പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.
പരിശുദ്ധ അമ്മയ്ക്ക്
സ്വയം സമർപ്പിക്കുവാൻ
ആഹ്വാനം ചെയ്ത്
ഫ്രാൻസിസ് പാപ്പാ.
വത്തിക്കാൻ സിറ്റി : പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് പാപ്പാ. മാര്‍ച്ച് ഇരുപത്തിരണ്ടാം തീയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത് . മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതിയാണ് സഭ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്നത്.
ഉക്രൈൻ – റഷ്യ യുദ്ധം തുടങ്ങിയ കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയഞ്ചാം തീയതി, ലോകത്തിലെ മെത്രാന്മാരോടൊന്നുചേർന്നുകൊണ്ട് സഭയെയും മനുഷ്യസമൂഹത്തെയും പ്രത്യേകമായി ഉക്രൈൻ – റഷ്യ രാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചതും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.
ഇന്നും യുദ്ധത്തിന്റെ ദൈന്യതകൾ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും സമാധാനത്തിനു വേണ്ടി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് വിശ്രമവും, മടുപ്പും കൂടാതെ അപേക്ഷകൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പാ എടുത്തു പറഞ്ഞു. ഈ വർഷവും മാർച്ചു ഇരുപത്തിയഞ്ചിന് വീണ്ടും വിമലഹൃദയത്തിന് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുവാനും, അതുവഴി സമാധാനവും ഐക്യവും വീണ്ടെടുക്കുവാനും പാപ്പാ ആഗോളതലത്തിൽ, വിശ്വാസികളെയും, സമൂഹങ്ങളെയും ക്ഷണിച്ചു.
ഉക്രൈൻ ജനതയനുഭവിക്കുന്ന ദുരിതങ്ങളും, ബുദ്ധിമുട്ടുകളും എടുത്തുപറഞ്ഞ പാപ്പാ ഒരിക്കലും അവരെ മറക്കരുതേയെന്നും, അവർക്കു വേണ്ടി പ്രാർത്ഥിക്കണമേയെന്നും കൂടിയിരുന്നവരെ ഓർമ്മിപ്പിച്ചു.