സഭാവാര്‍ത്തകള്‍ – 24.09.23
സഭാവാര്‍ത്തകള്‍ – 24.09.23
വത്തിക്കാൻ വാർത്തകൾ
യുദ്ധത്തിന്റെ നിലവിളി പ്രാർത്ഥനായ് ഉയരുന്നു : ഫ്രാൻസിസ് പാപ്പാ
വത്തിക്കാൻ സിറ്റി : ലോകമെമ്പാടും നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുടെ അതിദയനീയമായ അവസ്ഥയെ എടുത്തു പറഞ്ഞുകൊണ്ട് അന്താരാഷ്‌ട്ര സമാധാന ദിനമായ സെപ്തംബർ മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇങ്ങനെ സന്ദേശം പങ്കുവച്ചു.
യുദ്ധം വിജയമെന്നു കരുതുന്നവർ യഥാർത്ഥത്തിൽ പരാജിതരാണെന്നും, മറിച്ച് യുദ്ധം എപ്പോഴും നഷ്ടങ്ങളുടെയും, മരണങ്ങളുടെയും കണക്കുകൾ മാത്രമാണ് അവശേഷിപ്പിക്കുന്നതെന്നും, അതിനാൽ അതിദയനീയമായ ഈ യുദ്ധസാഹചര്യങ്ങളിൽ “യുദ്ധത്തിൽ മുറിവേറ്റ കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും കണ്ണിൽ നിന്നും അടർന്നുവീഴുന്ന കണ്ണുനീര് പോലും പിതാവിന്റെ ഹൃദയം തകർക്കുന്ന ഒരു പ്രാർത്ഥന പോലെ ദൈവസന്നിധിയിലേക്ക് ഉയരുന്നുവെന്നും, ഓരോ യുദ്ധവും മരണത്തിന്റെ പാത മാത്രമാണ്, എന്നാൽ അതിലൂടെ ചിലർ സ്വയം വിജയികളാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു.
അതിരൂപത വാർത്തകൾ
പുതിയ നിയമം പകർത്തി എഴുതി പൂർത്തിയാക്കി.…
കൊച്ചി: വടുതല സെന്റ് ആന്റണിസ് ദേവാലയത്തിലെ ഒമ്പതാം ക്ലാസിലെ 33 കുട്ടികൾ ചേർന്ന് ബൈബിളിലെ പുതിയ നിയമം എഴുതി പൂർത്തിയാക്കി. ഓഗസ്റ്റ് ഏഴാം തീയതി ആരംഭിച്ച പുതിയ നിയമം പകർത്തി എഴുത്ത് ഓഗസ്റ്റ് 31 ആം തീയതിയാണ് പൂർത്തിയായത്. ഏകദേശം ഒരു മാസത്തോളം സമയം കൊണ്ടാണ് കുട്ടികൾ പുതിയ നിയമം എഴുതി തീർത്തത്. ക്ലാസ് ടീച്ചർ മിഷ്വലാണ് കുട്ടികൾക്ക് നേതൃത്വം നൽകിയത്.. കഴിഞ്ഞ ഞായറാഴ്ച (17.09.23) ഒമ്പതാം ക്ലാസിലെ കുട്ടികളുടെ കാഴ്ചവെപ്പിന്റെ ദിവസം സഹവികാരി ഫാ. എബിൻ വിവേര കുട്ടികൾ എഴുതി കൊണ്ടുവന്ന ബൈബിൾ പുതിയ നിയമം അൾത്താരയിൽ പ്രതിഷ്ഠിച്ചു.
ഐ.സി.പി.എ. (ICPA ) വജ്രജൂബിലി ആഘോഷം കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷന്‍റെ (ICPA ) വജ്രജൂബിലി ആഘോഷങ്ങളും, ദേശീയ കണ്‍വെന്‍ഷനും പുരസ്ക്കാരസമര്‍പ്പണവും, സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സത്യം പറയുകയെന്ന ദൗത്യം എന്നതാണ് ഇക്കൊല്ലത്തെ കണ്‍വെന്‍ഷന്‍റെ വിചിന്തന വിഷയം. സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച അഞ്ചിനു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ജൂബിലിസമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.
ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പ്രൊഫഷണല്‍ മാധ്യമസംഘടനകളില്‍ ഒന്നാണ് 1963-ല്‍ മിഷണറിയും സജ്ജീവന്‍ (SANJEEVAN) എന്ന ഹിന്ദി വാരികയുടെ സ്ഥാപകനും, പത്രാധിപനുമായിരുന്ന ഫാ. ജോണ്‍ ബാരറ്റ് എസ്.ജെ. സ്ഥാപിച്ച ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷന്‍ (ICPA). ICPA യുടെ കണക്കനുസരിച്ച് ചെറിയ വാര്‍ത്ത കത്തുകള്‍ മുതല്‍ ദിനപത്രങ്ങള്‍ വരെ അയ്യായിരത്തോളം പ്രസിദ്ധീകരണങ്ങള്‍ ഇന്ത്യയില്‍ കത്തോലിക്ക സഭയ്ക്കുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 65 പ്രതിനിധികളും, നൂറോളം പ്രത്യേക ക്ഷണിതാക്കളുമാണ് കണ്‍വെന്‍ഷനിലും മറ്റു പരിപാടികളിലും പങ്കെടുക്കുക.
“