മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി പിതാവിന്റെ 153 -ആം ചരമവാർഷികം
മഹാമിഷണറി ബർണദീൻ ബെച്ചിനെല്ലി
പിതാവിന്റെ 153 -ആം ചരമവാർഷികം.
സെപ്റ്റംബർ 5…അധ്യാപകദിനം.. അക്ഷരങ്ങളുടെ വെളിച്ചത്തിലൂടെ നമ്മെ നടത്തിയ പ്രിയപ്പെട്ട ഗുരുക്കന്മാരെയും ലോകത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്ന കാലത്തിന്റ പ്രവാചകരെയും സ്നേഹത്തോടെ ഓർക്കുന്ന ഒരു സുദിനം…
അജ്ഞാനമാകുന്ന ഇരുട്ട് നീക്കി അറിവാകുന്ന വെളിച്ചം പകരുന്നവൻ ആണ് ഗുരു… കേരളക്കരയിൽ ആകെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച പള്ളികൾ തോറും പള്ളി“ക്കൂടങ്ങൾ വേണമെന്ന” കല്പന നൽകിയ, അത് നടപ്പാക്കാൻ അക്ഷീണം പരിശ്രമിച്ച, “മഹാ മിഷണറി” എന്നറിയപ്പെടുന്ന ആർച്ച് ബിഷപ്പ് ബർണഡിൻ ബച്ചിനെല്ലി പിതാവിന്റെ ഓർമദിനം കൂടിയാണ് സെപ്റ്റംബർ 5.വരാപ്പുഴ വികാരിയത്തിന്റെ മെത്രാപ്പോലീത്തയായ ബച്ചിനെല്ലി പിതാവ് ആത്മീയ സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം തുടങ്ങിവച്ച എല്ലാ സുകൃത ങ്ങ ളും ഇന്നും കേരളസഭയിലും കേരളസമൂഹത്തിലും വെളിച്ചം തൂകുന്നു. അദ്ദേഹത്തിന്റെ സ്തുത്യാർഹമായ സംഭാവനകളെ നന്ദിയോടെ നമുക്കിന്ന് അനുസ്മരിക്കാം..
വരാപ്പുഴയുടെ എല്ലാ മിഷണറി വൈദികരും തങ്ങളാൽ കഴിയുന്ന നന്മകൾ കേരളമണ്ണിൽ വാരിവിതറിയിട്ടാണ് കടന്നുപോയിട്ടുള്ളത്.. കേരളത്തിന്റെ വിദ്യാഭ്യാസ- സാമൂഹിക ചരിത്രത്തിൽ വലിയ സ്ഥാനമുള്ള നാമധേയമാണ് ആർച്ച്ബിഷപ്പ് ബെർണ്ണഡിൻ ബച്ചിനെല്ലിയുടേത്. “
ബെർണ്ണർഡിൻ ബച്ചിനെല്ലി ജനിച്ചത് 1807 മാർച്ച് 15 -ന് റോമിലെ ബച്ചിനെല്ലി കുടുംബത്തിലാണ്. ജോസഫ് എന്ന മാമ്മോദീസ പേരുള്ള അദ്ദേഹം,1830 ഡിസംബറിൽ കർമ്മലീത്ത വൈദികനായി. 1833- ൽ കർമ്മലീത്താ അധികാരികളോട് മലബാറിൽ മിഷൻ പ്രവർത്തനത്തിനു പോകാനുള്ള താല്പര്യം അറിയിക്കുകയും നേപ്പിൾസ് പ്രൊവിൻസ് ലെ ഫാ .ബെർണർഡിൻ പൊന്തനോവ ഓഫ് സെൻറ് ആഗ്നെസിനൊപ്പം 1833 നവംബർ 17 നു റോമിൽനിന്നും 26-ാം വയസ്സിൽ വരാപ്പുഴയിൽ എത്തുകയും ചെയ്തു.
വരാപ്പുഴ വികാരിയായും സെമിനാരി റെക്ടറായും സേവനം ചെയ്ത അദ്ദേഹത്തെ, 1845-ൽ വരാപ്പുഴ വികാരിയത്ത് വിഭജിച്ച് കൊല്ലം പ്രൊ വികാരിയത്ത് സ്ഥാപിച്ചപ്പോൾ അതിന്റെ പ്രഥമ പ്രൊ വികാരി അപ്പസ്തോലിക്കയായി റോം നിയമിച്ചു. 1847-ൽ ഹെരാക്ലിയയിലെ സ്ഥാനികമെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1853-ൽ വരാപ്പുഴയുടെ കോ-അഡ്ജുതോർ ആയും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ആയും ചുമതല ഏറ്റ അദ്ദേഹം 1859-ൽ വികാരി അപ്പോസ്തലിക്കയായി നിയമിതനാവുകയും” ഫർസാല”എന്ന സ്ഥാനികരൂപതയുടെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെടുകയും ചെയ്തു. അതോടൊപ്പം കൊല്ലം, വരാപ്പുഴ, മംഗലാപുരം വികാരിയത്തുകളിലെ നിഷ്പാദുക കർമ്മലീത്തരുടെ വികാർ പ്രൊവിൻഷ്യാൾ കൂടി ആയി അദ്ദേഹം ശുശ്രൂഷകൾ ചെയ്തു.
