തോബിയാസ് കോര്‍നേലി, ജനറല്‍ സെക്രട്ടറി ഡോണ, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.