മൂലമ്പിള്ളിയിലെ നീതി നിഷേധം : ആർച്ച്ബിഷപ് മാധ്യമങ്ങളെ കണ്ടു.

നീണ്ട 11 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ അലയുന്ന, മൂലമ്പിള്ളി പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെട്ടവരോടോപ്പമാണ് താൻ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ .

കുടിയൊഴിക്കപ്പെട്ടവർക്കു എത്രയും വേഗം നീതി നടത്തിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയതിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

ഇനിയും അവർക്കു നീതി നിഷേധിക്കപെട്ടാൽ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി മാറും എന്ന് അദ്ദേഹം ഓർമപ്പെടുത്തി .2008 ഫെബ്രുവരി 6 നു വ്യക്തമായ പുനരധിവാസ സംവിധാനങ്ങൾ ഒരുക്കാതെയാണ് 7 വില്ലേജ്കളിലെ ജനങ്ങളെ തെരുവിലേക്ക് സർക്കാർ ഇറക്കിവിട്ടത് .അവർ ഇന്നും തല ചായ്‌ക്കാൻ ഇടമില്ലാതെ വലയുകയാണ് . 2008 മാർച്ച് 19 നു അന്നത്തെ സർക്കാർ മൂലമ്പിള്ളി പാക്കേജ് പുറത്തിറക്കി.എന്നാൽ ഇതിൽ പറഞ്ഞ വാഗ്ദാനങ്ങൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ല. താമസയോഗ്യമായ സ്ഥലങ്ങൾ ഇനിയും അവർക്കു ലഭിച്ചിട്ടില്ല . വീടുകൾ താമസയോഗ്യമാകുന്നതുവരെ 5000 രൂപ വാടകയിനത്തിൽ നല്കാമെന്നുള്ള വാഗ്ദാനം ഇടക്കാലത്തു വെച്ച് നിർത്തലാക്കി. വീടുകൾ നിർമിക്കാൻ സാധിച്ച്ട്ടില്ലെന്നു മാത്രമല്ല അതിനു ലഭിച്ചിട്ടുള്ള സ്ഥലങ്ങൾ വീട് നിർമിക്കാൻ യോഗ്യവുമല്ല .നിർമിച്ച 2 വീടുകൾ ചരിഞ്ഞു വീഴുന്ന അവസ്ഥയിലാണ് . വാഴക്കാല വില്ലേജിൽ തുതിയൂർ ഇന്ദിരാ നഗറിൽ 113 പ്ലോട്ടുകൾ അളന്നു തിരിച്ചെങ്കിലും സ്കെച്ച് തയ്യാറാകാത്തതിനാൽ ഉടമകൾക്ക് സ്വന്തം സ്ഥലം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ് .
ചുരുക്കിപ്പറഞ്ഞാൽ 11 വർഷങ്ങൾക്കു മുൻപ് സ്വന്തം വീടുകളിൽ സ്വസ്ഥമായി ജീവിച്ചിരുന്ന 316 കുടുംബങ്ങൾ ഇന്ന് അക്ഷരാർത്ഥത്തിൽ സ്വന്തം നാട്ടിൽ അഭയാർഥികളായി മാറിയിരിക്കുകയാണ് . ഈ ദുരവസ്ഥക്ക് ഉടനടി പരിഹാരം വേണം എന്ന് ആർച്ച്ബിഷപ് ഓർമപ്പെടുത്തി .ഇവർക്ക് വേണ്ടി ശബ്ദം ഉയർത്തുക എന്നത് തന്റെ ധാർമികമായ കടമയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<