സഭാവാര്‍ത്തകള്‍ : 12.01. 25
![സഭാവാര്‍ത്തകള്‍ : 12.01. 25](https://keralavani.com/wp-content/uploads/2025/01/best-of-india-record-catechism-850x560.jpg)
സഭാവാര്‍ത്തകള്‍ : 12.01.25
വത്തിക്കാൻ വാർത്തകൾ
ചരിത്രത്തില്‍ ആദ്യമായി, വത്തിക്കാനിലെ ഒരു ഡിക്കസ്റ്ററിയില്‍ (ഭരണകാര്യാലയത്തില്‍) ഒരു സമര്‍പ്പിത പ്രീഫെക്റ്റായി നിയമിക്കപ്പെട്ടു .
വത്തിക്കാന്‍ : സമര്‍പ്പിതര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പുതിയ മേധാവിയായി ഇറ്റാലിയന്‍ സമര്‍പ്പിതയായ സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. മാര്‍ച്ച് 27ന് 60 വയസ്സ് പൂര്‍ത്തിയാകുന്ന സിസ്റ്റര്‍ സിമോണ, കോണ്‍സലാത്ത സന്യാസസമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതേ കാര്യാലയത്തിന്റെ സെക്രട്ടറി സ്ഥാനം വഹിച്ചുവരവെയാണ്, ചരിത്രപരമായ ഈ പുതിയ നിയമനം നടക്കുന്നത്
അതിരൂപത വാർത്തകൾ
വൈപ്പിൻ -മുനമ്പം മനുഷ്യചങ്ങലയില്‍ അരലക്ഷത്തിലധികം പേര്‍ പങ്കാളികളായി
കൊച്ചി : മുനമ്പത്ത് വഖഫ് അവകാശവാദത്തിന്റെ പേരിൽ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട ഭൂ ഉടമകൾക്ക് റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വൈപ്പിൻ – മുനമ്പം മനുഷ്യചങ്ങലയിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യ കണ്ണി യായി. സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കലും അദ്ദേഹത്തോടൊപ്പം ചേർന്നു. വൈപ്പിനിൽ, ഫോർട്ട് വൈപ്പിൻ ഭാഗത്തുനിന്ന് ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിലാണ് ആർച്ച് ബിഷപ്പ് ആദ്യ കണ്ണിയായത് *
മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോർഡും കേരള സർക്കാരും അംഗീകരിക്കണം എന്ന് വരാപ്പുഴ അതിരൂപതാ അധ്യക്ഷൻ ഡോ ജോസഫ് കളത്തി പറമ്പിൽ അഭിപ്രായപ്പെട്ടു. വൈപ്പിൻ ജനത ആകമാനം ഫോർട്ട് വൈപ്പിൻ മുതൽ മുനമ്പം വരെ കൈകോർത്തുപിടിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വൈപ്പിന്‍കരയിലെയും കോട്ടപ്പുറം രൂപതയിലേയും ഇടവക സമൂഹങ്ങളില്‍ നിന്നുള്ള അരലക്ഷത്തില്‍ അധികം ജനങ്ങളും രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രമുഖരും മനുഷ്യചങ്ങലയില്‍ പങ്കാളികളായി. പലയിടത്തും ചങ്ങല മനുഷ്യമതിലായി. നൂറോളം വൈദികരും സന്യാസിനികളും ചങ്ങലയില്‍ കണ്ണികളായതെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു
വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് ബെസ്റ്റ് ഓഫ് ഇൻഡ്യ റെക്കോർഡ്
കൊച്ചി : വിശുദ്ധ ലൂക്കായുടെ സുവിശേഷം സ്വന്തം കൈപ്പടയിൽ പകർത്തി എഴുതിയ 3500 പേരുടെ മഹാസംഗമത്തിന് വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു. ഡൽഹി ആസ്ഥാനമായ ഇൻക്യുബ് മീഡിയ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും റെക്കോർഡ് രേഖകളും മെഡലും മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപ്പറമ്പിൽ ഏറ്റുവാങ്ങി. 2024 ഡിസംബർ 29 ന് എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് സംഗമം നടന്നത്. സുവിശേഷദീപം എന്ന പേരിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത 3500ത്തിലധികം വരുന്ന മതബോധന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.
കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം ആളുകൾ ഒരുമിച്ച് സുവിശേഷം സ്വന്തം കൈപ്പടയിൽ എഴുതുന്നതെന്ന് അധികൃതർ പറഞ്ഞു.
സുവിശേഷ ദീപ സംഗമം സംഘടിപ്പിച്ച എല്ലാവരെയും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുമോദിച്ചു. മതബോധന കമ്മീഷന് ലഭിച്ച അംഗീകാരം വരാപ്പുഴ അതിരൂപത മുടെ അഭിമാന നിമിഷമാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡുകളും സർട്ടിഫിക്കറ്റും അഭിവന്ദ്യ ആർച്ച് ബിഷപ് പരിശോധിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.