‘പെത്രോസ് എനി’ പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു

‘പെത്രോസ് എനി’ പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു.
വത്തിക്കാൻ സിറ്റി : നൂറ്റാണ്ടുകളായി, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പരിണാമത്തിന്റെ പ്രധാന വശങ്ങൾ പ്രദർശിപ്പിക്കുന്ന, ഡിജിറ്റൽ പര്യവേക്ഷണത്തിലൂടെ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും നൂതനമായ ഒരു സന്ദർശനാനുഭവം നൽകുന്ന ഒരു ദൃശ്യാനുഭവമായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയും, മൈക്രോസോഫ്റ്റും ചേർന്ന്, നിർമ്മിച്ച ‘പെത്രോസ് എനി’ പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു. കഴിഞ്ഞ മൂന്നുവർഷങ്ങളായി തുടരുന്ന പരിശ്രമങ്ങളാണ് ഇവിടെ യാഥാർഥ്യമാകുന്നത്.
അപ്പസ്തോലന്മാരുടെ നേതാവായ വിശുദ്ധ പത്രോസിന്റെ ചരിത്രത്തെയും, ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ബസിലിക്കയെയും കുറിച്ചുള്ള ആഴത്തിലുള്ള ഈ പ്രദർശനത്തിന്റെ ശീർഷകം പത്രോസ് ഇവിടെ ഉണ്ട് എന്നർത്ഥം വരുന്ന ‘പെത്രോസ് എനി’എന്നാണ്. ഭൂതകാലത്തിന്റെയും വർത്തമാനത്തിന്റെയും അഭൂതപൂർവമായ സമന്വയത്തിൽ ആത്മീയത, കല, സാങ്കേതികവിദ്യ എന്നിവ ഇഴചേർന്ന ഒരു യാത്രയാണ് ഈ പ്രദർശനം. ബസിലിക്കയുടെ താഴികക്കുടത്തെ പിന്തുണയ്ക്കുന്ന തൂണുകളിലൊന്നിനുള്ളിൽ സ്ഥിതിചെയ്യുന്ന “ഒക്ടാഗണൽ മുറികൾ” എന്ന ഭാഗത്താണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ഈ യഥാർത്ഥ വെർച്വൽ പുനർനിർമ്മാണം ഓരോ സന്ദർശകന്റെയും ഹൃദയത്തിൽ ആത്മീയമായ പ്രചോദനം നല്കുമെന്നതിൽ തെല്ലും സംശയമില്ല. പെത്രോസ് എനി’ പ്രദർശനം, തീർത്ഥാടകരുടെ മനസ്സിൽ നവമായ ഒരു ഹൃദയം സൃഷ്ടിക്കുന്നതിന് സഹായകരമാകുമെന്ന് ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി പറഞ്ഞു. എല്ലാ ദിവസവും രാവിലെ 8. 30 മുതൽ വൈകുന്നേരം 17 വരെയാണ് പ്രദർശനം. ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. www.basilicasanpietro.va എന്ന പേജിൽ നിന്നുമാണ് ടിക്കറ്റുകൾ എടുക്കേണ്ടത്.