സഭാവാര്‍ത്തകള്‍ – 24. 11 .24
സഭാവാര്‍ത്തകള്‍ – 24. 11 .24
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഗോവയില്‍ തുറന്നുകൊടുത്തു.
കൊച്ചി : ഭാരതത്തിന്റെ രണ്ടാം അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന ഈശോസഭാപ്രേഷിതന്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പുകള്‍ വീണ്ടും പത്തുവര്‍ഷങ്ങള്‍ക്കു ശേഷം പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു. 2024 നവംബര്‍ 21 ന് ആരംഭിക്കുന്ന പരസ്യവണക്കം 2025 ജനുവരി 5 ന് സമാപിക്കും. വി ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് ഇതുവരെയും അഴുകിയതേയില്ല. ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്. 1624 മുതല്‍ തിരുശേഷിപ്പുകള്‍ പഴയ ഗോവയിലെ പനാജി നഗരത്തിനടുത്തുള്ള ബോം ജീസസിന്റെ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ളിപേടകത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 മീറ്റര്‍ അകലെയുള്ള സെ – കത്തീഡ്രലിലാണ് പരസ്യവണക്കം നടക്കുന്നത് .
മുനമ്പം – വഖ്‌ഫ് പ്രശ്നം രമ്യമായി പരിഹാരിക്കുന്നതിനായി ലത്തീൻ സഭയിലെ മെത്രാന്മാരും സമുദായ നേതാക്കളും മുസ്ലിം സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
കൊച്ചി : മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മുസ്ലിം സമുദായ നേതൃത്വം ലത്തീൻ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായി നവംബർ 18 തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് കൂടിക്കാഴ്ച നടത്തി. മുനമ്പം കടപ്പുറം പ്രദേശത്ത് തലമുറകളായി താമസിക്കുന്നവരുടെ ഭുമിയിലുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന ഈ വിഷയം സർക്കാർ ഇടപെട്ട് സത്വരമായ പരിഹാരം ഉണ്ടാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
ലത്തീൻ പാരമ്പര്യം മുറുകെ പിടിക്കുന്നവരാകണം ഇന്നത്തെ യുവജനങ്ങൾ : ബിഷപ്പ് ആന്റണി വലുങ്കൽ
കൊച്ചി : കേരളമണ്ണിൽ ലത്തീൻ മിഷണറിമാർ പാകിയ വിത്താണ് ഇന്നത്തെ ലത്തീൻ സഭയെന്നും, അതുകൊണ്ടുതന്നെ ലത്തീൻ പാരമ്പര്യം മുറുകെപ്പിടിച്ച് ഇന്നിന്റെ യുവജനങ്ങൾ മുന്നോട്ട് നീങ്ങണമെന്നും ബിഷപ്പ് ആന്റണി വലുങ്കൽ. കെ സി വൈ എം ലാറ്റിൻ സംസ്ഥാന സ്പെഷ്യൽ അസംബ്ലി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ ജിജു ജോർജ് അറക്കത്തറ ആമുഖസന്ദേശം നൽകി.