ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി വത്തിക്കാനില്‍ ജപമാലയര്‍പ്പണം

ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി വത്തിക്കാനില്‍ ജപമാലയര്‍പ്പണം
വത്തിക്കാന്‍ : കഴിഞ്ഞ പതിനൊന്നോളം ദിവസങ്ങളായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ സങ്കീര്‍ണ്ണമായ ആരോഗ്യാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന, റോമിന്റെ മെത്രാന്‍ കൂടിയായ ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം പ്രത്യേകം അപേക്ഷിക്കാനായി, റോമിലെ കര്‍ദ്ദിനാള്‍മാരും, വത്തിക്കാനിലെ വിവിധ ഡികാസ്റ്ററികളിലായി സേവനമനുഷ്ഠിക്കുന്ന പാപ്പായുടെ സഹകാരികളും റോം രൂപതയും, ഫെബ്രുവരി 24 തിങ്കളാഴ്ച വൈകുന്നേരം ജപമാലപ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഒരുമിച്ച് ചേര്‍ന്നു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറിയും പാപ്പായുടെ സഹകാരികളില്‍ ഏറ്റവും ഉന്നതസ്ഥാനം വഹിക്കുന്നയാളുമായ കര്‍ദ്ദിനാള്‍ പിയെത്രോ പരൊളീനായിരുന്ന്ു ജപമാല നയിച്ചത് .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളും ആയിരക്കണക്കിന് രൂപതകളും ഈ ദിവസങ്ങളില്‍ പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. നിരവധിയാളുകള്‍ പാപ്പാ കഴിയുന്ന ആശുപത്രിയുടെ മുന്നിലെത്തിയും പ്രാര്‍ത്ഥിക്കുന്നുണ്ട്.
റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പാപ്പാ കഴിഞ്ഞ രാത്രിയില്‍ നന്നായി ഉറങ്ങി വിശ്രമിച്ചുവെന്ന് ഫെബ്രുവരി 24 തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട സന്ദേശത്തിലൂടെ വത്തിക്കാന്‍ പ്രെസ് ഓഫീസ് വ്യക്തമാക്കി.