മലയാളക്കരയെ വിശുദ്ധവത്ക്കരിച്ച മഹാനായ മെത്രാപ്പോലീത്തയെന്നും കേരളസഭയിൽ ഭരണം നടത്തിയിട്ടുള്ളവരിൽ ഏറ്റവും പ്രഗത്ഭനും സ്നേഹധനനുമായ മെത്രാപ്പോലീത്തയെന്നും ആണ് “ബർണർഡിൻ മെത്രാപ്പോലീത്ത, വരാപ്പുഴ വികാരിയത്ത്, ഒരു ചരിത്രാവലോകനം” എന്ന ഗ്രന്ഥത്തിൽ, ഫാ. ജോൺ പള്ളത്ത്, ബച്ചിനെല്ലി പിതാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്…..
തന്റെ ജന്മനാടായ റോമിൽനിന്നും സ്വാംശീകരിച്ചവയെല്ലാം ഈ നാട്ടിൽ വിതച്ച പ്പോൾ കൊയ്തത് നൂറുമേനി ഫലമാണെന്നതാണ് അദ്ദേഹത്ത മറ്റു ള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്.
വരാപ്പുഴ ഇടവക വികാരിയായിരുന്ന കാലത്ത് 1836 -ഇൽ തന്റെ ഇടവകയുടെ പരിധിയിലുള്ള കൂനമ്മാവ് ഗ്രാമത്തിലെത്തിയ ഫാ. ബെർണഡിൻ അവിടെ ഒരു ഗ്രാമീണവിദ്യാലയം കാണാൻ ഇടയാവുകയും അതിൽ അദ്ദേഹത്തിനു താത്പര്യം ജനിക്കുകയും ചെയ്തു . ആ വിദ്യാലയത്തിലെ ആശാനായിരുന്ന തണ്ണിക്കോട്ട് വറീത് സാൽവദോറിനു പ്രതിമാസം 16 ‘പുത്തൻ’ ശമ്പളമായി കൊടുത്തുകൊണ്ട് ആരംഭിച്ചതാണ് അദ്ദേഹത്തിന്റെ ഇന്നാട്ടിലെ വിദ്യദാനശുശ്രൂഷാ.
കൊല്ലം പ്രൊ വികാർ അപ്പസ്‌തോലിക്കയായിരുന്ന കാലത്ത് 1847-ൽ കൊല്ലം പട്ടണത്തിൽ അദ്ദേഹം സ്കൂളുകൾ സ്ഥാപിച്ചു നടത്തിയിരുന്നു.
വരാപ്പുഴയിൽ എത്തിയശേഷം, ഭാരതത്തിന്റെ മഹാമിഷണറി എന്നറിയപ്പെട്ടിരുന്ന ഈ മെത്രാപ്പോലീത്തയാണ് സാർവത്രിക വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ട “പള്ളികൾ തോറും പള്ളിക്കൂടം വേണം “എന്ന കൽപന പുറപ്പെടുവിച്ചത്.. “പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന പേരിൽ പ്രശസ്തമായ സർക്കുലർ, 1857 മാർച്ച് മാസം മാന്നാനം കൊവേന്തയിലിരുന്ന് എഴുതിയതാണ് അതിന്റെ ഒറിജിനൽ രേഖ വരാപ്പുഴ അതിരൂപത ആർക്കിവ്സിൽ സൂക്ഷിച്ചട്ടുണ്ട്.
കൂനമ്മാവിൽ ബച്ചിനെല്ലി പിതാവ് ആരംഭിച്ച ആശ്രമത്തോട് അനുബന്ധിച്ച് ബ്രദർ നിക്കോളാസ് വെർഹുവാൻ ഡിസ്പെൻസറി തുടങ്ങിയത് ബച്ചിനെല്ലി പിതാവിന്റെ അനുവാദത്തോടെയാണ് .
സുറിയാനിക്കാരുടെ മെത്രാനാണെന്ന അവകാശവാദവുമായി റോമിന്റെ അനുവാദം ഇല്ലാതെ ഇവിടെ എത്തിയ റോക്കോസിനെതിരായി ബച്ചിനെല്ലി പിതാവ് എല്ലാ പള്ളികളിലും പ്രചാരണം നടത്തുകയും ജനങ്ങളെ സത്യസഭയിലേക്ക് തിരിച്ചടുപ്പിക്കുകയും റോമിന്റെ അനുവാദത്തോടെ വരാപ്പുഴ കത്തീഡ്രലിൽവച്ച് റോക്കോസിനെ മഹറോൻ ചൊല്ലുകയും ചെയ്തു.
