വിശുദ്ധിയിലേക്കുളള വിളി: ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങള്‍.

 വിശുദ്ധിയിലേക്കുളള വിളി: ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങള്‍.
“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 110-111 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവ സ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പസ്തോലിക പ്രബോധനം ഇക്കാത്തിലും വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളും കൊണ്ട് അളക്കപ്പെടേണ്ടതാണ്. വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുപിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെ ടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

110. അഷ്ടഭാഗ്യങ്ങളും, മത്തായി. 25:31-46 ഉം നൽകുന്ന വിശുദ്ധിയെ കുറിച്ചുള്ള ചട്ടക്കൂടിനുള്ളിൽ വരുന്ന ഏതാനും അടയാളങ്ങളെ അഥവാ ആത്മീയ മനോഭാവങ്ങളെ കുറിച്ച് സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ അഭിപ്രായത്തിൽ കർത്താവു നമ്മെ വിളിക്കുന്ന ജീവിതമാർഗ്ഗം മനസ്സിലാക്കുന്നതിന് അത്യാവശ്യമാണ്.ഇതിനോടകം നമുക്കറിയാവുന്ന വിവിധ പ്രാർത്ഥനാരീതികൾ അമൂല്യ കൂദാശകളായ അനുരഞ്ജനം,  വൈയക്തിക ത്യാഗങ്ങളുടെ കാഴ്ചസമർപ്പണം, വിവിധ രൂപങ്ങളിലുള്ള ഭക്ത്യഭ്യാസങ്ങൾ, ആത്മീയശിക്ഷണം (SPIRITUAL DIRECTION ) തുടങ്ങിയ മറ്റനേകം വിശുദ്ധീകരണ മാർഗ്ഗങ്ങളെ വിശദീകരിക്കാൻ ഞാൻ മുതിരുന്നില്ല. പ്രത്യേകമായ രീതിയിൽ അർത്ഥവത്താണ് എന്ന് ഞാൻ പ്രതീക്ഷിക്കുന്ന വിശുദ്ധിയിലേക്കുള്ള വിളിയുടെ ഏതാനും ചില മാനങ്ങളെക്കുറിച്ച് മാത്രമേ ഇവിടെ ഞാൻ പരാമർശിക്കുന്നുള്ളു.

കഴിഞ്ഞ അദ്ധ്യായത്തിലെ 95 ആം ഖണ്ഡികയിൽ പാപ്പാ വിശുദ്ധി എന്ന് പറയുന്നത് ആത്മീയ ആനന്ദത്തിലുള്ള ബോധം മങ്ങലല്ല എന്ന് സൂചിപ്പിച്ചിരുന്നു. ഒരു പക്ഷേ ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ എന്ന് ശീർഷകമിട്ട ഈ അദ്ധ്യായത്തിന്‍റെ ആരംഭത്തിൽ തന്നെ പാപ്പാ വീണ്ടും അഷ്ടഭാഗ്യങ്ങളും  മത്തായിയുടെ സുവിശേഷത്തിലെ അവസാനവിധിയെക്കുറിച്ച് പറയുന്ന ഭാഗവും സംയോജിപ്പിച്ച് വിശുദ്ധിയുടെ വഴിയിലേക്ക് നമ്മെ നയിക്കേണ്ട മനോഭാവങ്ങളെ വിവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കാണാം. ‘കർത്താവു നമ്മെ വിളിക്കുന്ന ജീവിതരീതി മനസ്സിലാക്കിയാൽ’ എന്ന് പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്‍റെ അഭിപ്രായം എഴുതുന്നത്. പാരമ്പര്യമായി വിശുദ്ധിയിലേക്കുള്ള പാതയ്ക്ക് ആവശ്യമെന്ന് നമുക്കറിയാവുന്ന വിവിധ പ്രാർത്ഥനാരീതികളെയും, വിശുദ്ധിയുടെ വഴിയിൽ അമൂല്യവും അനിവാര്യവുമായ കൂദാശകളായ പരിശുദ്ധ കുർബ്ബാനയും അനുരഞ്ജനകൂദാശയും, പലതരത്തിലുള്ള ഭക്ത്യാഭ്യാസങ്ങളും ആത്മീയ മാർഗ്ഗ നിർദ്ദേശങ്ങളും മറ്റും തള്ളിക്കളയുകയല്ല പാപ്പാ ചെയ്യുന്നത് എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. കാരണം ആദ്യം തന്നെ താൻ അവയെക്കുറിച്ച് പറയാൻ വേണ്ടി നില്‍ക്കുന്നില്ല എന്നെഴുതിയത് അവയെക്കുറിച്ച് ധാരാളം ഇതിനകം നമുക്ക് അറിയാമെന്നതിനാലും അനേകം വിശുദ്ധ ജീവിതങ്ങളും അവരുടെ എഴുത്തുകളും ലഭ്യമാണ് എന്നതിനാലുമത്രെ. എന്നാൽ ഇവിടെ മാർപ്പാപ്പാ വിശുദ്ധിയുടെ വിളിയിൽ വളരെ അർത്ഥവത്തായി തെളിയിച്ചിട്ടുള്ള ചില കാര്യങ്ങൾ മാത്രം പറയാനാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാം.

