ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ്: ആർച്ച്ബിഷപ്  ഡോ .ജോസഫ് കളത്തിപ്പറമ്പിൽ

 ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ്: ആർച്ച്ബിഷപ്  ഡോ .ജോസഫ് കളത്തിപ്പറമ്പിൽ

 

 

കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും  (മത്തായി 1 , 22 -23 )

 കൊച്ചി : ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ് . ഈ ഭൂമിയിൽ  നമ്മൾ ഒറ്റക്കല്ല…ദൈവം നമ്മുടെ കൂടെയുണ്ട് .എന്നുള്ള സദ്‌വാർത്തയാണ് ക്രിസ്തുമസ് മുന്നോട്ട് വെക്കുന്നത് .പോപ് ഫ്രാൻസിസ് പറയുന്നതു പോലെ ഇത് പുൽക്കൂട്ടിലെ സ്നേഹ വിപ്ലവമാണ് . 

ഈ വിപ്ലവത്തിന് തുടക്കം കുറിച്ചത് ദൈവമാണ് . അന്നത്തെ സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗമായ  ആട്ടിടയരാണ് ഈ ദൈവ സ്നേഹത്തിന്റെ സദ്‌വാർത്ത ആദ്യം ശ്രവിച്ചത്. പുൽക്കൂട്ടിലെ ദാരിദ്ര്യത്തിൽ നിന്ന് ജീവിതം ആരംഭിച്ച ക്രിസ്തു എന്നും സമൂഹത്തിലെ താഴേക്കിടയിലുള്ള മനുഷ്യരെ ചേർത്തുപിടിച്ചു . സമൂഹം ഭ്രഷ്ട് കൽപ്പിച്ച കുഷ്ഠ രോഗികൾക്ക് ക്രിസ്തു സൗഖ്യം നൽകി , കൂനിപ്പോയവർക്കു നിവർന്നു നിൽക്കാൻ നട്ടെല്ല് നൽകി ,മുടന്തർക്ക് ബലമുള്ള കാലുകളും ,അന്ധർക്ക് കാഴ്ച്ചയും , സംസാരശക്തി ഇല്ലാത്തവർക്ക് സംസാരശേഷിയും നൽകി ,സമൂഹം മാറ്റിനിർത്തിയ ചുങ്കക്കാരെയും പാപികളെയും തൻ്റെ സ്നേഹിതരാക്കി .

അങ്ങനെ ക്രിസ്തുവിന്റെ ജീവിതം മുഴുവൻ സമൂഹത്തിലെ ബലമില്ലാത്തവർക്കു ബലം നൽകുന്നതായിരുന്നു . ക്രിസ്തുമസ്സിന്റെ സന്ദേശവും അതുതന്നെയാണ് സമൂഹത്തിലെ ബലമില്ലാത്ത മനുഷ്യരെ നമ്മൾ ചേർത്തു പിടിക്കണം . തിരുവനന്തപുരം ജില്ലയിലെ കൈതമുക്കിൽ കൊടിയദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന 6 കുഞ്ഞുങ്ങളുടെയും അമ്മയുടെയും ചിത്രം ഇന്നും നമ്മുടെ കണ്ണുകളിലുണ്ട് . നമ്മുടെ രാജ്യത്ത്  പെൺകുട്ടികൾ നിരന്തരം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു .റോഡുകളുടെ ശോചനീയാവസ്ഥ മനുഷ്യ ജീവിതം അപകടത്തിലാക്കുന്നു.

 പുൽക്കൂട്ടിലെ ക്രിസ്തുവും ഇന്ന് നമ്മെ ഓർമപ്പെടുത്തുന്നത് മറ്റൊന്നുമല്ല ചേർത്തുപിടിക്കണം അവശരെയും ബലമില്ലാത്തവരെയും . രാജ്യത്തിലെ പൗരൻമാർക്ക്‌ മുഴുവൻ ഭക്ഷണവും ശുദ്ധജലവും പാർപ്പിടവും തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാരുകൾക്ക് കഴിയണം .

നമ്മുടെ ഭൂമി ജീവിത യോഗ്യമാക്കേണ്ടത് നമ്മുടെ കടമയാണ് . സന്മനസുള്ളവർക്കു സമാധാനം എന്നാണ് മാലാഖമാർ ക്രിസ്തുവിന്റെ ജനനത്തിൽ പാടിയത്. നല്ല മനസുള്ള ,നന്മയുള്ള മനുഷ്യരായി നമുക്ക് മാറാം . 

