ലഹരിക്കെതിരെ ഉണർന്ന് യുവത്വം; “ലഹരിക്കെതിരെ ഉണരുക” പരിപാടി ശ്രദ്ധേയമായി

ലഹരിക്കെതിരെ ഉണർന്ന് യുവത്വം; “ലഹരിക്കെതിരെ ഉണരുക” പരിപാടി ശ്രദ്ധേയമായി.
കൊച്ചി : വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും അത് യുവതലമുറയിൽ ഉണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, യുവജനങ്ങളെ ഈ വിപത്തിൽ നിന്ന് രക്ഷിക്കുന്നതിനായി കെ.ആർ.എൽ.സി.ബി.സി ടെമ്പറൻസ് കമ്മീഷനും വരാപ്പുഴ അതിരൂപതാ ടെമ്പറൻസ് കമ്മീഷനും വരാപ്പുഴ അതിരൂപത മദ്യ-ലഹരി വിരുദ്ധ സമിതിയും സംയുക്തമായി സംഘടിപ്പിച്ച “ലഹരിക്കെതിരെ ഉണരുക” (RISE UP AGAINST DRUGS) എന്ന ലഹരി വിരുദ്ധ പ്രോഗ്രാം ശ്രദ്ധേയമായി. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി.റവ.മോൺ. മാത്യു കല്ലിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.
“യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്” എന്ന് വെരി.റവ.മോൺ. മാത്യു കല്ലിങ്കൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കെ.ആർ.എൽ.സി.ബി.സി ടെമ്പറൻസ് കമ്മീഷൻ സെക്രട്ടറി റവ.ഫാ.തോമസ് ഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, വരാപ്പുഴ അതിരൂപത ടെമ്പറൻസ് കമ്മീഷൻ ഡയറക്ടർ റവ.ഫാ.ജോസഫ് ഷെറിൻ ചെമ്മായത്ത്, കെ.ആർ.എൽ.സി.ബി.സി ടെമ്പറൻസ് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി അലക്സ് മുല്ലാപറമ്പൻ, കൊച്ചി രൂപത ടെമ്പറൻസ് കമ്മീഷൻ ഡയറക്ടർ റവ.ഫാ.ആന്റണി അറയ്ക്കൽ, ജെസ്റ്റിൻ മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു.
“ലഹരിയുടെ ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും തകർക്കുന്നു” എന്ന് റവ.ഫാ.തോമസ് ഷൈജു തന്റെ അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. കെ.ആർ.എൽ.സി.ബി.സി ടെമ്പറൻസ് കമ്മീഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ഡിക്സൻ റോഡ്രിഗ്സ് സ്വാഗതവും വൈസ് പ്രസിഡന്റ് ജെസ്സി ഷാജി നന്ദിയും പറഞ്ഞു.
യുവജനങ്ങളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ പ്രോഗ്രാമിന്റെ ഭാഗമായി നടന്നു.