അവൻ ആരാണ് ?

ദൈവത്തെ അറിയുക , അറിഞ്ഞ ദൈവത്തെ പേര് ചൊല്ലിവിളിക്കുക എന്നത് എക്കാലത്തും ലോക ചരിത്രത്തിലെ താത്വിക,  ആത്‌മീയ അന്വേഷകരുടെ പരമ പ്രധാന വിഷയമായിരുന്നു. വചനമെന്നും (logos ) പരമമെന്നും ( the absolute ) ചലിക്കാതെ എല്ലാത്തിനെയും ചലിപ്പിക്കുന്നവനെന്നും (unmoved mover)  വിവിധ നാമങ്ങളിൽ ലോകം അഭിസംബോധന ചെയ്ത, ആ വേദാന്ത പൊരുളിന്റെ വേദപുസ്തകത്തിലെ നാമമാണ്,  “ദൈവം രക്ഷിക്കുന്നു” എന്നർത്ഥമുള്ള സാക്ഷാൽ ദൈവപുത്രനായ യേശു.                                                                                                                                 

പൊതുസമൂഹം ഒന്നാകെ അയാൾക്കെതിരെ ആഞ്ഞടിച്ചപ്പോൾ ആ ചെറുപ്പക്കാരന്റെ പ്രായം 33 . അയാളുടെ ശിക്ഷ്യന്മാരും സുഹൃത്തുക്കളും പ്രതിസന്ധി മദ്ധ്യേ ചിതറി ഓടി . അപഹാസനായി വിധിക്കപ്പെട്ട്,  സ്വന്തം ശിക്ഷ്യനാൽ ഒറ്റികൊടുക്കപ്പെട്ടു അയാൾ രണ്ടു കള്ളൻമാരുടെ നടുവിൽ മൃഗീയമായി  ക്രൂശിക്കപ്പെട്ടു . കുരിശിൽ പ്രാണൻ വെടിയവേ ഏക സമ്പത്തായ അവന്റെ മേലങ്കി അവർ ചിട്ടിയിട്ടു വീതം വെച്ചു ,  അവസാനം കടം എടുക്കപെട്ട കല്ലറയിൽ അവന്റെ ശരീരം സംസ്കരിക്കപ്പെടുകയും മൂന്നാംദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്തിട്ട്  ,ഇന്ന് രണ്ട് സഹസ്രാബ്ദങ്ങൾ പിന്നിടുന്നു.

എന്നിട്ടും അവനാണ് ഇന്ന് ചരിത്രത്തിലെ മാനവരാശിയുടെ കേന്ദ്ര ബിന്ദു,  കാരണം ലോകത്തിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും അവന്റെ അനുയായികളായ  ക്രിസ്ത്യാനികളാണ് . അവന്റെ ജീവന്റെ തുടിപ്പുള്ള ബൈബിളാണ് ലോകത്തിൽ ഏറ്റവും അധികം ഭാഷകളിൽ തർജിമ ചെയ്യപ്പെട്ട പുസ്തകം. ഇന്നോളം അവന്റെ ജീവഗാഥയായ ബൈബിളിനെ പോലെ മനുഷ്യനെ സ്വാധീനിച്ച, പരിവർത്തനപ്പെടുത്തിയിട്ടുള്ള  മറ്റൊരു പുസ്തകവുമില്ല , ഇനിയൊട്ടു ഉണ്ടാകാനും പോകുന്നില്ല.

ശത്രു സ്നേഹത്തിന്റെ മൂർത്തിഭാവമായ യേശുവിനെ ബൈബിളിന്റെ താളുകളിൽ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഇന്ത്യൻ സ്വതന്ത്രസമരത്തിന്റെ ചരിത്രവും സമരമുറകളും  മറ്റൊന്നായിരുന്നേനേ, എന്ന രാഷ്ടപിതാവായ ഗാന്ധിജിയുടെ ഏറ്റുപറച്ചിൽ തന്നെ ലോക മനഃസാക്ഷിയുടെ, ചരിത്രവിഗതികളെ നിയന്ത്രിക്കുന്നതിൽ യേശുവിന്റെ പങ്ക് എത്ര നിർണായകമായിരുന്നു എന്ന് വെളിപ്പെടുത്തുന്നു.

