ജീവിതം ഒരു ദൗത്യമാണ്! ചുമടല്ല!!
പാപ്പാ ഫ്രാന്‍സിസിന്‍റെ മിഷന്‍ ഞായര്‍ വചന വിചിന്തനത്തിന്‍റെ പരിഭാഷ :
പരിഭാഷ – ഫാദര്‍ വില്യം നെല്ലിക്കല്‍
1. മലയും – കയറ്റവും – എല്ലാവരും
മൂന്ന് പ്രതീകാത്മക വാക്കുകള്‍
ഒക്ടോബര്‍ 20-Ɔο തിയതി, ഞായറാഴ്ച രാവിലെ മിഷന്‍ ഞായര്‍ പ്രമാണിച്ച് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മല, കയറുക, സകലതും – എന്നിങ്ങനെ തിരുവചനത്തില്‍ ക്രിസ്തു ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്ന നാമം, ക്രിയ, ഒരു നാമവിശേഷണം… എന്നിങ്ങനെ മൂന്നു വാക്കുകളെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ വിസ്തരിച്ചത്.
2. മലയിലെ ദൈവിക സാന്നിദ്ധ്യം
ജനതകള്‍ സംഗമിക്കുന്ന “മല”യാണ് ആദ്യം പ്രതിപാദ്യ വിഷയമാക്കിയ നാമം. സുവിശേഷത്തില്‍ വീണ്ടും ഉത്ഥാനാന്തരം ക്രിസ്തു തന്‍റെ ശിഷ്യന്മാരോടു കൂടിക്കാഴ്ചയ്ക്ക് ഒത്തുചേരാനുള്ള ഗലീലിയയെക്കുറിച്ചു സംസാരിക്കുന്നു. ഗലീലിയ വിവിധ രാജ്യക്കാരും വംശജരും വസിക്കുന്ന ഇടമാണ്. അതിനെ വിജാതീയരുടെ പട്ടണമെന്നും വിളിക്കാറുണ്ട് (മത്തായി 4, 15). ഇതില്‍നിന്നും മനസ്സിലാക്കാം മനുഷ്യരുമായി ഇടപഴകുന്നതിന് ദൈവത്തിന‍് പ്രിയങ്കരമായ സ്ഥാനമാണ് മലകള്‍. അവ ദൈവിക സാന്നിദ്ധ്യത്തിന്‍റെയും സാമീപ്യത്തിന്‍റെയും ഇടങ്ങളാണ്. മനുഷ്യകുലവുമായുള്ള ദൈവത്തിന്‍റെ സംഗമസ്ഥാനങ്ങളില്‍ സീനാമലയും, കര്‍മ്മലമലയും, ക്രിസ്തു അഷ്ടഭാഗ്യങ്ങള്‍ ഉച്ചരിച്ച കൊറാസീന്‍ മലയും, രൂപാന്തരപ്പെട്ട താബോര്‍മലയും, കുരിശിലേറിയ കാല്‍വരിമലയും, സ്വര്‍ഗ്ഗാരോഹണംചെയ്ത ഒലിവുമലയുമെല്ലാം ഇന്നും മാനവകുലത്തിന് പുണ്യസ്ഥാനങ്ങളാണ്. ഒലിവുമല ദൈവമനുഷ്യ ബന്ധത്തിന്‍റെ കൂടിക്കാഴ്ചകള്‍ നടന്ന സ്ഥാനമാണ്. അവിടെ സ്വര്‍ഗ്ഗവും ഭൂമിയും സന്ധിക്കാനും, ദൈവമനുഷ്യബന്ധം ഊട്ടിയുറപ്പിക്കാനും ക്രിസ്തു പ്രാര്‍ത്ഥനയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചിട്ടുണ്ടെന്ന് സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
3. എന്താണ് മല നമ്മോടു പറയുന്നത്?
