ക്യാൻസറിനെ പൊരുതി തോൽപ്പിച്ച അംബ്രോസച്ചൻ…..
ക്യാൻസറിനെ പൊരുതി തോൽപ്പിച്ച
അംബ്രോസച്ചൻ…..
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ഏറ്റവും മുതിർന്ന വൈദികൻ മോൺസിഞ്ഞോർ അംബ്രോസ് അറക്കൽ ജീവിതയാത്ര പൂർത്തിയാക്കി. കേരള കത്തോലിക്കാസഭയിലെ ഏറ്റവും ശ്രദ്ധേയരായ വൈദികരിൽ ഒരാളായിരുന്നു ഇന്ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മോൺ.അംബ്രോസ് അറക്കൽ. മതബോധന രംഗമായിരുന്നു പ്രത്യേകമായി അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. കുട്ടികൾക്കുമാത്രമല്ല മുതിർന്നവർക്കും സഭാപഠനങ്ങളിലും ബൈബിളിലും തുടർച്ച ഉണ്ടാകണമെന്ന അഭിപ്രായം അദേഹം തുടർച്ചയായി ഉന്നയിച്ചു. മുതിർന്നവർക്കും മതബോധനം എന്ന ആശയം. അവർക്കുവേണ്ടിയുള്ള മതബോധനത്തിൻറെ ഭാഗമായാണ് KCBC ആസ്ഥാനമായ പി.ഒ.സിയിൽ നിന്ന് താലന്ത് മാസിക ആരംഭിച്ചത്. താലന്ത് മാസികയുടെ സ്ഥാപക മാനേജിംഗ് എഡിറ്ററായിരുന്നു അദ്ദേഹം.
പുണ്യസ്മരണാർഹനായ മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ പിന്തുടർച്ചക്കാരനായാണ് ഫാ. അംബ്രോസ് വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടറായത്. നൂതനമായ വിവിധ പ്രവർത്തനങ്ങൾ മതബോധനവിഭാഗം വഴി അദ്ദേഹം നടപ്പിലാക്കി. അതിൽ യുവജനങ്ങളെ പങ്കാളികളാക്കാൻ അദ്ദേഹം പ്രത്യേക താല്പര്യം എടുത്തു. കെസിവൈഎം ഭാരവാഹി ആയിരിക്കുമ്പോൾ അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾക്കും അവസരമുണ്ടായി. അതിൽ പ്രധാനം “വിമോചനത്തിൻ സദ്‌വാർത്ത” എന്ന പേരിൽ ഇടവകളിൽ സംഘടിപ്പിച്ച ത്രിദിന അവധിക്കാലക്യാമ്പാണ്. വിദ്യാർത്ഥികളിൽ ആവേശം ഉണർത്തിയ ഒന്നായിരുന്നു അത്. തുടർന്ന് ബൈബിൾ കലോത്സവം വഴി പ്രതിഭാധനരായ നിരവധി ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാനും സഭാപ്രവർത്തനങ്ങളിൽ നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മതബോധന പ്രവർത്തനങ്ങൾക്കുവേണ്ടി റിസോഴ്സ് ടീമിനും അദ്ദേഹം രൂപം നൽകി. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട നിരവധി ആളുകളുടെ സംഘശക്തി ശക്തി മതബോധന വിഭാഗത്തിന് കരുത്തായി മാറി.
വൈദിക ജീവിതത്തിന്റെ തുടർച്ചയ്ക്ക് ഭംഗംവരുത്താൻ എന്നോണം അദ്ദേഹത്തെ ക്യാൻസർ പിടികൂടി. പക്ഷേ ആത്മബലം കൊണ്ട് ക്യാൻസറിനെ തോൽപ്പിച്ച വീരകഥ മോൺ. അംബ്രോസ് രചിച്ചു. എറണാകുളം നഗരവീഥികളിലും അതിനു പുറത്തും തന്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച് തന്റെ കർമ്മമേഖല അദ്ദേഹം വലുതാക്കി. അക്കാലത്തും വിദ്യാർത്ഥികൾക്കുവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധവെച്ചു. എയ്ഞ്ചൽ വോയിസ് എന്ന പേരിലുള്ള കുട്ടികളുടെ പ്രസിദ്ധീകരണം ഇരുപത്തയ്യായിരത്തോളം കോപ്പി വിദ്യാർത്ഥികൾക്കായി മാസം തോറും വിതരണം ചെയ്തുകൊണ്ടിരുന്നു. ഇതുവഴി നല്ലചിന്തകളും മൂല്യബോധവും വിദ്യാർത്ഥികളിൽ പങ്കുവെച്ചു. അല്മായരെക്കുറിച്ച് വ്യക്തമായ ദർശനം അദ്ദേഹത്തിനുണ്ടായിരുന്നു. സാമൂഹ്യജീവിതത്തിൽ നേതൃത്വം നൽകാൻ അവർക്ക് പരിശീലനം നൽകുന്നതിന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, ആ പ്രവർത്തനത്തിൽ സജീവമായി മുന്നോട്ടു പോകാൻ അദ്ദേഹത്തിനായില്ല കൃത്യമായ അഭിപ്രായങ്ങളും ഉചിതമായ പ്രവർത്തനവും പൗരോഹിത്യപദവിയിൽ നിർവഹിച്ച അംബ്രോസച്ചനെ തിരുസഭ “മോൺസിഞ്ഞോർ” പദവി നൽകി ആദരിച്ചു.
ജീവിതത്തിൽനല്ല ഓട്ടം പൂർത്തിയാക്കിയ അംബ്രോസച്ചൻ ജനഹൃദയങ്ങളിൽ എന്നും ജീവിക്കും.