         ലോകത്തിൽ ഇതുവരെ നടന്നിട്ടുള്ള സൈനിക പടയോട്ടങ്ങളും പാർലമെന്റ് സമ്മേളനങ്ങളും  സകല രാജാക്കന്മാരുടെ രാജവാഴ്ചയും ഒത്തുചേർന്നാലും ആൾക്കൂട്ടത്തിൽ തനിയെ എന്നപോലെ ഏകാന്തയാത്ര ചെയ്ത, ക്രിസ്തു എന്ന ചെറുപ്പക്കാരനെപോലെ , ലോകചരിത്രത്തെ  സ്വാധീനിച്ചിട്ടുള്ള , പരിവർത്തനപ്പെടുത്തിയിട്ടുള്ള മറ്റൊരു ജന്മവും ഉണ്ടായിട്ടില്ല. വേദപുസ്തകത്തിലെ ”യേശു” വെന്ന് വിളിക്കപ്പെടുന്ന ആ വേദാന്ത പൊരുളിന്റെ  അനന്യതയും വൈശിഷ്ട്യവും എന്താണ്  ?.

ജനനത്തിലുള്ള  അനന്യത

ലോകത്തിലെ സർവ്വ മതനേതാക്കളുടെയും ആത്മീയ ആചാര്യൻമാരുടെയും ജനനത്തിന് അവർ തങ്ങളുടെ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുന്നു , കാരണം അവരുടെ ശാരീരിക ബന്ധത്തിന്റെ ഫലങ്ങളായിരുന്നു അവരുടെ മക്കൾ. എന്നാൽ യേശുവിന്റെ ജനനം സ്ത്രീപുരുഷബന്ധത്തിൽ നിന്നായിരുന്നില്ല . ദൈവത്തിന്റെ പ്രത്യേക പദ്ധതിപ്രകാരം പുരുഷബന്ധം കൂടാതെയായിരുന്നു അവന്റെ ജനനം എന്നുള്ളത് ബൈബിളും,  കൂടാതെ   ലോകത്തിലെ ചില ഇതരപ്രമുഖ മതഗ്രന്ധങ്ങളും അവിതർക്കിതമായി അംഗീകരിക്കുന്ന ചരിത്രസത്യമാണ് ,ആകയാൽ പുരുഷബന്ധമേൽക്കതെ ഭൂജാതനായ അവൻ, ഭൂമിയിലെ മാതാപിതാക്കളുടെ ഇച്ഛയിൽ നിന്ന് ഭൂജാതരായ സകല ഗുരുക്കന്മാരെക്കാളും , ആത്മീയ ആചാര്യന്മാരെക്കാളും ശ്രേഷ്ഠനാണ് .

പഠനത്തിലും പ്രബോധനത്തിലുമുള്ള  അനന്യത

തങ്ങളുടേതായ നിലപാടുകളും സാമ്രാജ്യവും സ്ഥാപിക്കാൻ ഏത്‌ പൈശാചിക മാര്ഗങ്ങളും അവലംബിക്കാനും ആരെയും കൊന്നൊടുക്കാനുമുള്ള കപട ആത്മീയ ആചാര്യന്മാരുടെ ലോകത്ത് അവൻ ശത്രുസ്നേഹത്തിന്റെ ഉദാത്ത മാതൃകയായി . നിരപരാധി ആയിരുന്നിട്ടും, തന്നെ ക്രൂരമായി ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ചവർക്കുവേണ്ടി അവൻ കുരിശിൽക്കിടന്ന് പ്രാർത്ഥിച്ചു. ലോകത്തിന്റെ രക്ഷകനായി ഭൂമിയിലേക്ക് കടന്നുവന്ന അവന്റെ സ്നേഹത്തിന് നിലാകാശത്തിന്റെ വീതിയും ആഴിയുടെ ആഴവും ഉണ്ടായിരുന്നു. ശത്രുസ്നേഹവും ,സഹിഷ്ണുതയുമാണ് യഥാർത്ഥ ആത്മീയതയുടെ അളവുകോൽ എങ്കിൽ,  ക്രിസ്തു എന്ന നാമത്തിനു പകരം വെക്കാൻ ലോകത്തിൽ മറ്റൊരു അളവുകോൽ ഇല്ല .