ദൈവത്തോടും സഹോദരങ്ങളോടും ഒരുപോലെ അടുത്തു ജീവിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തില്‍ നാം സൃഷ്ടിക്കുന്ന കിംവദന്തികളും, പിറുപിറുക്കലും ഒഴിവാക്കി പ്രാര്‍ത്ഥനയിലും നിശ്ശബ്ദതയിലും അത്യുന്നതനായ ദൈവത്തിലേയ്ക്കു തിരിയുവാനും അടുക്കുവാനും മലകള്‍ നമ്മെ പ്രചോദിപ്പിക്കുന്നു. മലമുകളിലായിരിക്കുമ്പോള്‍ മറ്റുള്ളവരെ നാം വ്യത്യസ്തമായൊരു വീക്ഷണകോണിലാണ് കാണുന്നത്. എല്ലാവരെയും ഒരുപോലെ കാണുകയും തന്നിലേയ്ക്കു വിളിക്കുകയും ചെയ്യുന്ന ദൈവത്തിന്‍റെ കാഴ്ചപ്പാടായിരിക്കും അത്. മുകളില്‍നിന്നും മറ്റുള്ളവരെ ഒരു സമൂഹമായി കാണാന്‍ സാധിക്കും. അത് എല്ലാം നന്നായി കാണുന്ന സമഗ്രമായൊരു കാഴ്ചപ്പാടാണ്.
മല നമ്മെ ഓര്‍പ്പിക്കുന്നത്, സഹോദരങ്ങളെ നാം വേറിട്ടു കാണേണ്ടതല്ല, മറിച്ച് അവരെയെല്ലാം – സകലരെയും നാം ഒന്നായും സഹോദരങ്ങളായും കാണുകയും ആശ്ലേഷിക്കുകയും ചെയ്യേണ്ടതാണ്. അത് പ്രാര്‍ത്ഥനയിലുള്ള ഏക ആശ്ലേഷമാണ്. മല നമ്മെ ക്ഷണികമായ ഭൗതിക വസ്തുക്കളില്‍നിന്ന് അകറ്റിനിര്‍ത്തുകയും സാക്ഷാത്തായതും ആവശ്യമായവയിലേയ്ക്കും തിരിയാന്‍ സഹായിക്കുകയും ചെയ്യുന്നു. അസാധാരണ പ്രേഷിതമാസത്തില്‍ നമുക്ക് ജീവിതത്തില്‍ വിലപ്പെട്ടതെന്താണെന്ന് അന്വേഷിക്കാം. പിന്നെ ഏതു മലയിലേയ്ക്കാണ് ഞാന്‍ കയറേണ്ടതെന്നും ആത്മപരിശോധന ചെയ്യാം.
4. അടുത്തത് മലകയറ്റം
മലയോടു ചേര്‍ന്നുവരുന്ന ക്രിയയാണ് “കയറുക…”. ഇതാണ് രണ്ടാമത്തെ ധ്യാനം. ഏശയ പ്രവാചകന്‍ ഇന്ന് ഉദ്ബോധിപ്പിക്കുന്നത്, വരൂ! നമുക്ക് കര്‍ത്താവിന്‍റെ മലയിലേയ്ക്കു പോകാം, എന്നാണ് (2, 3). നാം താഴ്ന്നു കിടക്കേണ്ടവരല്ല. ഉയര്‍ന്ന് കര്‍ത്താവിന്‍റെ മല കയറാന്‍ വിളിക്കപ്പെട്ടവരാണ്. അങ്ങനെ ദൈവവുമായും സഹോദരങ്ങളുമായും ഐക്യപ്പെടാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. തിരശ്ചീനമായത് ഉപേക്ഷിച്ച് ലംബമാനമായതിലേയ്ക്കു തിരിയാനും, സ്വാര്‍ത്ഥതയുടെ ആകര്‍ഷണശക്തിയെ ഉപേക്ഷിച്ച് ദൈവിക വാഗ്ദാനങ്ങളിലേയ്ക്കു ഒരു പുറപ്പാടു നടത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നു. മല കയറാന്‍ അദ്ധ്വാനം ആവശ്യമാണ്. എന്നാല്‍ മുകളിലെത്തുമ്പോള്‍ നാം മനോഹരമായ കാഴ്ചയാണ് കാണുന്നത്. കയറ്റത്തിന്‍റെ ക്ലേശപൂര്‍ണ്ണമായ വഴി കടക്കാതെ ആ മനോഹാരിത ദര്‍ശിക്കാന്‍ ഒരിക്കലുമാവില്ല.
