സഭാവാര്ത്തകള് – 08. 10. 23

സഭാവാര്ത്തകള് – 08. 10. 23
വത്തിക്കാൻ വാർത്തകൾ
“ലൗദാത്തെ ദേയും” അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു.

വത്തിക്കാൻ : ‘ഒരു സിനഡൽ സഭയ്ക്ക് : കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’, എന്ന സന്ദേശവുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും. ലത്തീൻ സഭയെ പ്രതിനിധീകരിച്ച് റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല, സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് തിയോളജി പ്രതിനിധിയായി ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവരാണ് സംഘത്തിലുള്ളത്.
2021 ഒക്ടോബർ 10-ാംതിയതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബ്ബാനമധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ സിനഡുസമ്മേളനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന ആദ്യ സമ്മേളനത്തിൽ വോട്ടവകാശമുള്ള 363 അംഗങ്ങളാണ് പങ്കെടുക്കുന്നത്. 2024 ഒക്ടോബറിലെ രണ്ടാം സമ്മേളനത്തോടുകൂടിയാണ് മൂന്ന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആഗോള സഭാ സിനഡ് സമാപിക്കുക.
കുടിയേറ്റ അഭയാർത്ഥികളുടെ പ്രശ്നങ്ങൾ മനുഷ്യാന്തസിന്റെ വിഷയം :
ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കൊച്ചി : കുടിയേറ്റ അഭയാർത്ഥികളുടെ വിഷയം മനുഷ്യാ അന്തസ്സിന്റെ വിഷയമായാണ് കാണുന്നതെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. മൈഗ്രേഷൻ ഓഫ് പീപ്പിൾ പോസിബിലിറ്റീസ് ചലഞ്ചസ് ആൻഡ് ഇമ്പാക്ട് എന്ന വിഷയത്തിൽ നവദർശൻ എറണാകുളം കച്ചേരിപ്പടി ആശീർഭവനിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റക്കാരുടെ വിഷയങ്ങളിൽ സത്വരശ്രദ്ധ പതിപ്പിക്കാനും ഇടപെടൽ നടത്തുന്നതിനുമായി അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും തിരുസംഘം പ്രവർത്തിക്കുന്നത്,
സഭ എത്രമാത്രം ഗൗരവത്തോടെയാണ് ഈ വിഷയം നോക്കിക്കാണുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ്. അയൽക്കാരനോടുള്ള സ്നേഹം,അനുകമ്പ, ആതിഥ്യമര്യാദ, എന്നിങ്ങനെയുള്ള സുവിശേഷ പുണ്യങ്ങളിൽ അടിയുറച്ചതാണ് കുടിയേറ്റത്തെ കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാട്. കുടിയേറ്റക്കാരുടെ കാര്യത്തിൽ പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ ഇടപെടലുകൾ ലോകം ആദരവോടും പ്രതീക്ഷയോടും കൂടെയാണ് നോക്കിക്കാണുതെന്നും പിതാവ് കൂട്ടിച്ചേര്ത്തു.