ഭൂമി നമ്മുടെ അമ്മ” – പാപ്പാ ഫ്രാന്‍സിസിന്‍റെ പുതിയ പുസ്തകം
– ഫാദര്‍ വില്യം നെല്ലിക്കല്‍
വത്തിക്കാന്‍റെ മുദ്രണാലയം ഒക്ടോബര്‍ 24-ന് “ഭൂമി നമ്മുടെ അമ്മ,” പാപ്പായുടെ പുസ്തകം പ്രകാശനംചെയ്യും.
ഭൂമിയുടെ വിനാശ കാരണം സ്നേഹമില്ലായ്മ
ഭൂമി ദൈവത്തിന്‍റെ ദാനമാണ്. അത് ആര്‍ത്തിയോടെ സ്വാര്‍ത്ഥതയില്‍ ഉപയോഗിച്ച് നശിപ്പിച്ചതിന് ദൈവത്തോടും മാപ്പപേക്ഷിക്കണം. എല്ലാം വെട്ടിപ്പിടിക്കുന്ന വളരെ ശക്തമായ സ്വാര്‍ത്ഥതയുടെ സംസ്കാരമാണ് ലോകത്തിന്നു കാണുന്നത്. ദൈവത്തിന്‍റെ സൃഷ്ടിയായ ലോകത്ത് എല്ലാം സ്നേഹത്തില്‍ ബന്ധിതമാകയാല്‍ സ്നേഹമില്ലായ്മയാണ് ഇന്നത്തെ വലിയ തിന്മ. സ്നേഹമില്ലായ്മ പാപമാണ്. ഇന്ന് ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനവും അതുമായ ബന്ധപ്പെട്ട പ്രകൃതിയിലെ കെടുതികളെല്ലാമും പരിസ്ഥിതിയോടും അതില്‍ വസിക്കുന്ന മനുഷ്യരോടുമുള്ള സ്നേഹിമല്ലായ്മയുടെ പ്രത്യാഘാതങ്ങളാണ്. മനുഷ്യന്‍റെ രോഗാതുരമായ അവസ്ഥയാണിത്. മാനവികവും പാരിസ്ഥിതികവുമായ അസന്തുലിതാവസ്ഥ ഇന്ന് എവിടെയും സൃഷ്ടിക്കുന്നത് ഈ അവസ്ഥതന്നെ.
വര്‍ദ്ധിച്ചുവരുന്ന സമൂഹിക തിന്മകള്‍
അന്തരീക്ഷമലിനീകരണം, കാലാവസ്ഥ വ്യതിയാനം, മരുവത്ക്കരണം, പാരിസ്ഥിതികമായ കാരണങ്ങളാലുള്ള കുടിയേറ്റം, ഭൂമിയുടെ ഉപായസാധ്യതകളുടെ ദുര്‍വിനയോഗം, സമുദ്രത്തിന്‍റെ അമ്ലീകരണം, ജൈവവൈവിധ്യങ്ങളുടെ വംശനാശം എന്നിവ സാമൂഹിക അസമത്വത്തിന്‍റെ അവിഭക്തമായ, അവിഭാജ്യമായ ഘടകങ്ങളാണ്. ഇവയ്ക്കൊപ്പം വര്‍ദ്ധിച്ചുവരുന്ന അധികാര കേന്ദ്രീകരണം, സമൂഹ്യക്ഷേമ സംഘടനകള്‍ എന്ന പേരില്‍ കുറച്ചുപേരുടെ കൈകളില്‍ സമൂഹത്തിന്‍റെ അധികവും സമ്പത്ത് ഒതുങ്ങുന്ന പ്രക്രിയ, ഭ്രാന്തമായ ആയുധ നിര്‍മ്മാണവും വിപണനവും, ഉപയോഗമില്ലാത്തവരെ, വിശിഷ്യ രോഗികളും പാവങ്ങളുമായവരെ സമൂഹങ്ങള്‍ വലിച്ചെറിയുന്ന “വെയിസ്റ്റ് കള്‍ച്ചര്‍”, നഗരവത്ക്കരണവും ഗ്രാമങ്ങളോടുള്ള അവജ്ഞയും, കുട്ടികള്‍ നേരിടുന്ന പീഡനം, അജാത ശിശുക്കളുടെ മരണം.. എന്നിവ ഇന്നത്തെ സമൂഹത്തിന്‍റെ വിനകളാണ്.
ആഴമായ മാറ്റത്തിന് സന്നദ്ധരാകാം!