5. ചുമലിലെ ഭാരവും ക്ലേശകരമായ കയറ്റവും
ചുമലില്‍ ഭാരമുണ്ടെങ്കിലും മല കയറുക ക്ലേശകരമായിരിക്കും. ആവശ്യമില്ലാത്ത സാധനങ്ങള്‍ നാം പാടെ ഉപേക്ഷിക്കണം. ഇത് ജീവിത ദൗത്യത്തിന്‍റെ രഹസ്യം കൂടിയാണ്. മുകളിലേയ്ക്കു കയറാന്‍ ചിലകാര്യങ്ങള്‍ നാം താഴെ ഇറക്കിവയ്ക്കുകയും, ഉപേക്ഷിക്കുകയും വേണം. അതിനാല്‍ ദൈവികസാന്നിദ്ധ്യത്തില്‍ എത്തിച്ചേരാനും, ആ നന്മ പ്രഘോഷിക്കാനു ആദ്യം നാം പരിത്യാഗം ചെയ്യണം. വിശ്വാസ്യമായൊരു പ്രഖ്യാപനം വാക്കുകളില്‍ ഒതുക്കാവുന്നതല്ല, അത് ജീവിക്കേണ്ടതും ജീവിത മാതൃകയില്‍ പ്രകടമാക്കേണ്ടതുമാണ്. നമ്മുടെ ഹൃദയവിശാലതയെ ചുരുക്കിക്കളയുകയും, നമ്മെ നിസ്സംഗരാക്കുകയും, സ്വാര്‍ത്ഥമാക്കുകയും ചെയ്യുന്ന ജീവിതരീതി ഉപേക്ഷിച്ച് ദൈവത്തിനായും സഹോദരങ്ങള്‍ക്കായും പ്രവര്‍ത്തിക്കാനും നന്മചെയ്യാനും ഈ കയറ്റം പ്രാപ്തരാക്കും. മല കയറാന്‍ എത്രത്തോളം പരിശ്രമിക്കുന്നുണ്ടെന്നു നാം വിലയിരുത്തേണ്ടതാണ്. ലൗകായത്വത്തിന്‍റെ ഉപയോഗശൂന്യമായ ഭാണ്ഡക്കെട്ട് ഉപേക്ഷിച്ചാല്‍ കര്‍ത്താവിന്‍റെ മല എനിക്ക് എളുപ്പം കയറുവാന്‍ സാധിക്കും.
6. മൂന്നാമത്തെ ചിന്ത “എല്ലാം”
എന്ന നാമവിശേഷണത്തെക്കുറിച്ച്
ആദ്യം പറഞ്ഞ രണ്ടു വാക്കുകളെക്കാള്‍ ഏറെ പ്രധാനപ്പെട്ടതാണ് ഈ നാമവിശേഷം – എല്ലാം! ഇന്നത്തെ വായനകളില്‍ ഇത് സാധാരണമാണ്. എല്ലാ ജനതകളും (ഏശയ്യ 2, 2), അല്ലെങ്കില്‍ സകല ജനങ്ങളും രക്ഷ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്
7. സങ്കുചിതമായ വംശീയ ചിന്തകള്‍
സാധാരണ നാം ഉപയോഗിക്കുന്നത് എന്‍റെ, ഞങ്ങളുടെ, ഞങ്ങളുടെ സമൂഹം, ഞങ്ങളുടെ സമുദായം എന്നിങ്ങനെയുള്ള വാക്കുകളാണ്. അതിനു കാരണം അവിടുത്തെ ഹൃദയത്തില്‍നിന്നും രക്ഷയില്‍നിന്നും ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. അതുപോലെ നമ്മുടെ ഹൃദയങ്ങളും ദൈവത്തിന് ഇഷ്ടമില്ലാത്ത സ്വാര്‍ത്ഥതയുടെയും വംശീയതയുടെയും വര്‍ഗ്ഗീയതയുടെയും മാനുഷികമായ പരിമിതികള്‍ക്കും അപ്പുറം കടക്കണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്. എല്ലാവരും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വിലപ്പെട്ടവരാണ് – മുത്തുകളും പവിഴങ്ങളുണ്. ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താനാകുന്നത് നാം മറ്റുള്ളവര്‍ക്കായി വിലപ്പെട്ട മുത്തുപോലെ ജീവിക്കുമ്പോഴാണ്. കര്‍ത്താവിന്‍റെ മലയില്‍, സന്നിധിയില്‍ പ്രാര്‍ത്ഥിക്കാനും, പിന്നെ അവിടെനിന്നും ഇറങ്ങിവന്ന് സകലര്‍ക്കും നമ്മുടെ ജീവിതം ദാനമാകുന്നതുപോലെ ജീവിക്കുവാനുമാണ്.
