വിശുദ്ധ മദര്‍തെരേസയുടെ തിരുനാള്‍ പൊതുആരാധനാകലണ്ടറില്‍ ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ
വിശുദ്ധ മദര്‍തെരേസയുടെ തിരുനാള്‍ പൊതുആരാധനാകലണ്ടറില്‍ ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ
കൊച്ചി : വിവിധ പ്രാദേശികസഭാനേതൃത്വങ്ങളുടെയും, നിരവധി ഇടയന്മാരുടെയും സമര്‍പ്പിതരുടെയും അല്മയരുടെയും അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചെടുത്ത ഈ തീരുമാനം സംബന്ധിച്ച ഡിക്രി ഫെബ്രുവരി 11-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതനുസരിച്ച് മദര്‍ തെരേസയുടെ മരണദിനമായ സെപ്റ്റംബര്‍ അഞ്ചാം തീയതി, വിശുദ്ധയുടെ തിരുനാളായി ആരാധനകലണ്ടറുകളിലും, വിശുദ്ധകുര്‍ബാനയ്ക്കായുള്ള പുസ്തകങ്ങളിലും, യാമപ്രാര്‍ത്ഥനകളിലും ചേര്‍ക്കപ്പെടും.
ദൈവികആരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട അച്ചടക്കത്തിനുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആര്‍തര്‍ റോഷെയുടെയും, ഡികാസ്റ്ററി സെക്രെട്ടറി ആര്‍ച്ച്ബിഷപ് വിത്തോറിയോ വിയോളയുടെയും ഒപ്പോടുകൂടി ഫെബ്രുവരി 11-നാണ് പുതിയ ഡിക്രി പ്രസിദ്ധീകരിച്ചത്. 1997-ലായിരുന്നു കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസ നിര്യാതയായത്. പുതിയ തീരുമാനപ്രകാരം ഇനിമുതല്‍ സെപ്റ്റംബര്‍ അഞ്ചിന്, വിശുദ്ധ മദര്‍ തെരേസയുടെ ഓര്‍മ്മയാചരിച്ചുകൊണ്ട്, വിശുദ്ധബലിയും, യാമപ്രാര്‍ത്ഥനകളും നടത്താനാകും.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട ഡിക്രിയില്‍, കാരുണ്യത്തിന്റെ തളരാത്ത പ്രവര്‍ത്തകയായിരുന്ന മദര്‍ തെരേസയുടെ ജീവിതത്തെക്കുറിച്ചുകൂടി എഴുത്ിയിട്ടുണ്ട്. ശരീരത്തിന്റെയും ആത്മാവിന്റെയും ക്ലേശങ്ങളില്‍ ആശ്വാസം തേടുന്ന അനേകര്‍ക്ക് വിശുദ്ധ മദര്‍ തെരേസ പ്രതീക്ഷയുടെ ഉറവിടമായി തിളങ്ങുന്നുണ്ടെന്ന് ഡികാസ്റ്ററി തങ്ങളുടെ രേഖയില്‍ എഴുതി. ‘എനിക്ക് ദാഹിക്കുന്നുവെന്ന’ ക്രൂശിതനായ ക്രിസ്തുവിന്റെ വാക്കുകള്‍ മദര്‍ തെരേസയുടെ ഹൃദയത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്നുവെന്നും, തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും കാരുണ്യം ഉള്‍പ്പെടുത്താന്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ശുശ്രൂഷിച്ചുകൊണ്ടുള്ള തന്റെ ജീവിതത്തില്‍ വിശുദ്ധയ്ക്ക് കഴിഞ്ഞിരുന്നുവെന്നും ഡിക്രി ഓര്‍മ്മിപ്പിച്ചു.
1910 ഓഗസ്റ്റ് 26-ന് സ്‌കോപ്പിയെയില്‍ ജനിച്ച മദര്‍ തെരേസ, 1929-ലാണ് കല്‍ക്കട്ടയിലെ തന്റെ സേവനം ആരംഭിച്ചത്. 1950-ലാണ് വിശുദ്ധ കാരുണ്യത്തിന്റെ മിഷനറിമാര്‍ എന്ന കോണ്‍ഗ്രിഗേഷന്‍ സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഏതാണ്ട് ആറായിരത്തിലധികം സന്ന്യാസിനിമാരാണ് ഈ സ്ഥാപനത്തിലൂടെ ക്രിസ്തുവിന്റെ കാരുണ്യം മറ്റുള്ളവരിലേക്കെത്തിക്കുന്നത്.
1979-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മദര്‍ തെരേസയ്ക്ക് ലഭിച്ചിരുന്നു. 2003 ഒക്ടോബര്‍ 19-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയര്‍ത്തിയത്. കാരുണ്യത്തിന്റെ ജൂബിലിവര്‍ഷത്തില്‍ 2016 സെപ്റ്റംബര്‍ 4-ന് ഫ്രാന്‍സിസ് പാപ്പായാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.