പാരിസ്ഥിതിക പ്രതിസന്ധികള്‍ ജീവനു ഭീഷണിയായി ഉയര്‍ന്നിട്ടും ഈ പ്രതിഭാസത്തെ ഒരു ആഗോള പ്രശ്നമായി മനുഷ്യര്‍ അംഗീകരിക്കാത്ത വിധത്തില്‍ ഒരു സാമൂഹിക നിസംഗതയും ഏറെ പ്രകടമാണ്. ഒഴിച്ചുകൂടാനാവത്തതും അത്യാവശ്യവുമായ പാരിസ്ഥിതിക പ്രതിവിധികളില്‍ മാത്രം, മനുഷ്യര്‍ സംതൃപ്തരാവുകയാണ്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ ആഗോളീകമായ പരിഹാരമാര്‍ഗ്ഗം ആവശ്യപ്പെടുന്നുണ്ട്. വാക്കുകളിലും ചിന്തയിലും ശ്രേഷ്ഠമായ ഒരു ആത്മീയ നവോത്ഥാനമാണ് സമൂഹത്തിന്‍റെ പ്രഥമമായ ആവശ്യം. ഉദാഹരണത്തിന് ചുറ്റും കാണുന്ന കാലാവസ്ഥ മാറ്റത്തിന്‍റെ വെളിച്ചത്തില്‍ മനുഷ്യന്‍ തന്‍റെ ഭാവി നിലനില്പിനെക്കുറിച്ചും അസ്തിത്വത്തിന്‍റെ രഹസ്യങ്ങളെക്കുറിച്ചുമെല്ലാം ചിന്തിക്കേണ്ടതാണ്. ആഴമായ സാംസ്ക്കാരിക സാമ്പത്തിക നവീകരണത്തിനും, നീതിയുടെയും പങ്കുവയ്ക്കലിന്‍റെയും മെച്ചപ്പെട്ട അവസ്ഥയിലേയ്ക്കും, മൂല്യങ്ങളുടെ പുനരാവിഷ്ക്കരണത്തിലേയ്ക്കും സമൂഹങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഈ ആത്മീയ കാഴ്ചപ്പാട് കാരണമായേക്കാം. അങ്ങനെയെങ്കില്‍ ദൈവം ദാനമായി തന്ന ഈ പൊതുഭവനം അതിന്‍റെ മനോഹാരിതയിലും മേന്മയിലും ഭാവി തലമുറയ്ക്കായ് സംരക്ഷിക്കുവാനും, സമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും പാവങ്ങളെയും ആശ്ലേഷിക്കുവാനും ഈ തലമുറയുടെ സ്വാതന്ത്ര്യത്തിലും ഉത്തരവാദിത്വത്തിലും സാധിച്ചേക്കും.
മാറ്റത്തിനു മനം തുറക്കാം!
യഥാര്‍ത്ഥമായ ലക്ഷ്യങ്ങളില്‍നിന്നും നാം പതറിപ്പോകുന്നുണ്ടെന്നും, സാരവത്തല്ലാത്തതും, നന്മയല്ലാത്തതും അംഗീകരിക്കുകയും അവയ്ക്കു പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും മനസ്സിലാക്കാന്‍ സാധിച്ചാല്‍, പിന്നെ മാനസാന്തരത്തിന്‍റെയും മാറ്റത്തിന്‍റെയും മാര്‍ഗ്ഗമാണ് നാം അന്വേഷിക്കേണ്ടത്. അനുരഞ്ജനവും ക്ഷമയും നമ്മില്‍ ഉടനെ വളര്‍ത്തേണ്ടതുണ്ട്. എന്തിനെയും വിഭജിക്കാനും, വിധിക്കാനും ഒറ്റപ്പെടുത്താനും, ചിലപ്പോള്‍ നശിപ്പിക്കാനും ഒരുങ്ങുന്ന ഇന്നത്തെ സമൂഹത്തിന്‍റെ യുക്തിയില്‍നിന്നും 21-Ɔο നൂറ്റാണ്ടിലെ സ്ത്രീപുരുഷന്മാരോട് ജാതിമത ഭേദമില്ലാതെ സകലരിലും ആത്മാര്‍ത്ഥമായ അനുതാപവും ക്ഷമിക്കാനുള്ള സന്നദ്ധതയും താന്‍ പ്രതീക്ഷിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ ഗ്രന്ഥത്തില്‍ കുറിക്കുന്നു. ഭൂമിയോടും, സമുദ്രത്തോടും അന്തരീക്ഷത്തോടും പക്ഷിമൃഗാദികളോടും ചെയ്തിട്ടുള്ള പാതകങ്ങള്‍ ഓര്‍ത്ത് അനുതപിക്കുകയും മാറ്റങ്ങള്‍ വരുത്തുകയും വേണം. പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും കാണിച്ചിട്ടുള്ള അവഗണയ്ക്കും നാം അവരോട് ക്ഷമയാചിക്കുകയും സമൂഹത്തില്‍ എല്ലാവരേയും ആശ്ലേഷിക്കുകയും വേണം.
ഒരു വത്തിക്കന്‍ പ്രസിദ്ധീകരണം
പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് കുറിച്ച ഈ ഗ്രന്ഥത്തിലെ ഉദ്ധരണികളും ചിന്താശകലങ്ങളും ഇറ്റാലിയന്‍ ദിനപത്രം Corriere della Sera-യുടെ ഒക്ടോബര്‍ 16, ബുധനാഴ്ചത്തെ പതിപ്പില്‍ പുറത്തുവന്നതാണ്. ഭൂമിയോടും അതിലെ മനുഷ്യരോടും ജീവജാലങ്ങളോടുമുള്ള സമീപനത്തെ സംബന്ധിച്ച സവിശേഷമായ കാഴ്ചപ്പാടുകള്‍ അടങ്ങുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പുതിയ ഗ്രന്ഥത്തിന്‍റെ പ്രസാധകര്‍ വത്തിക്കാന്‍റെ മുദ്രണാലയമാണ് (LEV Libreria Editrice Vaticana). ഗ്രന്ഥത്തിന്‍റെ ആമുഖം കുറിച്ചിരിക്കുന്നത് കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമനാണ്. ഇറ്റാലിയനില്‍ Nostra Madre Terra, “ഭൂമി നമ്മുടെ അമ്മ” എന്ന ശീര്‍ഷകത്തില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്‍റെ മറ്റു ഭാഷാപതിപ്പുകളും ഉടനെ ലഭ്യമാകും.