വികലമായ ആത്മീയതയുടെ രൂപങ്ങള്‍

111. ഞാനെടുത്തു കാണിക്കുവാൻ ആഗ്രഹിക്കുന്ന അടയാളങ്ങൾ വിശുദ്ധിയുടെ ഒരു മാതൃകയുടെ ആകതുകയല്ല. പ്രത്യുത, ഇന്നത്തെ സാംസ്കാരികതലത്തിലുള്ള അപകടങ്ങളുടെയും പരിമിതികളുടെയും വെളിച്ചത്തിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നു എന്ന് ഞാൻ കരുതുന്ന ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹത്തിന്‍റെ അഞ്ച് മഹത്തായ പ്രകടനങ്ങളാണ്. ഇന്നത്തെ സംസ്കാരത്തിൽ ശ്രദ്ധ ചിതറിക്കുന്നതും, അസ്വസ്ഥമാക്കുന്നതും ചിലപ്പോൾ

അക്രമാസക്തമാക്കുന്നതുമായ ഉൽക്കണ്ഠാഭാവം നാം കാണുന്നു. അതോടൊപ്പം സ്വാത്മനിഷേധവും (NEGATIVITY) വിഷണ്ണതയും (SULLENNESS) ഉപഭോഗസംസ്കാരം പോഷിപ്പിക്കുന്ന സംതൃപ്തിയും സ്വാർത്ഥതയും, ഇപ്പോഴത്തെ മതസംബന്ധകമ്പോളത്തിൽ (CURRENT RELIGIOUS MARKETPLACE) ദൈവത്തിന് യാതൊരുസ്ഥാനവും നൽകാത്ത വികലമായ ആത്മീയതയുടെ എല്ലാ രൂപങ്ങളും നാം കാണുന്നു.

മാർപ്പാപ്പായുടെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും കൂടി കടന്ന് പോകുമ്പോൾ നമുക്ക് മനസ്സിലാക്കാവുന്ന ഒരു വാസ്തവമുണ്ട്. ഏതൊരു മുതിർന്ന സ്നേഹമുള്ള പിതാവിനേയും പോലെ പാപ്പായും ആധുനീകതലമുറയുടെ പോക്കിനെക്കുറിച്ചു നൊമ്പരപ്പെടുന്നു. പുത്തൻ സംസ്കാരവും, കണ്ടുപിടുത്തങ്ങളുടെ അഹങ്കാരവും, വിരൽ തുമ്പിൽ ലോകം കീഴടക്കാമെന്ന വിശ്വാസവും വച്ച് പുലർത്തുന്ന ആധുനീക അതിവേഗ തലമുറ മറന്ന് പോകുന്ന, മറന്നെന്ന് നടിക്കുന്ന,  പഴഞ്ചനെന്നും,  ഉപയോഗശൂന്യമെന്നും കരുതി തള്ളിക്കളയുന്ന ചില മൂല്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നു. താൻ എഴുതാൻ പോകുന്നതൊന്നും വിശുദ്ധിയുടെ പരിപൂർണ്ണ മാതൃകയല്ല എന്ന് ആദ്യമേ സൂചിപ്പിക്കുന്ന പാപ്പാ അദ്ദേഹം എഴുതാൻ പോകുന്ന കാര്യങ്ങൾ ഇന്നത്തെ സംസ്കാരത്തിന്‍റെ അപകടങ്ങൾക്കും പോരായ്മകൾക്കും ഇടയിൽ ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹത്തിന്‍റെ വളരെ പ്രധാനപ്പെട്ട പ്രകാശനമാണ് അ‍ഞ്ച് അടയാളങ്ങളെന്ന് നമ്മോടു പറയുന്നു.  ഇന്ന് നമ്മുടെ ശ്രദ്ധ തിരിക്കുയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന, പലപ്പോഴും ഭീകരമായി മാറുന്ന ആകുലതകളും, ദുഷ്പ്രവർത്തികളും, ഉപഭോഗസംസ്കാരം വരുത്തി വയ്ക്കുന്ന സ്വയപര്യാപ്ത ചിന്തയും വ്യക്തി മഹാത്മ്യവാദവും തുടങ്ങിയ വ്യാജ ആത്മീയതകളും ഭരണം നടത്തുന്ന ഇന്നത്തെ “മതചന്തയ്ക്ക്” ദൈവവുമായി യാതൊരു ബന്ധവുമില്ല എന്ന് ധൈര്യപൂർവ്വം പറയാൻ പരിശുദ്ധപിതാവിന് കഴിയുന്നു.

ഒരുപാട് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രയോഗമാണ് മതസംബന്ധകമ്പോളം (CURRENT RELIGIOUS MARKETPLACE) എന്നത്. ഉപഭോഗ സംസ്കാരത്തിന്‍റെ എല്ലാ വിധ സത്യങ്ങളും (വ്യാജ) നമുക്കിവിടെ കണ്ടെത്താം.ഊഹക്കച്ചവടങ്ങളിലെ മോഹന വാഗ്ദാനവ്യാപാരങ്ങൾ പോലെ ദൈവത്തെയും, ദൈവാനുഗ്രഹത്തെയും വിറ്റ്, രോഗശാന്തിയും, അൽഭുതങ്ങളും, വ്യാപാരങ്ങളും, പണം സമ്പാദിക്കുന്ന മാർഗ്ഗമാക്കുന്ന ആധുനീക മതപ്രവണതകൾക്ക് യഥാർത്ഥ ദൈവവുമായി, ദൈവ സ്വഭാവവുമായി, കർത്താവു നമ്മെ വിളിക്കുന്ന വിശുദ്ധിയുടെ വഴിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? നമുക്ക് ആത്മശോധന ചെയ്യാം

Courtesy: vaticannews

admin

Leave a Reply

Your email address will not be published. Required fields are marked *