ലോകത്തിലെ എല്ലാമതങ്ങളും ഒരുവൻ ചെയ്യുന്ന സകല പാപങ്ങൾക്കും പരിഹാരം  ചെയ്ത് തീർത്തേ മോക്ഷപ്രാപ്തി സാധ്യമാകൂ എന്ന് വിളിച്ചോതിയപ്പോൾ അനുതപിക്കുന്ന പാപിയെ,  അവന്റെ പശ്ചത്താപ വിവശമായ ഹൃദയം മാത്രം കണ്ട് മനസ്സലിഞ്ഞു രക്ഷ വാഗദാനം ചെയ്ത പരമകാരുണികനാണ് അവിടുന്ന് . മനുഷ്യന്റെ പാപത്തിന്റെ വലിപ്പത്തേക്കാൾ വലുതാണ് സ്വർഗ്ഗത്തിന്റെ കാരുണ്യം എന്നു ലോകത്തിന് മുമ്പിൽ വിളംബരം ചെയ്ത, ദൈവത്തെ പിതാവെ എന്ന് വിളിച്ചു പ്രാർത്ഥിക്കാൻ പഠിപ്പിച്ച, ചരിത്രത്തിലെ ഏക ഗുരുവാണ് ക്രിസ്തു .

സ്ത്രീകളോടുള്ള  സമീപനം

സ്ത്രീകളോടുള്ള ഒരു നാടിന്റെ സമീപനമാണ് ആ നാടിൻറെ ആത്മീയതയുടെ പ്രധാന അളവുകോൽ. സ്ത്രീകളെ  ലൈംഗിക അടിമകളായും , വില്പനചരക്കായും കണ്ടിരുന്ന സമൂഹത്തിൽ ( ഇന്നും ആ അവസ്ഥക്ക് വലിയ മാറ്റം ഒന്നും ഇല്ല ) സ്ത്രീകളെ സ്ത്രീകളായി കണ്ട്‌ അവരിലെ നന്മയും സാധ്യതകളും യേശു  തിരിച്ചറിഞ്ഞു. അവരുടെ ബലഹീനതകൾ മുതലെടുക്കാതെ അവരെ തന്റെ സദ്‌വാർത്തയുടെ പ്രചാരകരായി നിയോഗിച്ചു .

വിചാരണ വേളയിൽ ക്രിസ്തുവിനെതിരെ പല ആരോപണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സിത്രീവിഷയവുമായ് ബന്ധപ്പെടുത്തി യാതൊരു ആരോപണവും അവനെതിരെ ഉയർന്നുവന്നില്ല . കുറ്റക്കാരി എന്ന് മുദ്ര കുത്തി,കല്ലെറിഞ്ഞു കൊല്ലാൻ ഒരുവളെ ജനക്കൂട്ടം കൊണ്ടുവന്നപ്പോഴും ,നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ എന്ന് പറഞ്ഞു കൊണ്ട് അവൾക്കു ചുറ്റും സംരക്ഷണത്തിന്റെ കോട്ട കെട്ടിയതു ക്രിസ്തുവാണ് . സ്ത്രീകളെ ഗൗരവമായി കണ്ട് , അവരിലെ നന്മയെ ഉയർത്തിക്കാട്ടിയ യേശുവിന്റെ മഹത്വം   തിരിച്ചറിഞ്ഞത് കൊണ്ടാണ് കാൽവരി മലയിൽ അവൻ ക്രൂശിക്കപ്പെട്ടപ്പോഴും ക്രൂശിന്റെ ചുവട്ടിൽ അണിനിരന്ന് അവന് വേണ്ടി അവർ വിലാപഗാനം മീട്ടിയത് .

