കാനഡയിലെ തദ്ദേശീയർക്കൊപ്പം ഫ്രാൻസിസ് പാപ്പാ
കാനഡയിലെ
തദ്ദേശീയർക്കൊപ്പം
ഫ്രാൻസിസ് പാപ്പാ.
അനുതാപ തീര്‍ത്ഥാടനം’ എന്നാണ് തന്റെ
മുപ്പത്തിയേഴാമത് അപ്പസ്തോലിക സന്ദര്‍ശനത്തെ ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ചിത്
എഡ്മണ്ടൺ: കനേഡിയൻ മണ്ണിൽ ഇതാദ്യമായി അപ്പസ്‌തോലിക പര്യടനത്തിന് വന്നണഞ്ഞ ഫ്രാൻസിസ് പാപ്പയ്ക്ക് ഊഷ്മള സ്വീകരണമാണ് കനേഡിയൻ ജനത ഒരുക്കിയത്. പാപ്പായെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഗവർണർ ജനറൽ മേരി സൈമണ്‍ രാജ്യത്തെ തദ്ദേശീയ ജനതയുടെ കൂട്ടായ്മയായ ‘ട്രീറ്റി സിക്സ് ഫസ്റ്റ് നേഷൻസി’ന്റെ ഗ്രാൻഡ് ചീഫ് ജോർജ് അർക്കണ്ട് എന്നിവർ സന്നിഹിതരായിരുന്നു.
കാനഡ സന്ദർശനത്തിന്റെ രണ്ടാം ദിവസം തദ്ദേശീയരായ നാലായിരത്തിൽപരം വിദ്യാർത്ഥികളുടെ പേരുകൾ എഴുതിയ ബാനര്‍ ചുംബിച്ച് ഫ്രാൻസിസ് പാപ്പ തന്റെ ബഹുമാനം പ്രകടമാക്കി. സര്‍ക്കാരിന്റെ പിന്തുണയോടെ നടത്തിയ റസിഡൻഷ്യൽ സ്കൂളുകളിൽ വിവേചനവും, മറ്റു പീഡനങ്ങളും നേരിട്ട 4120 ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും പേരുകളും, അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളുമാണ് ബാനറില്‍ ഉണ്ടായിരുന്നതെന്ന് സംഘാടകർ വ്യക്തമാക്കി.
തദ്ദേശ വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ കുടുംബത്തിൽനിന്ന് അകറ്റി കനേഡിയൻ സർക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിച്ചിരിന്ന കത്തോലിക്ക റെസിഡൻഷൽ സ്കൂളുകളില്‍ പ്രവേശിപ്പിച്ചതും തദ്ദേശ സംസ്കാരത്തിൽനിന്ന് അവരെ മാറ്റിയെടുത്തതിലും ഫ്രാന്‍സിസ് പാപ്പ മാപ്പ് പറഞ്ഞു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മുതൽ തദ്ദേശീയ ജനതയുടെ ഏറ്റവും പുതുതലമുറ വരെയുള്ള ജനസഹ്രസങ്ങളെ സാക്ഷിയാക്കി ആഗോള സഭയുടെ പരമാചാര്യൻ ഫ്രാൻസിസ് പാപ്പ ഹൃദയം തുറന്നു: ‘തദ്ദേശീയ ജനതയ്‌ക്കെതിരെ ക്രൈസ്തവർ ചെയ്ത തിന്മകൾക്കെല്ലാം ഞാൻ താഴ്മയോടെ ക്ഷമ ചോദിക്കുന്നു.’ വികാരനിർഭരമായ ക്ഷമാ യാചനയാൽ മുഖരിതമായിരുന്നു, കനേഡിയൻ പേപ്പൽ പര്യടനത്തിന്റെ രണ്ടാം ദിനം. എഡ്മണ്ടണിലെ മാസ്‌ക്വാസിസിൽ തദ്ദേശീയരായ മെറ്റിസ്, ഇൻയുട്ട് വംശജരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു, ആരുടെയും ഹൃദയം തൊടുന്ന ആ വാക്കുകൾ വലിയ ഇടയന്റെ ഹൃദയത്തിൽനിന്ന് ഒഴുകിയത്.
കാനഡയിലെ തദ്ദേശീയ ജനങ്ങളിലെ പുരാതനസംസ്കാരരത്തിന്റെ സ്വാധീനം ഒഴിവാക്കുക എന്നത് അവിടുത്തെ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു. ആളുകളിൽ യൂറോപ്പിന്റെ സംസ്കാരം നിറയ്ക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിനു പിന്നിൽ. ഈ പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് കുട്ടികളെ അവരുടെ മാതാപിതാക്കളിൽനിന്ന് അകറ്റി, വിവിധ റെസിഡൻഷ്യൽ സ്കൂളുകളിൽ താമസിപ്പിച്ച് നൂതനവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഇതിനായി അവർ കണ്ടെത്തിയ മാർഗ്ഗം. അങ്ങനെയുള്ള സ്കൂളുകളിൽ നല്ലൊരു ഭാഗവും, സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ, ക്രൈസ്തവസഭകൾ മേൽനോട്ടം വഹിച്ചിരുന്ന സ്കൂളുകളായിരുന്നു. അവയിൽ നിരവധിയെണ്ണം കത്തോലിക്കസഭയിലെ വിവിധ സമർപ്പിതസമൂഹങ്ങൾ നടത്തിവന്നവയായിരുന്നു. ഈ സ്‌കൂളുകളിൽ നടന്ന പ്രശ്നങ്ങൾ പിന്നീട് വലിയ ഒരു വിവാദമായി മാറി. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി കാനഡയിൽനിന്നുള്ള തദ്ദേശീയ ജനതകളുടെ പ്രതിനിധിസംഘങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവരോട് ക്ഷമചോദിക്കുകയും ചെയ്തിരുന്നു.
മാസ്ക്വാചിസിലെത്തിയ പാപ്പായെ വ്യാകുലമാതാവിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ മുൻപിൽ വികാരിയും വിവിധ തദ്ദേശീയജനവിഭാഗങ്ങളുടെ പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. അവിടെനിന്ന് സമീപത്തുള്ള സെമിത്തേരിയിലെത്തിയ പാപ്പാ വീൽചെയറിൽ സഞ്ചരിക്കുകയും സെമിത്തേരിക്കുള്ളിലെ പ്രധാന കുരിശുരൂപത്തിനു മുന്നിൽ നിശബ്ദമായി പ്രാർത്ഥിക്കുകയും ചെയ്തു.