പരിശുദ്ധ വല്ലാർപാടത്തമ്മയുടെ 500 വർഷം പഴക്കമുള്ള തിരുച്ചിത്രം പുന:പ്രതിഷ്ഠയ്ക്കായി അൾത്താരയിലേക്ക്
പരിശുദ്ധ
വല്ലാർപാടത്തമ്മയുടെ 500
വർഷം പഴക്കമുള്ള
തിരുച്ചിത്രം
പുന:പ്രതിഷ്ഠയ്ക്കായി
അൾത്താരയിലേക്ക്
വല്ലാർപാടം: ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയുടെ പ്രധാന അൾത്താരയിൽ സ്ഥാപിച്ചിരുന്ന 500 വർഷങ്ങൾക്ക് മേൽ പഴക്കമുള്ള പരിശുദ്ധ കാരുണ്യ മാതാവിന്റെ പുരാതന പെയിന്റിംഗ് ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം നടത്തിയതിനു ശേഷം പുന:പ്രതിഷ്ഠിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ.മാത്യു കല്ലിങ്കലിന്റെ നേതൃത്വത്തിലാണ് പുന:പ്രതിഷ്ഠാചടങ്ങുകൾ നടത്തിയത്. ചടങ്ങിൽ വല്ലാർപാടം പള്ളിയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചേന്ദമംഗലം, പാലിയത്ത് കൃഷ്ണബാലനച്ചൻ, പള്ളി വീട്ടിൽ അജിത്ത് കുമാർ എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് ദിവ്യബലിയിൽ മോൺ.മാത്യു കല്ലിങ്കൽ മുഖ്യ കാർമ്മികനായിരുന്നു.
1524 ൽ പോർച്ചുഗലിൽ നിന്നും കത്തോലിക്ക മിഷനറിമാർ കൊണ്ടുവന്ന പോർച്ചുഗീസ് കലാപാരമ്പര്യത്തിൽ ചെയ്തിട്ടുള്ള പരിശുദ്ധ വിമോചകനാഥയുടെ ചിത്രമാണിത്. 1676 ലെ വെള്ളപൊക്കത്തിൽ കായലിലേക്ക് ഒഴുകിപ്പോയ ഈ ചിത്രം അന്നത്തെ കൊച്ചി മഹാരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്ത് രാമൻ വലിയച്ചനാൽ വീണ്ടെടുത്ത് പുതിയ ദേവാലയത്തിൽ സ്ഥാപിക്കുകയായിരുന്നു.
അഞ്ഞൂറിലേറെ വർഷങ്ങൾ പഴക്കമുള്ളതും 95 X 75 സെ.മി വലുപ്പമുള്ള ഒറ്റപ്പലകയിൽ എണ്ണച്ചായത്തിൽ തീർത്തതുമായ ഈ പെയിന്റിംഗിന് കാലപ്പഴക്കത്താൽ വന്നുപോയ പല വിധത്തിലുള്ള കേടുപാടുകളാണ്, ഇപ്പോൾ ശാസ്ത്രീയമായ സംരക്ഷണ രീതികൾ ഉപയോഗിച്ച് പരിഹരിച്ചിരിക്കുന്നത്.
പോർച്ചുഗലിലെ ലിസ്ബണിൽ നിന്നും കൊണ്ടുവന്ന ഈ ഛായാചിത്രത്തിൽ മറിയത്തിന്റേയും ഉണ്ണിയേശുവിന്റേയും രൂപങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് 1752 ൽ പള്ളി വീട്ടിൽ മീനാക്ഷിയമ്മയും കുഞ്ഞും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ സഹായത്താൽ വഞ്ചിയപകടത്തിൽ നിന്നും രക്ഷ നേടിയതിന്റെ സാക്ഷ്യമായി 1800 കളിലാണ് മീനാക്ഷിയമ്മയുടേയും കുഞ്ഞിന്റേയും രൂപങ്ങൾ കൂടി തദ്ദേശീയ ചിത്രകാരന്മാർ ഇതിൽ വരച്ച് ചേർത്തത്. തൽഫലമായി ഇൻഡോ-പോർച്ചുഗൽ സംസ്കൃതിയുടെ ഉത്തമോദാഹരണമായി മാറി ഈ വിശുദ്ധ ചിത്രം.
1750 ൽ വിശ്വാസികളുടെ ആഗ്രഹപ്രകാരം, കാരുണ്യ മാതാവിന്റെ ചിത്രം ഇവിടെ വണങ്ങപ്പെട്ടിരുന്നതിനാൽ ബന്ധവിമോചകനാഥയുടെ പേരിൽ ഒരു അൽമായ കൊമ്പ്റേരിയ തിരുസംഘം സ്ഥാപിക്കുവാനുള്ള അനുവാദം പോർച്ചുഗലിൽ നിന്ന് ലഭിക്കുകയുണ്ടായി.
1888 ൽ വിശുദ്ധ ലിയോ പതിമൂന്നാമൻ മാർപാപ്പ ഈ ചിത്രം സ്ഥാപിച്ചിരിക്കുന്ന അൾത്താരയെ പ്രത്യേക പദവിയിലുള്ള അൾത്താരയായി ഉയർത്തുകയും ചെയ്തു.
പത്തു ദിവസം നീണ്ടു നിന്ന ശാസ്ത്രിയമായ സംരക്ഷണ പ്രക്രിയയിലൂടെയാണ് ചിത്രത്തിന്റെ ജീർണ്ണത തടയുകയും പൗരാണികതനിമ സംരക്ഷിക്കുകയും ചെയ്തത്.
ഈ ചിത്രം വല്ലാർപാടത്തേ ദേവാലയത്തിൽ സ്ഥാപിച്ചതിന്റെ അഞ്ഞൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ചിത്രത്തിന്റെ സംരക്ഷണ പദ്ധതി ആവിഷ്ക്കരിച്ചതെന്ന് റെക്ടർ ഫാ.ആൻറണി വാലുങ്കൽ അറിയിച്ചു. വരാപ്പുഴ അതിരൂപത ആർട്ട് ആന്റ് കൾച്ചറൽ കമ്മീഷൻ ഡയറക്ടർ ഫാ.അൽഫോൺസ് പനക്കലിന്റെ മേൽനോട്ടത്തിൽ, കലാ സംരക്ഷണ വിദഗ്ദനായ സത്യജിത് ഇബ്ൻ, പൂനയിലെ സപുർസ മ്യൂസിയം കൺസർവേറ്റർ ശ്രുതി ഹഖേകാർ എന്നിവരാണ് ചിത്രത്തിന്റെ സംരക്ഷണ ജോലികൾ നിർവ്വഹിച്ചത്.
Related
Related Articles
ഈ കാത്തിരിപ്പ് അനന്തമാണ്….?
ഈ കാത്തിരിപ്പ് അനന്തമാണ്….? കൊച്ചി: കൊച്ചി സർവകലാശാലയുടെ സ്ഥാപകരിൽ പ്രമുഖനും കൊച്ചിയുടെ സമഗ്ര വികസനത്തിൽ സജീവ സാന്നിദ്ധ്യവുമായ പ്രൊഫ. L. M. പൈലി ചെയർ (Holistic
ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം
കൊച്ചി : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക്
പുതുവൈപ്പ് മതബോധന വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ നടത്തി
പുതുവൈപ്പ് മതബോധന വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ സെമിനാർ നടത്തി കൊച്ചി : പുതുവൈപ്പ് സെൻ്റ്. സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി ഇടവക മതബോധന വിഭാഗത്തിൻ്റെയും മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തിൽ