8. കയറ്റവും ഇറക്കവും
ക്രൈസ്തവന്‍റെ ജീവിതം അതിനാല്‍ പരോന്മുഖമായൊരു കയറ്റവും ഇറക്കവുമുണ്ട്. നിങ്ങള്‍ പോവുക! എന്നത് സുവിശേഷത്തില്‍ ക്രിസ്തു ആഹ്വാനംചെയ്യുന്നൊരു കല്പനയാണ്. ധാരാളംപേരെ ഓരോ ദിവസവും നാം കണ്ടുമുട്ടുന്നു. എന്നാല്‍ അവരുമായി നാം ആത്മാര്‍ത്ഥമായി കൂടിക്കാഴ്ച നടത്താറുണ്ടോ? ക്രിസ്തുവിന്‍റെ ആഹ്വാനം നാം ഉള്‍ക്കൊള്ളുന്നുണ്ടോ? അതോ, വെറും കടമ കഴിക്കുകയാണോ? എല്ലാവരും മറ്റുള്ളവരില്‍നിന്നും പലതും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഒരു ക്രൈസ്തവനോ മറ്റുള്ളവരിലേയ്ക്കു പോകാന്‍ തയ്യാറാകുന്നവനാണ്. ക്രിസ്തുവിനു സാക്ഷ്യംവഹിക്കുക, എന്നാല്‍ ധാരാളം പ്രശംസ കിട്ടുന്ന കാര്യമല്ല. കാരണം, ക്രിസ്തുവിനെ അറിയാത്തവരെയും ഇഷ്ടപ്പെടാത്തവരെയും സ്നേഹിക്കുന്നതാണ് ക്രിസ്തു-സാക്ഷ്യം. യഥാര്‍ത്ഥ ക്രിസ്തു സാക്ഷികള്‍ തങ്ങളുടെ ചെറിയ ചുറ്റുവട്ടവും അയല്‍പ്പക്കവും വിട്ട് അന്യരിലേയ്ക്ക് ഇറങ്ങി പുറപ്പെടുന്നു. ക്രിസ്തു അവശ്യപ്പെടുന്നത് അതാണ്, പോയി… നിങ്ങള്‍ എന്‍റെ സാക്ഷികളാകുവാന്‍..! മറ്റുള്ളവരിലേയ്ക്ക് ഇറങ്ങി പുറപ്പെടാന്‍ അവിടുന്ന് ആവശ്യപ്പെടുന്നു! നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലൂടെ തനിമയാര്‍ന്നൊരു ജീവിത സാക്ഷ്യം ക്രിസ്തു പ്രതീക്ഷിക്കുന്നുണ്ട്. ആ തനിമയാര്‍ന്ന ദൗത്യത്തില്‍ നാം പരാജിതരാകാതിരിക്കട്ടെ! (ആഹ്ലാദിച്ചാനന്ദിക്കാം 24).
9. ശിഷ്യത്വം കീഴ്പ്പെടുത്തലല്ല!
മറ്റുള്ളവരിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാന്‍ സഹായകമാകുന്ന നിര്‍ദ്ദേശങ്ങള്‍ ക്രിസ്തു നല്കുന്നുണ്ട്. അത്… നിങ്ങള്‍ പോയി ശിഷ്യപ്പെടുത്തുക! എന്നാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ടൊരു കാര്യം ആരെയും നമ്മുടെ ശിഷ്യരാക്കാനല്ല, മറിച്ച് ക്രിസ്തുവിന്‍റെ ശിഷ്യരാക്കാനാണ്. ഗുരുവിനെ അനുദിനം അനുഗമിക്കുന്നവനാണ് ശിഷ്യന്‍. മാത്രമല്ല, ശിഷ്യത്വത്തിന്‍റെ സന്തോഷം അവര്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു. ശിഷ്യത്വം കീഴ്പ്പെടുത്തലോ, കല്പിക്കലോ, മതപരിവര്‍ത്തനംചെയ്യലോ അല്ല. അത് സാക്ഷ്യമാകുന്നതും, എളിമയോടെ നാം സ്വീകരിച്ചിട്ടുള്ള ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതുമാണ്.
