ഭക്തിസാന്ദ്രമായി ദിവ്യകാരുണ്യ തിരുനാൾ
ഭക്തിസാന്ദ്രമായി
ദിവ്യകാരുണ്യ തിരുനാൾ
കൊച്ചി : ബോൾഗാട്ടി സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ദിവ്യകാരുണ്യ തിരുനാൾ വർണ്ണ പകിട്ടോടെ ഭക്തി പുരസ്സരം ആഘോഷിച്ചു. കോവിഡ് മൂലം തിരുനാൾ ആഘോഷങ്ങൾക്ക് 2 വർഷം ഇടവേള വന്നതിനാൽ ആ കുറവ് പരിഹരിച്ചു കൊണ്ട് പുതുമയാർന്ന രീതിയിലാണ് ഈ വർഷം തിരുനാൾ പന്തൽ നിർമ്മിച്ചത്. ദിവ്യകാരുണ്യ നാഥനെ എഴുന്നള്ളിക്കുന്നതിനായി ദേവാലയ തിരുമുറ്റത്ത് 200 മീറ്റർ നീളത്തിൽ 5 മീറ്റർ വീതിയിൽ വലിയ പന്തൽ ഒരുക്കുകയുണ്ടായി. വ്യത്യസ്ത നിറങ്ങളിലുള്ള ചെറിയ വർണ്ണക്കുടകൾ, ബലൂണുകൾ എന്നിവ കൊണ്ട് പന്തലിൻ്റെ മുകൾഭാഗം നിറച്ചാർത്താക്കി. പന്തലിന് ഇരുവശവും കരിക്കിൻ കുലകളും വാഴക്കുലകളും ഫലവർഗ്ഗങ്ങളും കൊണ്ട് അലങ്കരിച്ചു. ഹരിതവർണ്ണവും, പീതവർണ്ണവും, രക്തവർണ്ണവും, നീലവർണ്ണവും ശ്വേതവർണ്ണവും നിറഞ്ഞ ആകാശ കാഴ്ചയായിരുന്നു ഏറെ ആകർഷകമായത്. രാവിലെ 7 ന് ഇടവക വികാരി ഫാ.ജോബ് വാഴക്കൂട്ടത്തലിൻ്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും തുടർന്ന് ദേവാലയത്തിൽ നിന്നും പന്തലിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി. തിരുനാൾ ആഘോഷങ്ങൾക്ക് തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോസഫ് സിമേന്തി, കേന്ദ്ര സമിതി ലീഡർ സെബാസ്റ്റ്യൻ കുറ്റിശ്ശേരി, സെക്രട്ടറി ജോസഫ് പുന്നക്കേഴത്ത്, അഭിജിത് കെ. ജോൺ എന്നിവർ നേതൃത്വം നൽകി.