റാഫേലിയൻ അക്കാദമി ഫോർ ലൈറ്റി ഫോർമേഷൻ (RALF) പഠനപരമ്പരയ്ക്ക് പ്രൗഢോജ്വല തുടക്കം.

റാഫേലിയൻ അക്കാദമി ഫോർ ലൈറ്റി ഫോർമേഷൻ (RALF) പഠനപരമ്പരയ്ക്ക് പ്രൗഢോജ്വല തുടക്കം.
വരാപ്പുഴ അതിരൂപതയിലെ തൈക്കൂടം സെന്റ് റാഫേൽസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന റാഫേലിയൻ അക്കാദമി ഫോർ ലൈറ്റി ഫോർമേഷൻ (RALF) സംഘടിപ്പിക്കുന്ന “RALF Series – 1: ബൈബിൾ–ലിറ്റർജി പഠനശിബിരം” എന്ന പഠനപരമ്പരയ്ക്ക് പ്രൗഢോജ്വല തുടക്കമായി.
ഈ പരിപാടിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത ലിറ്റർജി കമ്മീഷൻ ചെയർമാനും കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരി റെക്ടറുമായ പെരിയ ബഹു. ഡോ. ജോബ് വാഴക്കൂട്ടത്തിൽ നിർവഹിച്ചു. തൈക്കൂടം സെന്റ് റാഫേൽസ് ദേവാലയ വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കലും, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് റോമിയോയും ചടങ്ങിൽ ആശംസകൾ നേർന്നു.
തുടർന്ന്, ബൈബിളും ലിറ്റർജിയും പരസ്പരം എങ്ങനെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശ്വാസജീവിതത്തിൽ അവയ്ക്കുള്ള പ്രാധാന്യവും വിശദീകരിച്ചുകൊണ്ട് പെരിയ ബഹു. ഡോ. ജോബ് വാഴക്കൂട്ടത്തിൽ ആദ്യ ക്ലാസിന് നേതൃത്വം നൽകി.
എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ 8.30 വരെ നടക്കുന്ന ഈ പഠനപരമ്പരയിൽ പ്രായപരിധിയില്ലാതെ ഏവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് പഠനസാമഗ്രികളും കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകുന്നതാണ്.
പരിശുദ്ധ കുർബാനയെയും വിശുദ്ധ ഗ്രന്ഥത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കി വിശ്വാസജീവിതം സമ്പന്നമാക്കാൻ ആഗ്രഹിക്കുന്ന അൽമായർക്കായി ഈ പഠനപരമ്പര ഏറെ പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.