ന്യൂനപക്ഷാവകാശമോ പിന്നാക്കവിഭാഗാവകാശമോ – ഏതാണ് കൂടുതൽ ഗുണപ്രദം ?

ന്യൂനപക്ഷാവകാശമോ പിന്നാക്കവിഭാഗാവകാശമോ – ഏതാണ്

കൂടുതൽ ഗുണപ്രദം ?

sherryjthomas@gmail.com

പേര് കേൾക്കാൻ സുഖം ന്യൂനപക്ഷാവകാശം എന്നു തന്നെ. പിന്നാക്ക അവകാശത്തിൽ പേരിൽതന്നെ പിന്നോക്കാവസ്ഥ ഉണ്ടല്ലോ എന്നതാവും ഒരു വൈമനസ്യം. പതിറ്റാണ്ടുകളായി അവസരം ഇല്ലാതിരുന്ന സ്ഥലങ്ങളിൽ ഇപ്പോൾ പേരിനെങ്കിലും കയറിപ്പറ്റാൻ ലത്തീൻ സഭയിൽ ഉള്ളവർക്ക്സാധിച്ചത് കേരളത്തിലെ പൊതു ഉദ്യോഗ നിയമനങ്ങളിൽ ഒബിസി (മറ്റ് പിന്നാക്ക വിഭാഗങ്ങൾ) വിഭാഗത്തിൽ ഉൾപ്പെട്ട് നിലവിൽ ലഭിക്കുന്ന 4% സംവരണത്തിന്റെ ഭാഗമായാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആരും നിഷേധിക്കുന്ന കാര്യമല്ല. അതേസമയം ന്യൂനപക്ഷാവകാശങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും  നടത്താനും പ്രത്യേക സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും അതിൻറെ അടിസ്ഥാനത്തിൽ നിരവധി സഭാംഗങ്ങൾക്കും ഇതര പൊതുജനങ്ങൾക്കും വിദ്യാഭ്യാസം നൽകാൻ അവസരമുണ്ടായി എന്നതും നിഷേധിക്കാനാകാത്ത ഒരു കാര്യം തന്നെ. ഒരേസമയം പിന്നാക്ക വിഭാഗം എന്ന അവകാശത്തിൽ ഉൾപ്പെട്ട് ലഭിക്കുന്ന സംവരണ, ക്ഷേമപദ്ധതികളും, ന്യൂനപക്ഷം എന്ന അവകാശത്തിൽ ഉൾപ്പെട്ട് ലഭിക്കുന്ന ക്ഷേമപദ്ധതികളും (സംവരണമല്ല) കേരളത്തിലെ ലത്തീൻ കത്തോലിക്കർക്കും,പരിവർത്തിത ക്രൈസ്തവർക്കും അവകാശപ്പെട്ടതാണ്. അതേസമയം ചർച്ചയുടെ ഭാഗമാക്കുകളായിട്ടുള്ള ഇതര ക്രൈസ്തവ സഭകളിലെ അംഗങ്ങൾ കേരളത്തിനു പുറത്ത് പലസ്ഥലങ്ങളിലും പിന്നാക്ക വിഭാഗം എങ്കിലും കേരളത്തിൽ അങ്ങനെയല്ല. മറ്റൊരു ന്യൂനപക്ഷമായ മുസ്ലിം വിഭാഗം മുഴുവനായും കേരളത്തിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു (അക്കാര്യത്തിൽ വസ്തുതാപരമായ തർക്കങ്ങൾ അവരുടെ ഉള്ളിൽ തന്നെ ഉണ്ടാകാം) എങ്കിലും കേരളത്തിനുപുറത്ത് അങ്ങനെയല്ല.

80:20 വിധിന്യായം :

ഭൂരിഭാഗം സ്കോളർഷിപ്പും 80:20 എന്ന രീതിയിൽ 20 ശതമാനം മുഴുവൻ ക്രിസ്ത്യാനികൾക്കും ആയാണ് വിതരണം ചെയ്യുന്നത്. ചുരുക്കം സ്കോളർഷിപ്പിൽ ആണ് 20 ശതമാനം വിതരണം ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്ക് മാത്രമായി നിജപ്പെടുത്തിയത്. അതുകൊണ്ട് അത്തരം ഒരു വീക്ഷണത്തിൽ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഒരുപോലെ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന തരത്തിലുള്ള ഹൈക്കോടതി വിധി സ്വീകാര്യമാണ്.

വിധി മുഴുവനായും സ്വീകാര്യമാകുമോ ?

