കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലി സമാപിച്ചു

കെആര്‍എല്‍സിസി 45-ാം ജനറല്‍ അസംബ്ലി സമാപിച്ചു.
പ്രാദേശിക തലത്തില്‍ രാഷ്ട്രീയകാര്യസമിതികള്‍ രൂപപ്പെടുത്താന്‍ കെആര്‍എല്‍സിസി
കൊച്ചി : ആസന്നമായ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വ്യക്തമായ രാഷ്ട്രീയ സമീപനം കൈക്കൊള്ളുവാന്‍ കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രാദേശിക രാഷ്ട്രീയകാര്യസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ലത്തീന്‍ കത്തോലിക്കര്‍ക്ക് സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിലെ തടസ്സങ്ങള്‍ പരിഹരിക്കണം എന്ന സമുദായം നിരന്തരം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു.
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കാത്തത് ദുരൂഹമാണ്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും കടലും കടല്‍ത്തീരവും അന്യമാക്കുന്ന നയങ്ങളും പരിപാടികളുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിനായി നിയോഗിച്ച ജസ്റ്റിസ് സി. എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. കുടുംബങ്ങള്‍ക്ക് നിയമാനുസൃതം സ്വന്തമാക്കിയ അവരുടെ ഭൂമിയില്‍ മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉടനടി പുനസ്ഥാപിക്കണമെന്നും സമ്മേളനം അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലേറ്റമാണ്. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിലെ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടികളും ആവശ്യമായ ഫണ്ടും അനുവദിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാനുള്ള മതന്യൂന പക്ഷങ്ങളുടെ അവകാശത്തിന്മേല്‍ കടന്നു കയറുവാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ സമ്മേളനം അപലപിച്ചു.
ഈശ്വര പ്രാര്‍ത്ഥനയുടെ പേരിലും പള്ളിക്കൂടങ്ങളിലെ മതചിഹ്നങ്ങളുടെ പേരിലും വിദ്യാഭ്യാസ മന്ത്രി നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ആശങ്കകള്‍ വളര്‍ത്തുന്നവയാണ്. പൊതുമേഖലയിലെ ആതുര ശുശ്രൂഷ ഗുണമേന്മയോടെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. മെട്രോ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പൊതു ഇടങ്ങളില്‍ മദ്യം വ്യാപകമാക്കുന്ന നയം പുന പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
സമാപനദിവസമായ ഞായറാഴ്ച്ച രാവിലെ നടന്ന ഗ്രൂപ്പ് റിപ്പോര്‍ട്ട് അവതരണത്തില്‍ കെഎല്‍സിഡബ്ല്യുഎ സംസ്ഥാന ട്രഷറര്‍ റാണി പ്രദീപ് മോഡറേറ്ററായിരുന്നു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് 44-ാമത് ജനറല്‍ അസംബ്ലിയുടെ റിപ്പോര്‍ട്ട് സെക്രട്ടറി പ്രബലദാസും കെആര്‍എല്‍സിസി പ്രവര്‍ത്തനറിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറയും അവതരിപ്പിച്ചു. ട്രഷറര്‍ ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ സന്ദേശം നല്‍കി. കെആര്‍എല്‍സിബിസി വിശ്വാസ പരിശീലന കമ്മീഷന്റെ സ്‌കോളര്‍ഷിപ്പുകള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു.