സഭാവാര്‍ത്തകള്‍ – 25. 08. .24
സഭാവാര്‍ത്തകള്‍ – 25. 08. .24
വത്തിക്കാൻ വാർത്തകൾ
മതാധ്യാപകര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചു : ഫ്രാന്‍സീസ് പാപ്പാ
വത്തിക്കാന്‍ : പത്താം പിയൂസ് പാപ്പായുടെ ഓര്‍മ്മദിനമായ ആഗസ്റ്റ് 21, ‘മതാധ്യാപക ദിന’മായി ലോകത്തിലെ വിവിധ ഇടങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് പാപ്പാ മതാധ്യാപകര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചത്.
മതാധ്യാപകരെ ഓര്‍ക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം പാപ്പാ എടുത്തുപറഞ്ഞു. വളരെയധികം സേവനം ചെയ്യുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍പന്തിയില്‍ നിന്നുകൊണ്ട് വിശ്വാസം ധൈര്യപൂര്‍വം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന നമ്മുടെ മതാധ്യാപകരെക്കുറിച്ച് നമുക്കു ചിന്തിക്കാം. കര്‍ത്താവ് അവരെ ധൈര്യമുള്ളവരാക്കുന്നതിനും അവരുടെ യാത്ര ഇനിയും അഭംഗുരം തുടരുന്നതിനുംവേണ്ടി അവര്‍ക്കായി നമുക്ക് ഇന്ന് പ്രാര്‍ഥിക്കുകയും ചെയ്യാം എന്ന് പാപ്പാ പറഞ്ഞു.
അതിരൂപത വാർത്തകൾ
ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ എറണാകുളത്ത് നടന്നു.
കൊച്ചി : ഉദയംപേരൂര്‍ സൂനഹദോസിന്റെ 425 -ാം വാര്‍ഷിക ആഘോഷങ്ങള്‍ ഓഗസ്റ്റ് 22, വ്യാഴാഴ്ച എറണാകുളത്ത് പിഒസിയില്‍ സംഘടിപ്പിച്ചു. 1599 ല്‍ നടന്ന ഉദയംപേരൂര്‍ സൂനഹദോസ് കേരളത്തിന്റെ നവോത്ഥാനത്തിന് നാന്ദി കുറിച്ച ചരിത്ര സംഭവമാണ്. സാമൂഹിക മതാത്മക മേഖലകളിലെ അനാചാരങ്ങള്‍ക്കും നീതികേടുകള്‍ക്കും എതിരെ ഉയര്‍ന്ന ആദ്യത്തെ ശബ്ദ വിപ്ലവമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസ് .
പാലിയേറ്റീവ് കെയര്‍ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപത ബിസിസിയുടെ ഏറ്റവും പുതിയ നന്മ പ്രവര്‍ത്തനമായ പാലിയേറ്റീവ് കെയര്‍ ട്രെയിനിങ്ങിന്റെ അതിരൂപതാതല ഉദ്ഘാടന കര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തില്‍ വച്ച് അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തി പറമ്പില്‍ കൂനമ്മാവ് ഫൊറോനാ പാലിയേറ്റിവ് കെയര്‍ കോഡിനേറ്റര്‍ ശ്രീമതി. ആഗ്‌നസിന് മെഡിക്കല്‍ കിറ്റ് നല്‍കി നിര്‍വഹിച്ചു. ബീസിസി ഡയറക്ടര്‍ റവ. ഫാ.യേശുദാസ് പഴമ്പിള്ളി സ്വാഗതവും AMPC പാലീയേറ്റീവ് കെയര്‍ വൈസ് പ്രസിഡണ്ടും ബിസിസി കോഡിനേറ്ററുമായ ജോബി തോമസ് നന്ദിയും പറഞ്ഞു