സഭാവാര്‍ത്തകള്‍ : 16. 02 .25

സഭാവാര്‍ത്തകള്‍ : 16. 02 .25
വത്തിക്കാൻ വാർത്തകൾ
വത്തിക്കാനിലെ വിശുദ്ധ വാതിലിലൂടെ ഒരു മാസത്തിനിടെ പ്രവേശിച്ചത് 13 ലക്ഷം വിശ്വാസികള്‍.
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പ 2025 ജൂബിലി വര്‍ഷത്തിന് ആരംഭം കുറിച്ചത് മുതല്‍ ഇതുവരെ 1.3 ദശലക്ഷം ആളുകള്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നതായി വത്തിക്കാന്‍.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക, സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക, സെന്റ് മേരി മേജര്‍ ബസിലിക്ക, സെന്റ് പോള്‍ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളില്‍ മാത്രമാണ് വിശുദ്ധ വാതിലുകള്‍ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ റെബിബിയ ജയിലില്‍ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. വിശുദ്ധ വര്‍ഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.
വിശുദ്ധ മദര്‍തെരേസയുടെ തിരുനാള്‍ പൊതുആരാധനാകലണ്ടറില്‍ ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി : വിവിധ പ്രാദേശികസഭാനേതൃത്വങ്ങളുടെയും, നിരവധി ഇടയന്മാരുടെയും സമര്‍പ്പിതരുടെയും അല്മയരുടെയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചെടുത്ത ഈ തീരുമാനം സംബന്ധിച്ച ഡിക്രി ഫെബ്രുവരി 11-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതനുസരിച്ച് മദര്‍ തെരേസയുടെ മരണദിനമായ സെപ്റ്റംബര്‍ അഞ്ചാം തീയതി, വിശുദ്ധയുടെ തിരുനാളായി ആരാധനകലണ്ടറുകളിലും, വിശുദ്ധകുര്‍ബാനയ്ക്കായുള്ള പുസ്തകങ്ങളിലും, യാമപ്രാര്‍ത്ഥനകളിലും ചേര്‍ക്കപ്പെടും.
1979-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മദര്‍ തെരേസയ്ക്ക് ലഭിച്ചിരുന്നു. 2003 ഒക്ടോബര്‍ 19-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയര്‍ത്തിയത്. കാരുണ്യത്തിന്റെ ജൂബിലിവര്‍ഷത്തില്‍ 2016 സെപ്റ്റംബര്‍ 4-ന് ഫ്രാന്‍സിസ് പാപ്പായാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.