ഗാന്ധിജയന്തി വത്തിക്കാനില്‍ ആചരിച്ചു

 ഗാന്ധിജയന്തി വത്തിക്കാനില്‍ ആചരിച്ചു

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150-Ɔο പിറന്നാള്‍ വത്തിക്കാന്‍ അനുസ്മരിച്ചു.

 

– ഫാദര്‍ വില്യം നെല്ലിക്കല്‍

ഏകദിന സമാധാന സംഗമം
ഒക്ടോബര്‍ 2-Ɔο തിയതി ബുധനാഴ്ച ഭാരതമക്കള്‍ ആചരിച്ച ഗാന്ധിജയന്തി ഒക്ടോബര്‍ 1-ന് ചൊവ്വാഴ്ച വത്തിക്കാന്‍റെ മതാന്തര സംവാദങ്ങള്‍ക്കായുള്ള കൗണ്‍സില്‍ (Pontifical Council for Interreligious Dialogue) സംഘടിപ്പിച്ച ഏകദിന സമാധാന സംഗമത്തിലാണ് പ്രത്യേകമായി അനുസ്മരിക്കപ്പെട്ടത്. സാമൂഹികനീതിക്കും സമാധാനത്തിനുമായി അഹിംസയുടെ മാര്‍ഗ്ഗത്തില്‍ പോരാടിയ ഭാരതത്തിന്‍റെ രാഷ്ട്രപിതാവിനെ വത്തിക്കാനിലെ സംഗമം നിറസദസ്സോടെ ആദരിച്ചു. ഇന്ത്യയുടെ വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍ (Non resident), സിബി ജോര്‍ജ്ജ് സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. 

ഗാന്ധിജിയുടെ അഹിംസയും സഹോദരസ്നേഹവും
“ലോക സമാധാനത്തിന് അഹിംസയും സഹോദരസ്നേഹവും” എന്ന പ്രമേയവുമായി ചേര്‍ന്ന സമ്മേളനത്തില്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, നിയുക്ത കര്‍ദ്ദിനാള്‍ ആര്‍ച്ചുബിഷപ്പ് മനിഗുവേല്‍ എയ്ഞ്ചല്‍ ഗ്വിക്സോട്ട് അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യയുടെ അംബാസിഡര്‍ പങ്കുവച്ച ഗാന്ധിയന്‍ ചിന്തകള്‍
മഹാത്മാഗാന്ധിയുടെ പ്രബോധനങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ സ്ഥാനപതി സിബി ജോര്‍ജ്ജ് പ്രസ്താവിച്ചു. ഗാന്ധിജിയുടെ ജന്മനാളില്‍ യുഎന്‍ ആചരിക്കുന്ന ആഗോള അഹിംസാദിനം അദ്ദേഹത്തി്ന്‍റെ  വിശ്വശാന്തിയുടെ പ്രബോധനങ്ങള്‍ക്ക് സാക്ഷ്യമാണ്. അതിക്രമങ്ങള്‍ക്കും കൂട്ടക്കുരുതിക്കും എതിരെ ഇന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു  പ്രോബോധിപ്പിക്കുന്ന കാരുണ്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ചിന്തകളില്‍  ഗാന്ധിജിയുടെ  ആദര്‍ശങ്ങളുടെ അലയടി മുഴങ്ങി കേള്‍ക്കാമെന്നും, ലോകത്ത് സാഹോദര്യവും സമാധാനവും വളര്‍ത്തുന്നതില്‍  ഇന്നും ജനതകള്‍ക്ക് മഹാത്മ പ്രചോദനമാണെന്നും സിബി ജോര്‍ജ്ജ് തന്‍റെ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

പാവങ്ങളെ തുണയ്ക്കുന്ന ഗാന്ധിയന്‍ മാനദണ്ഡം
സാമൂഹ്യപ്രതിസന്ധികളില്‍ രക്ഷാകവചമാകേണ്ട ചിന്ത – അന്തിമ തീരുമാനം സമൂഹത്തിലെ പാവങ്ങള്‍ക്ക് ഉപകാരപ്രദമാകുമോ എന്നായിരിക്കണം.  ഇത് പാവങ്ങളെ തുണയ്ക്കുവാന്‍ ഗാന്ധിജി എവിടെയും ഉപയോഗിച്ച സാമൂഹിക മാനദണ്ഡമായിരുന്നു.  കൂടിയേറ്റത്തിന്‍റെയും ആഗോളവത്ക്കരണത്തിന്‍റെയും ഇന്നത്തെ  സാമൂഹ്യരാഷ്ട്രീയ സാചര്യങ്ങളില്‍ ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെ പിന്‍തുണയ്ക്കാന്‍  കൂടുതല്‍ പ്രസക്തവുമാണ് ഈ അളവുകോലെന്നും അദ്ദേഹം സമര്‍ത്ഥിച്ചു.

വാസുദേവ കുടുംബമാണു ഭൂമി
ഇന്നും പ്രസക്തമാകുന്ന ചിന്തയാണ് മഹാത്മാജീയുടെ “വാസുദേവ കുടുംബം”. പൊതുഭവനമായ ഭൂമിയെന്നും, ദൈവത്തിന്‍റെ ഭവനമായ വീടെന്നും എവിടെയും ആവര്‍ത്തിക്കപ്പെടുന്ന ഭൂമിയെക്കുറിച്ചുള്ള ശാന്തിസ്വപ്നം ആ പുണ്യാത്മാവ് എന്നും  മനസ്സിലേറ്റിയിരുന്നെന്ന് സ്വിറ്റ്സര്‍ലണ്ടിലേയ്ക്കുമുള്ള ഇന്ത്യയുടെ അംബാസിഡര്‍ കൂടിയായ (resident)  സിബി ജോര്‍ജ്ജ് പ്രസ്താവിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *