ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേക്ക് തിരികെയെത്തി

ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേക്ക് തിരികെയെത്തി.
വത്തിക്കാന്‍ സിറ്റി : ഫെബ്രുവരി മാസം പതിനാലാം തീയതി ന്യുമോണിയ ബാധയും, ശ്വാസതടസവും മൂലം റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പാ, മാര്‍ച്ചുമാസം ഇരുപത്തിമൂന്നാം തീയതി ഇറ്റാലിയന്‍സമയം ഉച്ചകഴിഞ്ഞു സ്വഭവനമായ കാസ സാന്താ മാര്‍ത്തയിലേക്ക് തിരികെ എത്തി.
ആശുപത്രി വിടുന്നതിനു മുന്‍പ്, ജനലിനരികില്‍ എത്തിയ പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തു. ഇരു കൈകളും വീശി കൂടിനിന്നവര്‍ക്കും, ലോകമെങ്ങുമുള്ള എല്ലാവര്‍ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു. ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി.’ എന്നും ഫറഞ്ഞു.
തദവസരത്തില്‍ മഞ്ഞ പൂക്കളുമായി കാത്തുനിന്നിരുന്ന കര്‍മേലാ എന്ന ഒരു പ്രായമായ അമ്മയെ പാപ്പാ, പ്രത്യേകം പരാമര്‍ശിക്കുകയും, വളരെ പ്രത്യേകമായി അവര്‍ക്ക് നന്ദി പറയുകയും ചെയ്തു. ഫ്രാന്‍സിസ് പാപ്പാ ആശുപത്രിയില്‍ ചികിത്സ തുടങ്ങിയ ആദ്യദിവസം മുതല്‍ ഈ അമ്മ ആശുപതിക്കു മുന്‍പില്‍ വന്നു പ്രാര്‍ത്ഥിക്കുകയും, പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
37 ദിവസങ്ങള്‍ക്കു ശേഷം പാപ്പാ ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിയപ്പോള്‍, പലരും സന്തോഷത്താല്‍ കണ്ണുനീര്‍ പൊഴിച്ചു. പാപ്പാ തിരികെ വത്തിക്കാനില്‍ എത്തിയെങ്കിലും, രണ്ടുമാസത്തേക്ക് വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ശ്വാസം നേരെയാകുന്നതിനും, ശബ്ദം വീണ്ടെടുക്കുന്നതിനുമുള്ള വിവിധ പരിചരണങ്ങളും, ശുശ്രൂഷകളും ഇനിയും തുടരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ ഫ്രാന്‍സിസ് പാപ്പാ, റോമിലെ മരിയ മേജര്‍ ബസിലിക്കയില്‍ എത്തുകയും, മാതാവിന്റെ തിരുസ്വരൂപത്തിന് മുന്‍പില്‍ പ്രതിഷ്ഠിക്കുവാന്‍, കര്‍ദിനാള്‍ റോലാന്‍ദാസ് മക്രിക്കാസിനു പൂക്കള്‍ നല്‍കുകയും ചെയ്തു.