കേരളത്തിൻ്റെ മത്സ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കും: പി. രാജീവ്
കേരളത്തിൻ്റെ മത്സ്യമേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കും: പി. രാജീവ്
കൊച്ചി : കേരളത്തിൻ്റെ തീരപ്രദേശത്തിന്റെയും മത്സ്യമേഖലയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സജീവമായ പരിഗണനയും ശ്രദ്ധയും നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ പരിമിതികൾ സൃഷ്ടിക്കുന്നതായി നിയമകാര്യ മന്ത്രി പി. രാജീവ്. കെആർഎൽസിസിയുടെ അഭിമുഖത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ സമീപനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെല്ലാനത്ത് ഉൾപ്പെടെയുള്ള കേരളത്തിലെ തീര സംരക്ഷണത്തിനും വികസനപ്രവർത്തനങ്ങൾക്കും കിഫ്ബി വഴിയായിരുന്നു പണം കണ്ടെത്തിയിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണങ്ങൾ കിഫ്ബിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിന് സർക്കാരിന് സാധ്യമാകുന്നതെല്ലാം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നടന്ന പ്രകാശന ചടങ്ങിൽ “കടൽ” ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി പ്രസിഡൻറ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമീപന രേഖ സ്വീകരിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. “കടൽ” ഡയറക്ടർ ഡയ ഡോ. സാബാസ് ഇഗ്‌നേഷ്യസ്, വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ് എന്നിവർ പ്രസംഗിച്ചു. ആർച്ച്ബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. തോമസ് നെറ്റോ ഉൾപ്പെടെ കേരളത്തിലെ ലത്തീൻ രൂപതാ മെത്രാന്മാർ ചടങ്ങിൽ സംബന്ധിച്ചു.
കേരളത്തിലെ മത്സ്യ മേഖലയും തീരപ്രദേശവും നേരിടുന്ന ഗുരുതരമായ വെല്ലുവിളികളും പ്രതിസന്ധികളും ശാസ്ത്രീയമായി അപഗ്രഥിക്കുകയും അവ പരിഹരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം കുഫോസിന്റെ സഹകരണത്തോടെ നടത്തിയ ശില്പശാലയുടെ തുടർച്ചയായിട്ടാണ് ഈ സമീപന രേഖ തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിൻ്റെയും പരിഗണനയ്ക്കും നടപടികൾക്കുമായി ഈ സമീപന രേഖ സമർപ്പിക്കുമെന്ന് കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ പറഞ്ഞു.
Joseph Jude
General secretary CADAL
Mobile: 9847237771