ദൈവിക അവബോധത്തിലെ അനന്യത

ലോകചരിത്രത്തിലെ പ്രമുഖ മതനേതാക്കൾക്ക് അവരുടെ ദൈവവിളിയെക്കുറിച്ചു , ആത്മീയ ദൗത്യത്തെകുറിച്ച് തിരിച്ചറിവുണ്ടാകുന്നത് ഏതാണ്ട് മുപ്പത് വയസ്സിനു ശേഷം മാത്രമാണ് . എന്നാൽ യേശു ശൈശവം മുതൽ തന്റെ ദൈവികമായ സ്വത്വത്തെക്കുറിച്ചു ആത്‌മ ബോധമുള്ളവനായിരുന്നു . അതുകൊണ്ടാണ്  12-)൦  വയസ്സിൽ കാണാതായി ദേവാലയത്തിൽ തന്നെ അന്വേഷിച്ചുവന്ന മാതാപിതാക്കളോട്  ” നിങ്ങൾ എന്തിന് എന്നെ തിരയുന്നു , ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനാണ് “( ലൂക്ക 2 ,49 ) എന്ന് ബാലനായ യേശു പറയുന്നത്. യേശു ബാല്യം മുതലേ ദൈവിക സ്വത്വ ബോധമുള്ളവനായിരുന്നു കാരണം അവൻ സാക്ഷാൽ ദൈവപുത്രനായിരുന്നു .

ലോക മത നേതാക്കളിൽ ആരും തന്നെ, താൻ ദൈവത്തിന്റെ പ്രവാചകനോ, സന്ദേശകനോ എന്നതിൽ കവിഞ്ഞു, താൻ ദൈവ പുത്രനാണെന്ന യാതൊരു അവകാശ വാദവും ഇന്നേവരെ ഉന്നയിച്ചിട്ടില്ല എന്നാൽ യേശു ,താൻ ദൈവപുത്രനാണെന്നും (യോഹ10,36) ,താനും പിതാവും ഒന്നാണെന്നും ( യോഹ10 ,30 ) താൻ  മാത്രമാണ് യഥാർത്ഥ സത്യദൈവത്തിലേക്കുള്ള ഏക മാർഗം എന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു . വഴിയും സത്യവും ജീവനും ഞാനാണ്. ( യോഹ 14 ,6 )

മരണത്തിലുള്ള അനന്യത

  യേശുവിന്റെ മരണം, അത് ലോകം കണ്ട ഏറ്റവും വലിയ ആത്‌മ സമർപ്പണമായിരുന്നു .അത് മറ്റു മതനേതാക്കളെയും ഗുരുക്കന്മാരെയും പോലെ സ്വഭാവിക മരണമോ അല്ലെങ്കിൽ ആകസ്മിക മരണമോ അല്ലായിരുന്നു , മറിച്ചു ലോകത്തിന്റെ രക്ഷക്ക് വേണ്ടി അവിടുന്ന് മരണം സ്വയം തെരഞ്ഞെടുക്കുകയായിരുന്നു . ലോക രക്ഷക്ക് വേണ്ടിയുള്ള തന്റെ മരണം എപ്രകാരമായിരിക്കുമെന്നു അവിടന്ന് മുൻകൂട്ടി പ്രചിക്കുന്നുമുണ്ട് (മത്തായി 16,21).  “ആരും എന്നിൽ നിന്ന് അത് പിടിച്ചെടുക്കുകയല്ല ,ഞാൻ അത് സ്വാമനസ്സാ സമർപ്പിക്കുകയാണ് . അത് സമർപ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട് ” .(യോഹ 10 ,18 ) . “മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രുഷിക്കപെടാനല്ല , പ്രത്യുത ശുശ്രുഷിക്കാനും അനേകരുടെ മോചനത്തിനാ യ് സ്വജീവൻ കൊടുക്കാനും വേണ്ടിയത്രെ” ,. ( മത്തായി 20 ,28 ) ,- ഞാൻ നല്ല ഇടയനാണ്, നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു .(യോഹ 10 ,11)

മരണാനന്തര ജീവിതത്തിലെ അനന്യത

ലോകം ദൈവമെന്ന് അഭിസംബോധന ചെയ്ത കേവല മനുഷ്യരും ,സ്വയം ദൈവീകപരിവേഷം എടുത്തണിഞ്ഞ പ്രവാചകന്മാരും ,  ഗുരുക്കമാരും ആറടി മണ്ണിലും അഗ്നിയിലും എരിഞ്ഞടങ്ങി മണ്ണായും ഓർമ്മകളായും കാലയവനികക്കുള്ളിൽ മറഞ്ഞപ്പോൾ, യേശുവെന്ന ചരിത്രപുരുഷൻ മാത്രം മൃതുവിനെ അതി ലംഘിച്ചു,  മൂന്നുവട്ടം പ്രവചിച്ചതുപോലെ , പീഡാസഹനത്തിന്റെയും മരണത്തിന്റെയും മൂന്നാംനാൾ ഉയർത്തെഴുന്നേറ്റു , കാരണം അവൻ മൃതർക്ക് ജീവനേകുന്ന ജീവന്റെ ഉടയവനായിരുന്നു. ” ഞാനാണ് പുനരുദ്ധാനവും ജീവനും ” (യോഹ, 11,25)

ക്രിസ്‌തുവിന്റെ ജീവചരിത്രത്തെ അപഗ്രഥിച്ചു കൊണ്ട് ലോക മത പഠന വിദഗ്‌ധനായ റോബർട്ട് ഹ്യൂ൦ എഴുതി . “ക്രിസ്തുവിനോടും ക്രിസ്തുമതത്തോടോപ്പവും ലോകത്തിൽ മറ്റൊരു മതത്തെയും മതനേതാക്കളെയും സമാനമായി പരിഗണിക്കാനാവില്ല . കാരണം ക്രിസ്തു ഒഴികെയുള്ള സകല മതസ്ഥാപകരും ആത്മീയ വെളിച്ചത്തിനുവേണ്ടിയുള്ള പ്രയാണത്തിൽ ആശയകുഴപ്പം അനുഭവിച്ചവരാണ് . അവരിൽ ചിലരുടെ നിലപാടുകളിലും പെരുമാറ്റത്തിലും നിലനില്പിനുവേണ്ടിയുള്ളഅവസരവാദിത്വമുണ്ടായിരുന്നു  . എന്നാൽ തന്റെ ദൈവിക അവബോധത്തിലും ജീവിതത്തിന്റെ നിലപാടുകളിലും തീരുമാനത്തിലും പ്രാണൻ പന്തയം വെച്ചും ഒരാശയകുഴപ്പവുമില്ലാതെ സ്ഥിരതയോടെ നിലനിന്നവൻ ക്രിസ്തു മാത്രം .ആകയാൽ ലോകമതങ്ങളിലും മതനേതാക്കന്മാരിലും ആചാര്യന്മാരിലും വെച്ച് ക്രിസ്തു വലിയവൻ എന്നല്ല ,പകരക്കാരനില്ലാത്ത, അതുല്യൻ എന്നത്രേ എന്റെ വിശ്വസവും ബോധ്യവും” .

    ഫാ .ആൻ്റണി കരിപ്പാട്ട് .


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<