ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു: വത്തിക്കാന്‍ പ്രെസ് ഓഫീസ്

ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു : വത്തിക്കാന്‍ പ്രെസ് ഓഫീസ്
വത്തിക്കാന്‍ : 38 ദിവസം ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം മാര്‍ച്ച് 23 ഞായറാഴ്ച വത്തിക്കാനിലെ സാന്താ മാര്‍ത്ത ഭവനത്തില്‍ തിരികെയെത്തിയ ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും, ഓക്‌സിജന്‍ നല്‍കുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും, പാപ്പായുടെ ശബ്ദവും ചലനശേഷിയും മെച്ചപ്പെട്ടുവരുന്നുവെന്നും പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മ്മികനായി പങ്കെടുക്കുന്ന പാപ്പാ, സാധാരണ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും, വത്തിക്കാന്‍ കൂരിയയിലെ വിവിധ ഡികാസ്റ്ററികളില്‍നിന്നെത്തുന്ന രേഖകള്‍ പരിശോധിക്കുന്നത് തുടരുന്നുവെന്നും അറിയിച്ച പ്രെസ് ഓഫീസ് ഏപ്രില്‍ 7 തിങ്കളാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രെട്ടറി പിയെത്രോ പരൊളീന് അദ്ദേഹം കൂടിക്കാഴ്ച അനുവദിച്ചിരുന്നുവെന്ന് വ്യക്തമാക്കി..
മുന്‍പ് അറിയിച്ചിരുന്നതില്‍നിന്ന് വ്യത്യസ്തമായി, ഏപ്രില്‍ 5, 6 തീയതികളിലായി ആചരിക്കപ്പെട്ട രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും ജൂബിലിച്ചടങ്ങുകളുടെ അവസരത്തില്‍, വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഏപ്രില്‍ 6 ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയുടെ അവസാനം ചത്വരത്തിലെത്തിയ പാപ്പാ ആളുകളെ അഭിസംബോധന ചെയ്തിരുന്നു.
വിശുദ്ധവാരച്ചടങ്ങുകളില്‍ പാപ്പായുടെ സാന്നിദ്ധ്യം സംബന്ധച്ച തീരുമാനം ഇനിയും ആയിട്ടില്ലെന്ന് അറിയിച്ച പ്രെസ് ഓഫീസ്, ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലേക്കും ഞായറാഴ്ചകളിലെ ത്രികാലജപപ്രാര്‍ത്ഥനാവേളയിലേക്കും തയ്യാറാക്കപ്പെടുന്ന സന്ദേശങ്ങള്‍ കഴിഞ്ഞ ആഴ്ചകളിലെന്നപോലെ പ്രസിദ്ധീകരിക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.