റവ.ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
റവ.ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപത സഹായമെത്രാന്‍
കൊച്ചി : റവ.ഡോ. ആൻ്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപത സഹായമെത്രാനായി പരി. പിതാവ് ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് (മെയ് 11)
(11/05/2024) ഉച്ചകഴിഞ്ഞ് 3.30 ന് ആർച്ച്‌ബിഷപ്‌സ് ഹൗസിൽ നടത്തി. തൽസമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുൻആർച്ച്ബിഷപ്പ് ഡോ. ഫ്രാൻസീസ് കലറക്കൽ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ബിഷപ്പ് ഡോ. അലക്സ‌് വടക്കുംതല, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, മോൺസിഞ്ഞോർമാർ, വൈദികർ, സിസ്റ്റേഴ്‌സ്, അല്‌മായ സഹോദരങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
റവ. ഫാ. ആൻ്റണി വാലുങ്കൽ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലായ് 26 ന് എരൂർ സെൻ്റ് ജോർജ്ജ് ഇടവകയിൽ ജനിച്ചു. 1984 ജൂൺ 17 ന് മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ കാർമ്മൽഗിരി സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര പഠനവും മംഗലപ്പുഴ സെമിനാരിയിൽ ദൈവശാസ്ത്ര പഠനവും നടത്തി. 1994 ഏപ്രിൽ 11 ന് അഭിവന്ദ്യ കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
പൊറ്റക്കുഴി, വാടേൽ എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ഏഴുവർഷക്കാലം മൈനർ സെമിനാരി വൈസ് റെക്‌ടർ, വിയാനി ഹോം സെമിനാരി ഡയറക്‌ടർ എന്നീ നിലകളിൽ സേവനം ചെയ്‌തു. കർത്തേടം വികാരിയായി സേവനം ചെയ്യുന്ന കാലയളവിൽ ഇടവക ദൈവാലയം പുനർനിർമ്മിച്ചു. തുടർന്ന് ജോൺ പോൾ ഭവൻ സെമിനാരി ഡയറക്‌ടർ ആയി നിയമിതനായി.
മൂന്നു വർഷങ്ങൾക്കു ശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പിരിച്വാലിറ്റിയിൽ നിന്നും ആദ്ധ്യാത്മിക ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് സെൻ്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡോക്‌ടറേറ്റും നേടിയ അദ്ദേഹംആലുവ കാർമ്മൽഗിരി സെമിനാരിയിൽ സ്‌പിരിച്ച്വൽ ഡയറക്‌ടറും പ്രൊഫസറുമായി നിയമിതനായി. ഇക്കാലയളവിൽ ചൊവ്വര, പാറപ്പുറം ദൈവാലയങ്ങളുടെ അജപാലന ശുശ്രൂഷയും നിർവ്വഹിച്ചു. ഇപ്പോൾ വല്ലാർപാടം ബസിലിക്ക റെക്‌ടറായി സേവനം ചെയ്‌തു വരുന്നു. “രൂപീകരണത്തിലെ മിസ്റ്റിക്കൽ വശങ്ങൾ”, “മിഷനനറിമാരുടെ ആത്മീയ സംഭാവനകൾ”, “മിഷനറിമാരുടെ വിശുദ്ധരോടുള്ള വണക്കവും മരിയ ഭക്തിയും” തുടങ്ങിയ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്.
മെത്രാഭിഷേകം 2024 ജൂൺ 30 ന് വല്ലാർപാടം ബസിലിക്ക അങ്കണത്തിൽ വച്ച് നടത്തപ്പെടും.