നമ്മൾ കൂടുതൽ ഗൗരവമായി എടുക്കേണ്ട മറ്റൊരു കൂട്ടർ നമ്മുടെ കുഞ്ഞുങ്ങൾ തന്നെയാണ് . അവർ ആയിരിക്കുന്ന ഇടങ്ങൾ സുരക്ഷിതമായിരിക്കണം , അത് ക്ലാസ് മുറിയിലാണെങ്കിലും കളിസ്ഥലമാണെങ്കിലും ,വീടുകളാണെങ്കിലും സുരക്ഷിതമാക്കണം . ഭയം കൂടാതെ അവർ വളർന്നു വരട്ടെ .

നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിലും നമ്മുടെ നാട്ടിൽ പട്ടിണികിടന്നു മരിക്കുന്ന കുട്ടികളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ് . കണക്കുകൾ പ്രകാരം ഒരു ദിവസം ഭാരതത്തിൽ 244 കോടി രൂപയുടെ ഭക്ഷണം പാഴാക്കിക്കളയുന്നുണ്ട് . പട്ടിണി കിടന്നു മരിക്കുന്ന കുട്ടികളുടെ എണ്ണം ഒരു വര്ഷം 3 ലക്ഷത്തിലധികം  വരും.

നമ്മൾ പാഴാക്കുന്ന ഓരോ തരി ഭക്ഷണത്തിനും ദൈവ സന്നിധിയിൽ നമ്മൾ ഉത്തരവാദികളാണ് എന്ന് ഈ കണക്കുകൾ ഓർമപ്പെടുത്തുന്നു . കുട്ടികൾക്ക് അനുകൂലമായ നിയമങ്ങൾ ഒക്കെ നമ്മുടെ രാജ്യത്തു ഉണ്ടെങ്കിൽ പോലും ഇന്നും ചൂഷണങ്ങൾക്ക് വിധേയമാകുന്ന ലക്ഷക്കണക്കിന് കുട്ടികൾ ഇന്ത്യയിൽ ഉണ്ട് . കുട്ടികൾക്ക് പഠിച്ചുയരാനുള്ള സാധ്യതകൾ തുറന്നുകൊടുക്കണം .

ലോകരക്ഷകന്‌ പിറന്നു വീഴാൻ ലഭിച്ചത് കാലിത്തൊഴുത്താണ് , ഇന്നും വീടില്ലാതെ അലയുന്ന മനുഷ്യർ നമ്മുടെ നാടിൻറെ നൊമ്പരമാണ് . വാരാപ്പുഴ അതിരൂപതയിൽ തുടക്കം കുറിച്ചിരിക്കുന്ന സ്നേഹഭവനം പദ്ധതി ഭവന രഹിതർക്ക് ചെറിയ ആശ്വാസമായി കുറെ വീടുകളുടെ പൂർത്തീകരണത്തിന് സഹായകമായിട്ടുണ്ട് . അനേകം പേരുടെ നല്ല മനസ്സ് ഇതിന്റെ പിന്നിലുണ്ട് .

പ്രകൃതിസ്നേഹം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് .നമ്മൾ മനുഷ്യരാണ് പ്രകൃതിയെ ഭയാനകമായി മുറിവേൽപ്പിക്കുന്നത് . പുതിയ വർഷത്തിൽ ഭരണകൂടം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്ലാസ്റ്റിക് രഹിത പ്രവർത്തനങ്ങളിൽ നമുക്ക് പിന്തുണയേകാം .അങ്ങനെ നന്മയിലേക്കുള്ള എല്ലാ മാറ്റങ്ങൾക്കും ജാതി- മത -രാഷ്ട്രീയ ഭേദമന്യ നമുക്ക് പങ്കുചേരാം  .

 ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്മ കൂടുതൽ നല്ല മനുഷ്യരാകാൻ നമ്മെ പ്രാപ്തരാകട്ടെ . എല്ലാവര്ക്കും ക്രിസ്തുമസിന്റെയും , പുതുവര്ഷത്തിന്റെയും പ്രാർത്ഥനകൾ നേരുന്നു .

 

 

(വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ മാധ്യമങ്ങൾക്കു നൽകിയ ക്രിസ്തുമസ് സന്ദേശം) (18 / 12 / 2019 )

                                                      

admin

Leave a Reply

Your email address will not be published. Required fields are marked *