ദൈവവചനപരായണത്തില്‍ ഒതുങ്ങരുത്, സത്ത കണ്ടെത്തണം!

 ദൈവവചനപരായണത്തില്‍ ഒതുങ്ങരുത്, സത്ത കണ്ടെത്തണം!
ക്രസ്തീയവിരുദ്ധ പീഢനങ്ങള്‍ സുവിശേഷാഗ്നിയെ കെടുത്തുകയല്ല, പൂര്‍വ്വാധികം ജ്വലിപ്പിക്കുകയാണ് ചെയ്തത്, ഫ്രാന്‍സീസ് പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പതിവുപോലെ ഈ ബുധനാഴ്ചയും (02/10/2019) ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച അനുവദിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അതിവിശാലമായ തുറസ്സായ അങ്കണംതന്നെ ആയിരുന്നു പൊതുകൂടിക്കാഴ്ചാവേദി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പടെ ആയിരങ്ങള്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ഏവര്‍ക്കും തന്നെ കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ ചത്വരത്തിലെത്തിയ പാപ്പായെ ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ വരവേറ്റു.ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, വാഹനത്തില്‍, നീങ്ങി. പ്രസംഗവേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങിയ പാപ്പാ നടന്ന് വേദിയിലേക്കു പോകുകയും റോമിലെ സമയം രാവിലെ ഏതാണ്ട് 09.50-ന്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.20 ന്, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിനുശേഷം വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

5 പിലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ ചെന്ന് അവിടെയുള്ളവരോട് ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.6 പിലീപ്പോസിന്‍റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞ കാര്യങ്ങള്‍ ഏകമനസ്സോടെ ശ്രദ്ധിച്ചു.7 എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട്, ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട്, പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്മാരും സുഖം പ്രാപിച്ചു.8 അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി. “(അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 8:5-8)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ അപ്പസ്തോലപ്രവര്‍ത്തനങ്ങളെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്ന തന്‍റെ മുഖ്യ പ്രഭാഷണത്തില്‍ പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം‌
സ്തെഫാനോസിന്‍റെ രക്തസാക്ഷിത്വത്തിനുശേഷം ദൈവവചനത്തിന്‍റെ പ്രയാണം ഏതാണ്ട് ഒരു സ്തംഭനാവസ്ഥയിലായതു പോലൊരു പ്രതീതിയുളവായി. കാരണം “ജറുസലേമിലെ സഭയ്ക്കെതിരായി ആരംഭിച്ച വലിയ പീഢനം” (അപ്പസ്തോല പ്രവര്‍ത്തനം 8,1) ആയിരുന്നു. ഈ പീഢനവേളയില്‍ അപ്പസ്തോലന്മാര്‍ ജറുസലേമില്‍ തന്നെ നിലകൊണ്ടു, എന്നാല്‍ അനേകം ക്രൈസ്തവര്‍ യൂദയായിലെയും സമറിയായിലെയും പലയിടങ്ങളിലേ‍ക്ക് ചിതറിപ്പോയി.
“അവര്‍ എന്നെ പീഢിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഢിപ്പിക്കും എന്ന് യേശു പറഞ്ഞതുപോലെ തന്നെ, പീഢനം ശിഷ്യന്മാരുടെ ജീവിതത്തിന്‍റെ സ്ഥായിയായ ഒരു അവസ്ഥയായി അപ്പസ്തോലപ്രവര്‍ത്തനത്തില്‍ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഈ പിഢനം സുവിശേഷാഗ്നിയെ കെടുത്തുകയല്ല, പ്രത്യുത, പൂര്‍വ്വാധികം ജ്വലിപ്പിക്കുകയാണു ചെയ്തത്.
ശുശ്രൂഷകനായ പിലിപ്പോസ് എന്താണ് ചെയ്തതെന്ന് നാം ശ്രവിക്കുകയുണ്ടായി. അദ്ദേഹം സമറിയായില്‍ സുവിശേഷം പ്രഘോഷിക്കാന്‍ തുടങ്ങുന്നു. വചനം പ്രഘോഷിക്കപ്പെട്ടതിന്‍റെ ഫലമായി അനേകര്‍ അശുദ്ധാത്മാക്കളില്‍ നിന്ന് മോചിതരാകുകയും രോഗസൗഖ്യം നേടുകയും ചെയ്തു. ഇവിടെ പരിശുദ്ധാരൂപി സുവിശേഷയാത്രയുടെ പുതിയൊരു ഘട്ടത്തിന് തുടക്കമിടുന്നു. ദൈവത്തിനായി ഹൃദയം തുറന്നിട്ട ഒരു പരദേശിയുടെ പക്കലേക്ക് പോകാന്‍ പരിശുദ്ധാരൂപി പിലിപ്പോസിനെ പ്രേരിപ്പിക്കുന്നു. അവന്‍ എഴുന്നേറ്റ് ഉത്സാഹത്തോടെ പുറപ്പെടുന്നു. അപകടകരവും വിജനവുമായ ഒരു പാതയിലൂടെയായിരുന്നു യാത്ര. എത്യോപ്യയിലെ രാജ്ഞിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥനെ, ഭണ്ഡാരവിചാരിപ്പുകാരനെ പിലിപ്പോസ് കണ്ടുമുട്ടുന്നു. ഷണ്ഡനായ ആ മനുഷ്യന്‍ ജറുസലേമില്‍ ആരാധന കഴിഞ്ഞ് സ്വന്തം നാട്ടിലേക്കു തിരിച്ചു പോകുകയായിരുന്നു. അയാള്‍ രഥത്തിലിരുന്നു ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ “കര്‍ത്താവിന്‍റ ദാസനെ”പ്പറ്റി പരാമര്‍ശിക്കുന്ന ഭാഗം വായിച്ചുകൊണ്ടിരുന്നു. ആ രഥത്തിനടുത്തെത്തിയ പിലിപ്പോസ് ഷണ്ഡനോടു ചോദിച്ചു “ നീ വായിക്കുന്നത് ആരെക്കുറിച്ചാണെന്ന് അറിയാമോ?” ഷണ്ഡന്‍ പ്രതിവചിച്ചു: “ആരും പറഞ്ഞുതന്നില്ലെങ്കില്‍ എനിക്കെങ്ങനെ അത് അറിയാന്‍ സാധിക്കും?” ദൈവവചനം മനസ്സിലാക്കാന്‍ സഹായം ആവശ്യമാണെന്ന് ശക്തനായ ആ മനുഷ്യന്‍ തിരിച്ചറിയുന്നു. ആ മനുഷ്യന്‍ ധനമന്ത്രിയായിരുന്നു, പണത്തിന്‍റെ ശക്തിയുണ്ടായിരുന്നു, എന്നിരുന്നാലും വിശദീകരണമില്ലെങ്കില്‍ ദൈവവചനം മനസ്സിലാക്കാന്‍ ആവില്ലെന്ന് തിരിച്ചറിയത്തക്കവിധം എളിമയുള്ളവനും ആയിരുന്നു.