80:20 അനുപാതത്തിൽ ന്യൂനപക്ഷങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്ന രീതി തെറ്റാണ് എന്നുപറഞ്ഞ വിധിന്യായത്തിൽ ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്ക് ലഭിച്ചുകൊണ്ടിരുന്ന 20 ശതമാനം സ്കോളർഷിപ്പ്  (2011) കൂടി ഇല്ലാതാകുന്ന നിയമ വ്യാഖ്യാനം ലത്തീൻ, പരിവർത്തിത ക്രൈസ്തവർ ഒരേസമയം ന്യൂനപക്ഷവും പിന്നാക്കവുമാണ് എന്ന ആശയത്തിന് വിരുദ്ധമാണ്. 2011 ലെ ഉത്തരവിൽ പിന്നാക്കം എന്ന നിലയിലാണ് മേൽപ്പറഞ്ഞ 20% ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്ക് മാത്രമായി നീക്കി വെച്ചിരുന്നത്. ഇതോടൊപ്പം ഇല്ലാതായ 2008 ലെ ഉത്തരവ് സച്ചാർ കമ്മീഷനെതുടർന്ന് പാലൊളി കമ്മിറ്റിയിലൂടെ മുസ്ലിം സമുദായത്തിന് മാത്രമായി നൽകിയ ക്ഷേമ പദ്ധതികളുമാണ്.

ഇന്ത്യയിൽ വിജ്ഞാപനം ചെയ്യപ്പെട്ട ന്യൂനപക്ഷങ്ങൾ  ആറ് എണ്ണമുണ്ട്. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്സി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ഭാഗമായി വിതരണം ചെയ്യപ്പെടുന്ന പദ്ധതികൾ സ്വാഭാവികമായും ഈ ആറ് വിഭാഗത്തിനും ജനസംഖ്യാനുപാതികമായി ലഭിക്കാൻ അർഹതയുണ്ട്. എന്നാൽ 2015 ലെ ഉത്തരവിൽ അതിന് വിരുദ്ധമായ രീതിയിൽ മുസ്ലിമിന് എൺപതും ഇതര ക്രൈസ്തവ വിഭാഗങ്ങൾക്ക് ഇരുപതും ആയി ശതമാനം കണക്കിൽ നിജപ്പെടുത്തിയത് ന്യൂനപക്ഷ അവകാശങ്ങളുടെ വിതരണ രീതിയിലെ തെറ്റുതന്നെയാണ്. കാരണം ഭരണഘടനയുടെ 29(2) ന്യൂനപക്ഷ സംരക്ഷണത്തെ പറ്റി പറയുമ്പോൾ സ്റ്റേറ്റ് ഫണ്ട് എല്ലാവർക്കും തുല്യമായി നൽകണമെന്നത് പറയുന്നു.

വിതരണരീതി തെറ്റായിരുന്നു എങ്കിൽ പിന്നെ എന്താണ് ഇപ്പോൾ പ്രശ്നം ?

ന്യൂനപക്ഷ ക്ഷേമപദ്ധതി വിതരണരീതി നീതിപൂർവ്വം ആകണമെന്ന്ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന ഇതേ ഭരണഘടനയുടെ തന്നെ 15(4) ൽ പറയുന്നത്, 29(2) ൽ എന്തുതന്നെ പറഞ്ഞാലും സർക്കാരുകൾക്ക് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ രൂപീകരിക്കുന്നതിന് തടസ്സമില്ല എന്നാണ്. അത്തരത്തിൽ ലഭിച്ച ഒരു ക്ഷേമ പദ്ധതിയാണ് ഇതിലൂടെ ഇല്ലാതാവുന്നത്. ഭാവിയിൽ ന്യൂനപക്ഷം എന്ന രീതിയിലുള്ള കാര്യങ്ങൾക്ക് മാത്രം മുൻഗണന വരികയും പിന്നാക്കം എന്ന രീതിയിലുള്ള ക്ഷേമപദ്ധതികൾക്ക് സാധ്യത ഇല്ലാതാവുകയും ചെയ്യുന്ന ചർച്ചകൾക്ക് ആക്കം കൂട്ടുന്നതാണ് ഇത്തരത്തിലുള്ള നിയമ വ്യാഖ്യാനം. അതുകൊണ്ടാണ്കേരളത്തിലെ ലത്തീൻ, പരിവർത്തിത ക്രൈസ്തവർക്ക് ശക്തമായ വിയോജിപ്പ് ഇക്കാര്യത്തിൽ ഉണ്ടാവുന്നത്. ഒരേസമയം ന്യൂനപക്ഷവും പിന്നാക്ക വിഭാഗവുമായി നിലകൊള്ളുന്ന ഈ സമൂഹത്തിന് അധികാരത്തിൽ പങ്കാളിത്തം ഉണ്ടാകുന്നതിനും മുഖ്യധാരയിലേക്ക് വരുന്നതിനും നാമമാത്രമായി ലഭിക്കുന്ന ന്യൂനപക്ഷ സ്കോളർഷിപ്പുകളെകാൾ, പ്രാധാന്യം പിന്നാക്ക വിഭാഗം എന്ന രീതിയിൽ ലഭിക്കുന്ന തൊഴിലവസരങ്ങളും സ്കോളർഷിപ്പുകളും ഈ ഗ്രാൻഡ്കളും മറ്റു ക്ഷേമ പദ്ധതികളും ഒക്കെതന്നെയാണ്. ന്യൂനപക്ഷത്തിന് പുതിയ നിർവ്വചനങ്ങൾ വരുന്നതോടുകൂടി എല്ലാ ക്രൈസ്തവർക്കും ഒരുപോലെ ആനുകൂല്യം അവകാശപ്പെടാവുന്ന സാഹചര്യം വരുമ്പോൾ ലത്തീൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി കോട്ട സീറ്റുകളിൽ പോലും എല്ലാ വിഭാഗം ക്രൈസ്തവർക്കും അവസരം ഉണ്ടാകുന്ന സാഹചര്യം വരും. ഇപ്പോൾതന്നെ സ്വയാശ്രയ നഴ്സിംഗ് മേഖലയിലും മറ്റും ഈ സാഹചര്യം സംജാതമായി കഴിഞ്ഞു.

