വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത

 വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത

വയനാടിനൊപ്പം – വരാപ്പുഴ അതിരൂപത

 

യേശുവിൽ പ്രിയ വൈദികരേ, സന്യസ്തരേ, വത്സലമക്കളെ,

വയനാട് മേപ്പാടി ചുരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിന്റെ ഹൃദയഭേദകമായ കാഴ്‌ചകൾ നമ്മെ വേദനിപ്പിക്കുന്നു. കോഴിക്കോട് രൂപതയുടെ മെത്രാനായി ഒമ്പതുവർഷക്കാലം ശുശ്രൂഷ ചെയ്ത സമയത്ത് വയനാട് മേപ്പാടി ഇടവകയിൽ ഞാൻ പലവട്ടം സന്ദർശനം നടത്തിയിട്ടുണ്ട്. ഇപ്പോൾ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ വേദന നമ്മുടെയും വേദനയായി മാറിയിരിക്കുന്നു. എത്രയോ ജീവനുകളാണ് നഷ്ടപ്പെട്ടത്. എത്ര കുടുംബങ്ങളാണ് അനാഥമായത്!

നാം എന്തുപറഞ്ഞ് അവരെ ആശ്വസിപ്പിക്കും. ഈ ദുരന്തത്തിൽ മരണമടഞ്ഞവരെയും, കുടുംബാഗങ്ങളെയും ബന്ധുമിത്രാദികളെയും, കിടപ്പാടവും ജീവനോപാധികളും നഷ്ടമായവരെയും നമ്മുക്ക് സർവ്വശക്തനായ ദൈവത്തിനു സമർപ്പിക്കാം. നാളെ (ആഗസ്‌റ്റ് 4 ഞായർ) ഇടവകകളിൽ വയനാടിനുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന് ഞാൻ ആഹ്വാനം ചെയ്യുന്നു. ഇനി ഈ പ്രദേശങ്ങളുടെ പുനർ നിർമ്മിതിയിലാണ് നാം പങ്കുകാരാകേണ്ടത്. ആയതിനാൽ ഇടവകകളിലും സ്‌ഥാപനങ്ങളിലും പ്രത്യേകം അറിയിച്ചതിനുശേഷം ഒരു പ്രത്യേക ധനസമാഹരണം നടത്തി ലഭിക്കുന്ന തുക അതിരൂപതാ കച്ചേരിയിൽ 2024 ആഗസ്‌റ്റ് 31നു മുമ്പ് ഏൽപിക്കണമെന്ന് ഞാൻ അറിയിക്കുന്നു. നാം സമാഹരിക്കുന്ന തുക കോഴിക്കോട് രൂപതയെ ഏൽപിക്കുന്നതും രൂപതാ സംവിധാനങ്ങൾ വഴി ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ അത് ഉപയോഗിക്കുന്നതുമാണ്. എല്ലാവരുടെയും ആത്മാർത്ഥവും ഉദാരവുമായ സഹായങ്ങൾ ഉണ്ടാകണമെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. എല്ലാം നഷ്‌ടപ്പെട്ട നിസഹായരായ പ്രിയ സഹോദരങ്ങളെയും അധ്വാനിക്കുന്ന സന്നദ്ധ പ്രവർത്തകരെയും സർക്കാർ സംവിധാനങ്ങളെയും അവിടെ അക്ഷീണം രക്ഷാപ്രവർത്തകരെയും പരിശുദ്ധ കന്യകാമറിയത്തിൻറ സംരക്ഷണത്തിനായി സമർപ്പിക്കുന്നു. ദൈവം എല്ലാവരെയും ശക്തിപ്പെടുത്തട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

 

അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പില്‍

 

admin

Leave a Reply

Your email address will not be published. Required fields are marked *