തിരുലിഖിതം വായിച്ചാല്‍ മാത്രം പോരാ, അതിന്‍റെ പൊരുള്‍ മനസ്സിലാക്കണം, പുറന്തോടിനെ ഭേദിച്ച് അതിന്‍റെ സത്ത് കണ്ടെത്തണം, അക്ഷരങ്ങളെ ജീവസുറ്റതാക്കുന്ന ആത്മാവിനെ കണ്ടെത്തണം എന്നാണ് പിലിപ്പോസും എത്യോപ്യക്കാരനായ ആ മനുഷ്യനും തമ്മിലുള്ള സംഭാഷണം നമ്മെ പഠിപ്പിക്കുന്നത്.
ആകയാല്‍ എത്യോപ്യക്കാരന്‍ വായിച്ച തിരുവചനഭാഗം സൂചിപ്പിക്കുന്നത് ആരെയാണ്? പലിപ്പോസ് അത് വിശദീകരിച്ചുകൊടുക്കുന്നു. തിന്മയെ തിന്മകൊണ്ട് പ്രതികരിക്കാത്തവനായ “സഹനദാസന്‍” ആണ് അത്. പരാജിതനും ഫലം പുറപ്പെവിക്കാത്തവനുമായി കണക്കാക്കപ്പെടുകയും അവസാനം വധിക്കപ്പെടുകയും ചെയ്തവന്‍. എന്നാല്‍ ജനങ്ങളെ അനീതിയില്‍ നിന്ന് മോചിപ്പിക്കുകയും ദൈവത്തിനായി ഫലം പുറപ്പെടുവിക്കുകയും ചെയ്ത ആ ക്രിസ്തുവിനെയാണ് പിലിപ്പോസും ആകമാനസഭയും പ്രഘോഷിക്കുന്നത്. തന്‍റെ പെസാഹായിലൂടെ അവിടന്ന് നമ്മെ വീണ്ടെടുത്തു. അവസാനം ആ എത്യോപ്യക്കാരന്‍ ക്രിസ്തുവിനെ തിരിച്ചറിയുകയും മാമ്മോദീസാ സ്വീകരിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്യുന്നു.
എത്യോപ്യക്കാരനെ ഉത്ഥിതനുമായി കൂടിക്കാഴ്ചനടത്താന്‍ ഇടയാക്കിയതിനു ശേഷം പിലിപ്പോസ് അപ്രത്യക്ഷനാകുന്നു. ആത്മാവ് പിലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോകുകയും മറ്റൊരു ദൗത്യത്തിനായി അയയ്ക്കുകയും ചെയ്യുന്നു. സുവിശേഷവത്ക്കരണപ്രക്രിയയില്‍ നായകന്‍ പരിശുദ്ധാരൂപിയാണെന്നു ഞാന്‍ സൂചിപ്പിച്ചു. നീ ക്രിസ്ത്യാനിയും സുവിശേഷം പ്രഘോഷിക്കുന്ന വ്യക്തിയും ആയിരിക്കുന്നതിന്‍റെ അടയാളം എന്താണ്?. അത് ആനന്ദമാണ്, നിണസാക്ഷിത്വത്തിലും അടങ്ങിയിരിക്കുന്ന ആനന്ദം. പിലിപ്പോസ് സന്തോഷത്താല്‍ നിറഞ്ഞവനായി സുവിശേഷം പ്രഘോഷിക്കാന്‍ മറ്റൊരിടത്തേക്ക് പോകുന്നു.
മറ്റുള്ളവരെ തങ്ങളിലേക്കല്ല, മറിച്ച്, ക്രിസ്തുവിലേക്ക് ആകര്‍ഷിക്കുന്ന സുവിശേഷപ്രഘോഷകാരാക്കി, ജ്ഞാനസ്നാനം സ്വീകരിച്ച സ്ത്രീപുരുഷന്മാരെ പരിശുദ്ധാരൂപി മാറ്റട്ടെ. അവരെ, ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന് വേദിയൊരുക്കാനും മറ്റുള്ളവരെ സ്വതന്ത്രരാക്കാനും കര്‍ത്താവിന്‍റെ മുന്നില്‍ ഉത്തരവാദിത്വമുള്ളവരാകാനും കഴിവുള്ളവരാക്കിത്തീര്‍ക്കട്ടെ. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഒക്ടോബര്‍ രണ്ടിന്, നമ്മു‌ടെ രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തോടനുബന്ധിച്ച് വത്തിക്കാനില്‍ മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തില്‍ സംബന്ധിച്ചവരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.
പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ ഒക്ടോബര്‍ 2-ന് കാവല്‍മാലാഖമാരുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും ദൈവസ്നേഹത്തില്‍ നവീകൃതമായ ഒരു ലോകത്തിനുവേണ്ടി ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യാന്‍ ഈ മാലാഖമാര്‍ സഹായിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

തദ്ദനന്തരം, പാപ്പാ, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

admin

Leave a Reply

Your email address will not be published. Required fields are marked *