എന്തു ചെയ്യും ?

ഈ കോടതിവിധിയും ചർച്ചകളും കേരളത്തിലെ മതസൗഹാർദ അന്തരീക്ഷത്തിന് ഒരുതരത്തിലുമുള്ള കോട്ടവും വരാത്ത രീതിയിൽ ആകണം ചർച്ചകൾ.  ഒരു മതത്തോടുമുള്ള വിരോധം ഇവിടെ പറയേണ്ട കാര്യമില്ല, കാരണം ന്യൂനപക്ഷ ക്ഷേമ പദ്ധതികളും പിന്നാക്കവിഭാഗ ക്ഷേമപദ്ധതികളും തമ്മിൽ കൂടിക്കലർന്ന സർക്കാർ ഉത്തരവ്കളിലെ അവ്യക്തതയാണ് ഇത്തരം നിയമ വ്യാഖ്യാനങ്ങൾക്ക് വഴിതെളിച്ചത്.

സ്കോളർഷിപ്പുകൾ എല്ലാം ഒരു പോർട്ടലിലൂടെ ആക്കുകയും എല്ലാ വിഭാഗങ്ങൾക്കും അവരുടേതായ സ്കോളർഷിപ്പുകൾ അതാത് തലക്കെട്ടിൽ തന്നെ ലഭിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമാകണം. ന്യൂനപക്ഷ അവകാശങ്ങളിലൂടെ കേരളത്തിലെ കൃസ്ത്യൻ മുസ്ലിം, ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യപ്പെടണം. അതേസമയം  ലത്തീൻ, പരിവർത്തിത ക്രൈസ്തവർ, മുസ്ലിം തുടങ്ങിയ വിഭാഗങ്ങൾക്ക് പിന്നാക്ക വിഭാഗം എന്ന രീതിയിൽ ലഭിക്കുന്ന ക്ഷേമപദ്ധതികൾ നിലനിർത്താനും,  ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള ശുപാർശകൾ ഉണ്ടാകുമ്പോൾ ആവശ്യാനുസരണം  പുതിയ പദ്ധതികൾ ഉണ്ടാകാനും അതേ തലക്കെട്ടിൽ തന്നെ  ലഭ്യമാകുന്ന ഉത്തരവുകൾ ഉണ്ടാകണം. ഇതര ക്രൈസ്തവ വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവർ വരുന്ന മുന്നാക്ക വിഭാഗങ്ങളിൽപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന ക്ഷേമപദ്ധതികൾ/സ്കോളർഷിപ്പുകൾ ബന്ധപ്പെട്ട തലക്കെട്ടിൽ തന്നെ അവർക്കും പ്രത്യേകമായി ലഭിക്കണം.

ഇത്തരത്തിൽ ഓരോ വിഭാഗത്തിനും ലഭിക്കുന്ന സ്കോളർഷിപ്പും ക്ഷേമപദ്ധതികളും അതത് വിഭാഗത്തിൻറെ വിവിധതരത്തിലുള്ള അവകാശ, അർഹതക്ക് അനുസരിച്ച് അതിൻറെതായ വിവിധ സർക്കാർ വകുപ്പുകളിലൂടെ, ഏകീകരണ സ്വഭാവം ഉണ്ടാക്കുന്ന രീതിയിൽ വ്യക്തമായ ഉത്തരവുകളിലൂടെ വിതരണം ചെയ്യുന്ന തരത്തിൽ പുനക്രമീകരണം നടത്തി വിഷയം പരിഹരിക്കുന്നതാകും അഭികാമ്യം.


Related Articles

പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു

പതിനൊന്നാമത് വല്ലാർപാടം ബൈബിൾ കൺവെൻഷൻ സമാരംഭിച്ചു.   വല്ലാർപാടം: ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ ഈ വർഷത്തെ മരിയൻ തീർത്ഥാടനത്തിനു് മുന്നോടിയായുള്ള വല്ലാർപാടം ബൈബിൾ കൺവെൻഷൻ വരാപ്പുഴ

സഭാവാര്‍ത്തകള്‍ – 27 . 08. 23

      സഭാവാര്‍ത്തകള്‍ – 27 . 08. 23   വത്തിക്കാൻ വാർത്തകൾ അക്രമം പ്രോത്സാഹിപ്പിക്കാനായി മതത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി

വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം ആചരിച്ചു.

          വരാപ്പുഴ അതിരൂപത സി. ല്‍. സി. ഇഗ്‌നേഷ്യന്‍ യുവജന ദിനം ആചരിച്ചു. കൊച്ചി :  വരാപ്പുഴ അതിരൂപത സി. ല്‍.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<