കൂനമ്മാവിലെ വിധവയായ വാകയിൽ ഏലീശ്വായും മകൾ അന്നയും ഏലീശ്വായുടെ സഹോദരി ത്രേസ്യയക്കും സന്ന്യസ്ഥനിയമങ്ങൾ അനുസരിച്ചു താമസിക്കുന്നതിനായി “പനമ്പുമഠം” എന്ന വിളിപ്പേരിൽ ഒരു വസതി പണിയിച്ചു തദ്ദേശീയസന്യാസസഭ യ്ക്കു തുടക്കം കുറിച്ചതും ബച്ചിനെല്ലി പിതാവാണ്.
ബച്ചിനെല്ലി പിതാവ് തന്റെ ചെറുപ്പകാലം മുതൽ സ്വദേശമായ റോമിൽ അഭ്യസിച്ച ദിവ്യകാരുണ്യ ആരാധന ഇവിടെ നടപ്പിലാക്കുവാൻ തീരുമാനിച്ചു. 1866 ഫെബ്രുവരി 15-ന് കൂനമ്മാവ് സെന്റ് ഫിലോമിന ആശ്രമദൈവാലയത്തിൽ, ഏഷ്യയിലാദ്യമായി നാല്പതുമണിക്കുർ ആരാധന തുടങ്ങിയതും വിശുദ്ധ കുർബാനയുടെ തിരുനാളിൽ ദിവ്യകാരുണ്യപ്രദക്ഷിണവും കേരളക്കരയിൽ ആദ്യമായി തുടങ്ങിയതും പിതാവ് തന്നെയാണ്.
മെത്രാപ്പോലീത്ത വികാരിയത്തിൽ സ്ഥാപിച്ച കൊവേന്തകളടെയും സ്കൂളുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും നടത്തിപ്പിനായി വിദേശത്തുനിന്നുള്ള ധനസഹായം തികയാതെപ്പോൾ ഉണ്ണിമിശിഹായുടെ ധർമ്മസഭ എന്ന് വിളിപ്പേരുള്ള ഇൻഫന്റ് ജീസ്സസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ വഴി “പിടിയരിപ്രസ്ഥാനം” എന്ന പേരിൽ ഒരുപിടി അരി വീതം ദിവസവും മിച്ചംവച്ച് വീടുകളിൽനിന്നും ലഭിക്കുന്ന തുക അതിനായി ചെലവഴിച്ചിട്ടുണ്ട്.
ലത്തീൻകാരായ തദ്ദേശീയർക്കു മാത്രമായി ഒരു ആശ്രമം വേണമെന്ന ആഗ്രഹത്താൽ ബച്ചിനെല്ലി പിതാവ് ‘”മഞ്ഞുമ്മലിൽ 1866 സെപ്തംബർ 24-ന് കല്ലിട്ട് പണി ആരംഭിച്ചു. നിത്യവും വരാപ്പുഴ മെത്രാസനമന്ദിരത്തിലെ ജോലികൾ കഴിഞ്ഞു മഞ്ഞുമ്മലിൽ എത്തുകയും നിർമ്മാണപുരോഗതി വിലയിരുത്തുകയും ചെയ്യൂമായിരുന്നു. രണ്ടര വർഷത്തോളം ചെയ്ത ഈ യാത്രകൾ അദ്ദേഹത്തെ ക്ഷീണിതനാക്കുകയും 1868 സെപ്തംബർ 8-ന് വൈകീട്ട് 5 മണിക്ക് അദ്ദേഹം ദിവംഗതനാവുകയും ചെയ്തു.”
1868 സെപ്റ്റംബർ 5- ന് വിശുദ്ധിയുടെ പര്യായമായിരുന്ന ആ യുഗപുരുഷൻ 35 വർഷംമുമ്പ് താൻ വന്നിറങ്ങിയ വരാപ്പുഴയുടെ മണ്ണിലേക്ക്, ദൈവാലയത്തിനകത്തുള്ള കബറിടത്തിലേക്കു ചേർന്നലിഞ്ഞു.
വിശുദ്ധിയിൽ നിറവുള്ളവർക്കേ വിശുദ്ധരെ തിരിച്ചറിയാനാവൂ. അദ്ദേഹം സ്ഥാപിച്ചതും ആരംഭിച്ചതുമായ എല്ലാം ഇന്നും കേരളസഭയിൽ പൂത്തുലഞ്ഞു നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ സുകൃതജീവിതത്തെ നമുക്കും പിന്തുടരാം. ജീവിതകാലമത്രയും സുകൃതം വിതറിയ അദ്ദേഹത്തിന്റെ വിശുദ്ധി തിരുസഭയിൽ പരിമളം പരത്താൻ ദൈവം ഇടവരുത്തട്ടെ. 🌻🌻🌻🌻🌻