മെഡ്ജുഗോറിമരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപങ്ങള്‍ വികൃതമാക്കി

മെഡ്ജുഗോറിമരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപങ്ങള്‍ വികൃതമാക്കി.
മെഡ്ജുഗോറി: മരിയന്‍ പ്രത്യക്ഷീകരണം കൊണ്ട് ശ്രദ്ധ നേടിയ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബോസ്നിയ & ഹെര്‍സെഗോവിനയിലെ മെഡ്ജുഗോറിയില്‍ അതിക്രമം. അക്രമികള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങള്‍ വികൃതമാക്കുകയും അള്‍ത്താരയ്ക്ക് തീയിടുകയും ചെയ്തു. മെഡ്ജുഗോറി തീര്‍ത്ഥാടന കേന്ദ്രത്തില്‍, വാര്‍ഷിക യുവജനോത്സവമായ ‘മ്ലാഡിഫെസ്റ്റ്’ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, 2026 ജൂലൈ 28 ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
അക്രമികള്‍ പരിശുദ്ധ അമ്മയുടെ രണ്ട് രൂപങ്ങള്‍ വികൃതമാക്കുകയും സെന്റ് ജെയിംസ് പള്ളിയുടെ പുറത്തുള്ള ബലിപീഠത്തിന് തീവെക്കുകയും ചെയ്തു. ദര്‍ശന മല എന്നറിയപ്പെടുന്ന പോഡ്ബ്രഡോയില്‍ സ്ഥാപിച്ചിരിന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന്റെ മുഖത്തും നെഞ്ചിലും വസ്ത്രത്തിലും കറുത്ത പെയിന്റ് ഒഴിച്ച നിലയിലും പീഠത്തില്‍ ‘പാവാടയിട്ട സാത്താന്’ എന്ന് എഴുതിയ നിലയിലും കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമീപത്തുള്ള കല്ഫലകത്തില് ‘തിന്മ’ എന്ന് എഴുതിയിരുന്നു. ഈ സംഭവത്തിന് അരമണിക്കൂറിനുശേഷം സെന്റ് ജെയിംസ് പള്ളിയുടെ പിന്നിലുള്ള ഔട്ട്ഡോര്‍ അള്‍ത്താരയ്ക്ക് തീയിടുകയും ചെയ്തു.
അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമിയായ ഒരാള്‍ പുലര്‍ച്ചെ അള്‍ത്താരയിലെത്തി ദ്രാവകം ഒഴിച്ച് തീയിടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അന്‍പതിനായിരത്തിലേറെ യുവജനങ്ങള്‍ പങ്കെടുക്കുന്ന വാര്‍ഷിക പ്രാര്‍ത്ഥനാസംഗമത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ അതിക്രമം. അതിക്രമത്തില്‍ വെറുപ്പോ പ്രതികാര ചിന്തയോ പ്രകടിപ്പിക്കരുതെന്നും പ്രാര്‍ത്ഥനയിലൂടെയും ക്ഷമയിലൂടെയും നേരിടണമെന്നും സഭാനേതൃത്വം അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അതേസമയം ഓഗസ്റ്റ് ഒന്നുമുതല്‍ ആ റുവരെ നടക്കാനിരിക്കുന്ന 37-ാമത് യുവജന സംഗമം ‘മ്ലാഡിഫെസ്റ്റ്’ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു