ഫ്രാന്‍സിസ് പാപ്പായുടെ ലാംബെദൂസ സന്ദര്‍ശനസ്മരണ പുതുക്കി ലിയോ പതിനാലാമന്‍

ഫ്രാന്‍സിസ് പാപ്പായുടെ ലാംബെദൂസ സന്ദര്‍ശനസ്മരണ പുതുക്കി ലിയോ പതിനാലാമന്‍.
2013 ജൂലൈ എട്ടിന്, ധാരാളം അഭയാര്‍ത്ഥികള്‍ എത്തിച്ചേരുന്ന ഇറ്റലിയിലെ ദ്വീപായ, ലാംബെദൂസയിലേക്ക്, ഫ്രാന്‍സിസ് പാപ്പാ നടത്തിയ സന്ദര്‍ശനത്തിന്റ സ്മരണ പുതുക്കികൊണ്ട്, ജൂലൈ നാലാം തീയതി, ലിയോ പതിനാലാമന്‍ പാപ്പാ അജപാലന സന്ദര്‍ശനം നടത്തി.
2026 ജൂലൈ 4 ന്, മെഡിറ്ററേനിയന്‍ കടല്‍ കടക്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള പ്രധാന പ്രവേശന കവാടമായ, ഇറ്റലിയിലെ ലാംബെദൂസ ദ്വീപിലേക്കുള്ള സന്ദര്‍ശന വേളയില്‍, ലിയോ പതിനാലാമന്‍ പാപ്പാ, രക്ഷാപ്രവര്‍ത്തനത്തിന്റെയും അതിജീവനത്തിന്റെയും യൂറോപ്യന്‍ മാനുഷിക സഹായത്തിന്റെയും ആഴത്തിലുള്ള പ്രതീകമായിട്ടുള്ള, മോളോ ഫാവലോറോ, എന്ന കോണ്‍ക്രീറ്റ് ശില ആശീര്‍വദിച്ചു. തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് പാപ്പായ്ക്ക് സമര്‍പ്പിക്കപ്പെട്ടതാണ് ഈ ശില. ലാംബെദൂസയില്‍ എത്തിച്ചേര്‍ന്ന പാപ്പയെ, മേയര്‍ ഡോ. ഫിലിപ്പോ മന്നിനോ, ഔദ്യോഗികമായി സ്വാഗതം ചെയ്തു സംസാരിച്ചു.

പാപ്പായുടെ സന്ദര്‍ശനം, ഏവര്‍ക്കും, ഒരു വലിയ സമ്മാനവും, സഹോദര തുല്യമായ ഒരു ആര്‍ദ്രതയും നല്‍കുന്നതോടൊപ്പം, ഒരു വലിയ ഉത്തരവാദിത്വവും ഓര്‍മ്മപ്പെടുത്തുന്നുവെന്നു മേയര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. അനേകം ആളുകള്‍ രക്ഷയും അന്തസ്സും ഭാവിയും തേടിയെത്തിയ സ്ഥലമെന്ന നിലയില്‍, അവരുടെ ജീവിതത്തിന്റെ മൂല്യവും ഭാരവും നന്നായി അറിയാവുന്ന ആളുകളാണ് ലാംബെദൂസയില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതീകാത്മകമായി ഒരു ദീപവും പാപ്പായ്ക്ക് നല്‍കി. രാത്രിയില്‍ പ്രകാശിക്കുകയും, വഴി കാണിക്കുകയും, തീരം തേടുന്നവരെ അനുഗമിക്കുകയും, ഇരുട്ടില്‍ ആരും നഷ്ടപ്പെടരുതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ദീപസ്തംഭമെന്നു അദ്ദേഹം എടുത്തു പറഞ്ഞു. തീരുമാനമെടുക്കാന്‍ അധികാരമുള്ളവര്‍ മുറിവേറ്റ ജനതയുടെ നിലവിളി കേള്‍ക്കട്ടെ എന്ന പ്രത്യാശയും മേയര്‍ പങ്കുവച്ചു.


തന്റെ മറുപടി പ്രസംഗത്തില്‍, ലിയോ പതിനാലാമന്‍, തന്റെ മുന്‍ഗാമിയായ, ഫ്രാന്‍സിസ് പാപ്പാ, ലാംബെദൂസയിലേക്ക് നടത്തിയ സന്ദര്‍ശനം അനുസ്മരിച്ചു. ഇന്നും, പാപ്പാ, ലാംബെദൂസയിലെ ജനതയ്‌ക്കൊപ്പം ഉണ്ടെന്നും, അവരെ പിന്തുണയ്ക്കുകയും, പ്രോത്സാഹപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും എടുത്തുപറഞ്ഞു.
തന്റെ ഈ സന്ദര്‍ശനം, നീണ്ട പ്രഭാഷണങ്ങള്‍ക്കു വേണ്ടിയല്ല മറിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ പരമോന്നത അടയാളമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനു വേണ്ടിയാണെന്നു പാപ്പാ പറഞ്ഞു. നമുക്കായി അപ്പം മുറിക്കുമ്പോള്‍, നമ്മുടെ ദൈനംദിനമുള്ള സഹായങ്ങള്‍ക്കും, പങ്കുവയ്ക്കലിനും അര്‍ത്ഥം നല്‍കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. വാക്കുകളേക്കാള്‍ ശരീര ഭാഷയാണ് ഈ ദ്വീപില്‍, കൂടുതല്‍ സംവദിക്കുന്നതെന്നും, എന്നാല്‍, ഇവ മാനുഷികമാകണെമങ്കില്‍, ഹൃദയം കൂടിയേ തീരൂ എന്നും പാപ്പാ പറഞ്ഞു.