രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ്
രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ്
കൊച്ചി : രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും കക്ഷി രാഷ്ട്രീയത്തിന് അധീതമായി ഒന്നിക്കണമെന്ന് എച്ച് എം എസ് ദേശീയ സെക്രട്ടറി അഡ്വ: തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ ഫോറങ്ങളിൽ ഒന്നായ കേരള ടെയ് ലറിംഗ് വർക്കേഴ്സ് ഫോറം എറണാകുളം മേഖലയുടെ നേത്യത്വത്തിൽ നടത്തിയ തയ്യൽ തൊഴിലാളി സംഗമവും ക്ഷേമനിധി കാർഡ് വിതരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യങ്ങളും പെൻഷനും കുടിശിഖയുൾപ്പെടെ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. തൊഴിലിന്റെ മഹത്വം തൊഴിലാളികൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമനിധി കാർഡുകളുടെ വിതരണ ഉദ്ഘാ ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കെ ടി ഡബ്യൂ എഫ് സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അദ്ധ്യക്ഷനായിരുന്നു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്, കെ എൽഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ, കെ ടി ഡബ്ലൂ എഫ് പ്രസിഡന്റ് ജോസി അറക്കൽ, സജി ഫ്രാൻസിസ്,മോളി ജൂഡ് , ജോർജ്ജ് പോളയിൽ,ജോൺസൺപാലയ്ക്കപറമ്പിൽ , ലീന ജോസി, ജോസഫ് റ്റി.ജി തുടങ്ങിയവർ പ്രസംഗിച്ചു.