സഭാവാര്‍ത്തകള്‍ 08.12. 24
സഭാവാര്‍ത്തകള്‍ 08. 12. 24
വത്തിക്കാൻ വാർത്തകൾ
ശ്രീ നാരായാണ ധര്‍മ്മ സംഘം ടസ്റ്റ്” സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയ സംഘത്തെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.
വത്തിക്കാന്‍ : ജാതി,മത,സംസ്‌കാരഭേദമന്യേ എല്ലാവരും ഏക മാനവകുടുംബത്തിലെ അംഗങ്ങളാണെന്ന സുവ്യക്ത സന്ദേശം നല്കിക്കൊണ്ട് സാമൂഹികവും മതപരവുമായ നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആദ്ധ്യാത്മികാചാര്യനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമാണ് ശ്രീ നാരായണഗുരു എന്ന് പാപ്പാ അനുസ്മരിച്ചു.
ആര്‍ക്കുമെതിരെ ഒരു തരത്തിലും ഒരു തലത്തിലും വിവേചനം അരുത് എന്ന് ശ്രീ നാരായണഗുരു ഊന്നിപ്പറഞ്ഞിരുന്നത് അനുസ്മരിച്ച പാപ്പാ, ജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അസഹിഷ്ണുതയും വിദ്വേഷവും വര്‍ദ്ധിച്ചുവരുന്നതിന് നാം സാക്ഷികളാകുന്ന ഒരു ലോകത്തില്‍ അദ്ദേഹത്തിന്റെ സന്ദേശം എറ്റവും പ്രസക്തമാണെന്നും പാപ്പാ പറഞ്ഞു
അതിരൂപത വാർത്തകൾ
വരാപ്പുഴ അതിരൂപത ബിസിസി ക്ക് സാമൂഹ്യക്ഷേമ അവാര്‍ഡ് ലഭിച്ചു
കൊച്ചി : 2236 പേര്‍ രക്തദാനം നല്‍കിയ സ്‌നേഹ ദാനം പദ്ധതി, ക്ലീന്‍ കൊച്ചി പ്രോഗ്രാം, പാലിയേറ്റീവ് കെയര്‍ ട്രെയിനിങ്, കരുതല്‍ നേത്രദാന പദ്ധതി, സൗജന്യ മരുന്ന് വിതരണം എന്നിവ വഴി ഐ എം എ , ഇന്ത്യന്‍ റെഡ് ക്രോസ്, കേരള ആക്ഷന്‍ ഫോഴ്‌സ് , സെന്റ്. സേവിയേഴ്‌സ് കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യ ക്ഷേമ അവാര്‍ഡ് വരാപ്പുഴ അതിരൂപത ബിസിസിക്ക് ലഭിച്ചു. പത്മശ്രീ ഷെവലിയര്‍ ഡോ.ടോണി ഫെര്‍ണാണ്ടസ് നിന്ന് വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി അവാര്‍ഡ് ഏറ്റുവാങ്ങി.
എളിമയുള്ള സന്ദേശവാഹകനായിരുന്നു ഫ്രാന്‍സിസ് സേവ്യര്‍ : കര്‍ദ്ദിനാള്‍ താഗ്ലെ
ഗോവ : ആഗോള മിഷന്റെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ദിനത്തില്‍ ഗോവയിലെത്തിയ, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ പ്രീഫെക്ട് കര്‍ദ്ദിനാള്‍ താഗ്ലെ, ഒരു യഥാര്‍ത്ഥ സുവിശേഷപ്രക്ഷകന് എളിമയുണ്ടാകണമെന്ന് ഓര്‍മ്മിപ്പിച്ചു. സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാനല്ല, അയച്ചവന്റെ സുവിശേഷം അറിയിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും അത്തരമൊരു പ്രഘോഷണത്തിന്റെ മാതൃകയാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതമെന്നും കര്‍ദ്ദിനാള്‍ താഗ്ലെ പറഞ്ഞു. പത്തുവര്‍ഷത്തിലൊരിക്കല്‍ പതിവുള്ളതുപോലെ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ പൊതുവായി പ്രദര്‍ശിപ്പിച്ച അവസരത്തിലാണ് കര്‍ദ്ദിനാള്‍ താഗ്ലെ ഗോവയിലെത്തിയത്.
കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന കൃതജ്ഞെതാദിവ്യബലിയില്‍ അപ്പോസ്തോലിക് ന്യൂണ്‍ഷ്യോ മുഖ്യകാര്‍മികത്വം വഹിച്ചു .
കൊച്ചി : പരിശുദ്ധ പിതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അപ്പോസ്തോലിക് ന്യൂണ്‍ഷ്യോ മോസ്റ്റ് റവ. ഡോ. ലെയോപോള്‍ദോ ജിരെല്ലി പിതാവ്, തന്റെ സഹോദര വൈദികനായ റവ.മോണ്‍. ഇലാരിയോ ജിരെല്ലിയുടെയും, റവ. ഫാ. ജുസെപ്പേ ലോക്കാത്തെല്ലിയുടെയും വൈദീകപട്ട സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിനോടനുബന്ധിച്ച് ഡിസംബര്‍ 6 വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക് നടന്ന ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍മാര്‍. ചാന്‍സിലര്‍ ഫാ. എബിജിന്‍ അറക്കല്‍, മറ്റു വൈദീകര്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായി. വിദ്യഭ്യാസം സാമൂഹ്യം ആരോഗ്യം എന്നീ മേഖലകളില്‍ വരാപ്പുഴ അതിരൂപത ചെയ്യുന്ന എല്ലാപ്രവര്‍ത്തനങ്ങളെയും അപ്പോസ്തോലിക് ന്യൂണ്‍ഷ്യോ അഭിനന്ദിക്കുകയും ചെയ്തു.
സുവര്‍ണ ജൂബിലേറിയന്‍മാരായ രണ്ടും വൈദികരും ഇറ്റലിയിലെ ബെര്‍ഗാമോ രൂപതയില്‍ സേവനം അനുഷ്ടിക്കുന്നവരാണ്.