സഭാവാര്‍ത്തകള്‍ : 26.01.25*

സഭാവാര്‍ത്തകള്‍ : 26.01.25*
വത്തിക്കാൻ വാർത്തകൾ
ജൂബിലി വര്‍ഷത്തില്‍ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേര്‍ന്ന് യാത്രചെയ്യുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാൻ : ”ദിലെക്‌സിത് നോസ്” എന്ന തന്റെ ചാക്രികലേഖനത്തില്‍ താന്‍ ഉദ്‌ബോധിപ്പിച്ചതുപോലെ, ക്രിസ്തുവിന്റെ ഹൃദയത്തിന്റെ മാനുഷിക-ദൈവികസ്‌നേഹം തിരിച്ചറിഞ്ഞും അനുഭവിച്ചും, അനുകരിച്ചും ജൂബിലി വര്‍ഷത്തില്‍ മുന്നോട്ടുപോകാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ‘പാപ്പായുടെ ആഗോളപ്രാര്‍ത്ഥനാശൃംഖല’ എന്ന പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്ക് വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ്, ജൂബിലി വര്‍ഷത്തില്‍ ഏവര്‍ക്കുമുണ്ടായിരിക്കേണ്ട വിശ്വാസമനോഭാവത്തെക്കുറിച്ച് പാപ്പാ ഉദ്‌ബോധിപ്പിച്ചത്.
അതിരൂപത വാർത്തകൾ
വെല്ലുവിളികളെ നേരിടാന്‍ ക്രൈസ്തവര്‍ ഒരുമിക്കണം : ബിഷപ്പ് ആന്റെണി വാലുങ്കല്‍
കൊച്ചി : ക്രൈസ്തവ സഭകള്‍ ഒരുമിച്ചു ചേരാവുന്ന മേഖലകളില്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ‘ക്രൈസ്തവര്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയുകയുള്ളൂവെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റൈറ്റ്. റവ. ഡോ. ആന്റെണി വാലുങ്കല്‍ അഭിപ്രായപ്പെട്ടു. 2025 ജനുവരി പത്തൊമ്പതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വരാപ്പുഴ അതിരൂപത അതിമെത്രാസന മന്ദിരത്തില്‍ വച്ച് വരാപ്പുഴ അതിരൂപത എക്യുമെനിസം ആന്റ് ഡയലോഗ് കമ്മീഷന്‍ സംഘടിപ്പിച്ച സഭൈക്യ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പഴ അതിരൂപത എക്യമെനിസം കമ്മീഷന്‍ ഡയറക്ടര്‍ ഫാ. സോജന്‍ മാളിയേക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ.ജിജോ ജോര്‍ജ്ജ് CSI, KRLCBC എക്യുമെനിസം കമ്മീഷന്‍ സെക്രട്ടറി ഫാ.ഷാനു ഫെര്‍ണ്ണാണ്ടസ്, ഫാ.സക്കറിയാസ് തോമസ് ഓര്‍ത്തഡോക്‌സ് സഭ എന്നീ വൈദീകര്‍ പ്രസംഗിച്ചു.
സുകൃതങ്ങള്‍ നിറഞ്ഞ ജീവിതം വഴി അതിരൂപതയെ നയിച്ച പിതാവായിരുന്നു ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി : ആര്‍ച്ച്ബിഷപ്പ്കളത്തിപ്പറമ്പില്‍
കൊച്ചി : ദൈവദാസന്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ 56-ാം ചരമവാര്‍ഷിക ദിനവും ദൈവദാസപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ 5-ാം വാര്‍ഷികദിനവുമായ ജനുവരി 21 ന് വൈകുന്നേരം 5 30ന് സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രലില്‍ നടന്ന കൃതഞ്ജതാ ദിവ്യബലിയില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. കല്ലുങ്കല്‍, മോണ്‍. ഇലഞ്ഞിമിറ്റം, മറ്റു വൈദീകരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി.