ദേവാസ്ത് : അരൂപത്തിലേക്കുള്ള വിളി പ്രകാശനം ചെയ്തു

ദേവാസ്ത് : അരൂപത്തിലേക്കുള്ള വിളി പ്രകാശനം ചെയ്തു.
കൊച്ചി : ക്രൈസ്തവാനുഷ്ഠാന കലയായ ദേവാസ്തിനെക്കുറിച്ച് ചരിത്രാന്വേഷകനും കഥാകൃത്തുമായ ഡോ. മേരിദാസ് കല്ലൂർ രചിച്ച മലയാളത്തിലെ പ്രഥമ കൃതി ” ദേവാസ്ത്: അരൂപത്തിലേക്കുള്ള വിളി ” പ്രകാശനം ചെയ്തു. എറണാകുളം ആശിർഭവനിൽ വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ സാഹിത്യ കൂട്ടായ്മയിൽ കെ.സി.ബി.സി സെക്രട്ടറി ജനറൽ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പുസ്തക പ്രകാശനം നിർവഹിച്ചു. നോവലിസ്റ്റ് പി.എഫ്. മാത്യൂസ് ആദ്യ കോപ്പി ഏറ്റുവാങ്ങി. ആശീർഭവൻ ഡയറക്ടർ റവ.ഡോ. വിൻസന്റ് വാര്യത്തിന്റെ ആമുഖ ഭാഷണത്തോടെ ആരംഭിച്ച പ്രകാശന ചടങ്ങിൽ കേരള സാഹിത്യ മണ്ഡലം പ്രസിഡന്റ് കെ.എ.ഉണ്ണിത്താൻ, കെ.സി.ബി.സി ഡപ്യൂട്ടി സെക്രട്ടറി ഫാ.തോമസ് തറയിൽ പത്രപ്രവർത്തകൻ ജിജോ പുത്തേഴത്ത്, സെന്റ് തെരേസാസ് കോളജ് പ്രൊഫസർ ഡോ. ലില്ലി ജോർജ്, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗറി പോൾ , ഗ്രന്ഥകർത്താവ് ഡോ. മേരി ദാസ് എന്നിവർ പ്രസംഗിച്ചു.
15-ാം നൂറ്റാണ്ടു മുതൽ പരമ്പരാഗതമായി കൈമാറിപ്പോരുന്ന അനുഷ്ഠാന കലയായ ദേവാസ്ത് പുസ്തക പ്രകാശനത്തെത്തുടർന്ന് പോർച്ചുഗീസ് , സംസ്കൃതം, തമിഴ്, മലയാളം തുടങ്ങിയ നാലു ഭാഷകളിൽ ദേവാസ്ത് അവതരണവും ഉണ്ടായിരുന്നു.