10. ക്രിസ്തു-ശിഷ്യത്വത്തിന്‍റെ ഇത്തിരിവെട്ടം
ലോകത്തിന്‍റെ ഈ പുകപടലത്തില്‍ അല്ലെങ്കില്‍ മലിനീകരണത്തില്‍ മുങ്ങിയിരിക്കന്നവര്‍ക്ക് ദൈവസ്നേഹത്തിന്‍റെ ശുദ്ധവും ശീതളവുമായ വായു ലഭ്യമാക്കുന്ന ദൗത്യമാണ് ക്രിസ്തുസാക്ഷ്യം, ക്രിസ്തുശിഷ്യത്വം! ക്രിസ്തുവിന്‍റെ ആത്മീയ മലയില്‍നിന്നും ലഭിക്കുന്ന സ്നേഹവും സമാധാനവും താഴെ ഭൂമിയില്‍ സഹോദരങ്ങളുമായി പങ്കുവയ്ക്കുകയാണ് നമ്മുടെ ദൗത്യം. ദൈവം എല്ലാവരെയും സ്നേഹിക്കുന്നെന്നും, അവിടുന്ന് ഒരിക്കലും ആരെയും തള്ളിക്കളയുകയോ വെറുക്കുകയോ ചെയ്യുന്നില്ലെന്നും നമ്മുടെ വാക്കുകളില്‍നിന്നും പ്രവൃത്തികളില്‍നിന്നും മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ സാധിക്കുന്നതാണ് ക്രിസ്തുസാക്ഷ്യം.
11. ജീവിതം ഒരു ദൗത്യം – അതു ചുമടല്ല!
ഓരോരുത്തര്‍ക്കും ഈ “ഭൂമിയില്‍ ഒരു ദൗത്യമുണ്ട്”. നമ്മുടെ ജീവിതങ്ങള്‍ സാക്ഷ്യാമാകാനും, മറ്റുളളവരെ സമാശ്വസിപ്പിക്കാനും, അവരെ കൈപിടിച്ചുയര്‍ത്താനും, ക്രിസ്തുവിന്‍റെ മനോഹാരിതയും സ്നേഹവും പ്രതിഫലിപ്പിക്കാനുമുള്ളതാണ്. ധൈര്യം അവലംബിക്കുക! നമ്മില്‍നിന്നും ക്രിസ്തു ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നുണ്ട്. തങ്ങള്‍ ദൈവപിതാവിന്‍റെ മക്കളാണെന്ന് ഇനിയും അറിയാത്തവരെക്കുറിച്ച് ക്രിസ്തു “ആകുലപ്പെടുന്നുണ്ട്”, കാരണം അവര്‍ക്കുവേണ്ടിക്കൂടിയാണ് അവിടുന്നു ജീവന്‍ സമര്‍പ്പിച്ചതും, തന്‍റെ പരിശുദ്ധാത്മാവിനെ നല്കിയതും. ക്രിസ്തുവിന്‍റെ ഈ ദാഹം, ആത്മീയദാഹം ശമിപ്പിക്കാന്‍ നമുക്കാവുമോ? എങ്കില്‍ ആ ദിവ്യസ്നേഹം മറ്റുള്ളവര്‍ക്കും, സകലര്‍ക്കുമായി കാണിച്ചുകൊടുക്കാം! കാരണം ജീവിതം വിലപ്പെട്ട ദൗത്യമാണ്. അത് ചുമക്കാനുള്ള ചുമടല്ല, പങ്കുവയ്ക്കാനുള്ള സമ്മാനവും ദാനവുമാണ്. ധൈര്യം അവലംബിക്കാം, ഭയപ്പെടാതെ മുന്നേറാം, മുന്നോട്ട്, മുന്നോട്ടുതന്നെ ചരിക്കാം!