പാപ്പാ: ദിവ്യകാരുണ്യാഘോഷങ്ങൾ ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ
പാപ്പാ: ദിവ്യകാരുണ്യാഘോഷങ്ങൾ ലോകത്തെ
രൂപാന്തരപ്പെടുത്തട്ടെ
വത്തിക്കാന്‍ : വളരെ ചിന്താവഹമായ ഒരു വചന പ്രഘോഷണത്തിലൂടെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളിൽ ആരാധനാ ക്രമത്തിലെ സുവിശേഷ ഭാഗത്തിൽ നിന്നെടുത്ത മൂന്ന് പ്രതീകങ്ങളെ ഓരോന്നായി വിശദീകരിച്ചു കൊണ്ടാണ് പാപ്പാ കുർബ്ബാനയർപ്പണം വിശ്വാസ ജീവിതത്തിൽ വഹിക്കുന്ന പ്രാധാന്യത്തെ എടുത്തു കാണിച്ചത്. സുവിശേഷത്തിൽ പേരുപോലും പറയാത്ത ഒരു കുടം വെള്ളവുമായി വരുന്ന വ്യക്തിയും, പെസഹാ വിരുന്നൊരുക്കിയ മണിമാളികയും, യേശുവിന്റെ അപ്പം മുറിക്കലുമാണ് പാപ്പാ ഉപയോഗിച്ച മൂന്നു പ്രതീകങ്ങൾ.
ഒരു കുടം വെള്ളവുമായി വരുന്ന മനുഷ്യൻ :
കുടവുമായി വരുന്ന ആ മനുഷ്യനാണ് ശിഷ്യർക്ക് വിരുന്നുശാല കാണിച്ചു കൊടുക്കുന്നത്. വെള്ളം നിറച്ച കുടമാണ് ശിഷ്യർ അയാളെ തിരിച്ചറിഞ്ഞ അടയാളം. ഇത് സ്നേഹത്തിനും, സന്തോഷത്തിനും, ജീവിത സാക്ഷാൽക്കാരത്തിനുമായുള്ള ദാഹം തീർക്കാൻ കുടവുമായി വെള്ളം തേടി നടക്കുന്ന മനുഷ്യ കുലത്തിന്റെ പ്രതീകമാണെന്നും ലൗകീകമായവയൊന്നും ഈ ദാഹം അടക്കില്ലെന്നും ദൈവത്തിനു മാത്രമെ ആ ദാഹം ശമിപ്പിക്കാനാവൂ എന്നും പാപ്പാ പറഞ്ഞു. വെള്ളം നിറഞ്ഞ കുടവുമായി വന്ന ആ മനുഷ്യൻ എവിടെ എത്തിക്കുന്നുവോ അവിടെ പെസഹാ ഭക്ഷിക്കാമെന്നാണ് യേശു ശിഷ്യരോടു പറയുന്നതെന്ന് സൂചിപ്പിച്ച ഫ്രാൻസിസ് പാപ്പാ നമ്മുടെ ദൈവത്തിനായുള്ള ദാഹവും അവന്റെ സാന്നിധ്യത്തിനായുള്ള തീവ്രാഭിലാഷവും തിരിച്ചറിയാനും തനിച്ച് നമുക്ക് അതിന് സാധ്യമല്ല, നിത്യജീവന്റെ അപ്പവും ദാഹജലവും നമുക്കാവശ്യമുണ്ടെന്നും വ്യക്തമാക്കി.
ഇന്നത്തെ ലോകത്തിന് അന്യം വന്നുപോയ ദൈവത്തിനായുള്ള ദാഹത്തെ ചൂണ്ടിക്കാണിച്ച പാപ്പാ എന്നാൽ എവിടെ ഒരാൾ സമരിയക്കാരിയായ സ്ത്രീയെ പോലെ ഒരു കുടവുമായുണ്ടെങ്കിൽ അവിടെ പുതുജീവൻ നൽകുന്ന, നമ്മുടെ സ്വപ്നങ്ങൾ ഉറച്ചപ്രത്യാശയോടെ പരിപോഷിപ്പിക്കുന്ന സ്നേഹ സാന്നിധ്യമായി നമ്മുടെ ഭൂമിയിലെ തീർത്ഥാടനത്തിന് അർത്ഥവും ദിശയും കർത്താവ് കാണിച്ചു തരുമെന്ന് അറിയിച്ചു. പരിശുദ്ധ കുർബാന സ്ഥാപിച്ച മുറിയിലേക്ക് നയിച്ച ജലം നിറച്ച കുടവുമായി വന്ന മനുഷ്യനെ ചൂണ്ടിക്കാണിച്ചു കൊണ്ട് ദൈവത്തിനായുള്ള ദാഹമാണ് നമ്മെ അൾത്താരയിൽ എത്തിക്കുന്നതെന്നും ഈ ദാഹമില്ലെങ്കിൽ നമ്മുടെ ആഘോഷങ്ങൾ വരണ്ടതും ജീവനില്ലാത്തതുമായി മാറുമെന്നും അതിനാൽ സഭ ബലിയർപ്പിക്കുന്ന ഒരു ചെറിയ പതിവ്കൂട്ടമായി തീരുക എന്നതു മാത്രം പോരായെന്നും പട്ടണങ്ങളിലേക്ക് കടന്നു ചെന്ന് ജനങ്ങളെ കണ്ടുമുട്ടി അവരിലുള്ള ദൈവത്തിനായുള്ള ദാഹം തിരിച്ചറിയാൻ പഠിക്കുകയും അവരിൽ ആ ദാഹവും സുവിശേഷത്തിനായുള്ള ആഗ്രഹവും ഉണർത്താൻ കഴിയണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
വിശാലമായ മാളികമുകൾ :
രണ്ടാമത്തെ പ്രതീകമായി പാപ്പാ ഉപയോഗിച്ചത് യേശു ശിഷ്യരുമൊത്ത് പെസഹാ ഭക്ഷിച്ച മാളികമുകൾ ആയിരുന്നു. ഇവിടെയും പേരില്ലാത്ത ഒരു മനുഷ്യൻ യേശുവിന് ഒരു മുറി നൽകുകയാണ്. ഒരു കുഞ്ഞ് കഷണം അപ്പത്തിനായി ഒരു വലിയ മുറി. ദൈവം ഒരു കഷണം അപ്പം പോലെ സ്വയം ചെറുതാകുന്നു. അത് തിരിച്ചറിയാനും അവനെ ആരാധിക്കാനും, സ്വീകരിക്കാനും അതിനാലാണ് ഒരു വലിയ ഹൃദയം വേണ്ടത്, പരിശുദ്ധ പിതാവ് പറഞ്ഞു. പലപ്പോഴും നമ്മുടെ ഹൃദയം ഭൂതകാലസ്മരണകളും, സ്വപ്നങ്ങളും, പ്രശ്നങ്ങളും നിരാശകളും അലങ്കോലമാക്കിയ ഒരലമാരയോ, തട്ടോ ഒക്കെ പോലെയാകുമ്പോൾ ദൈവത്തിന്റെ നിശബ്ദവും, എളിയവുമായ സാന്നിധ്യം തിരിച്ചറിയാൻ കഴിയാതെ പോകുന്നു. അതിനാൽ നമുക്കൊരു വലിയ മുറിയും ഹൃദയവിശാലതയും വേണമെന്നും നമ്മുടെ സ്വാർത്ഥത അടച്ചു പൂട്ടിയ ചെറിയ ഇടങ്ങളിൽ നിന്ന് വലിയ അത്ഭുതത്തിന്റെയും ആരാധനയുടേയും വിശാലതയിലേക്ക് പ്രവേശിക്കണമെന്നും ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. പരിശുദ്ധ കുർബ്ബാനയുടെ മുന്നിൽ ആരാധനയായിരിക്കണം നമ്മുടെ മനോഭാവം.
കൈമലർക്കെ തുറന്ന് സകലരെയും സ്വാഗതം ചെയ്യുന്ന ഒരു വലിയ ശാലയാവണം സഭയെന്നും, മുറിപ്പെടുന്ന, തെറ്റു ചെയ്ത് ജീവിതത്തിൽ വഴിതെറ്റിയ ഒരാളെ സ്വാഗതം ചെയ്ത് അയാളെ യേശുവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷത്തിലേക്ക് നയിക്കാൻ പറ്റിയ വിശാലമായ മുറിയാണോ സഭയെന്ന് നാം ചോദിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വഴിയാത്രയിലെ ക്ഷീണിതരേയും വിശക്കുന്നവരെയും പരിപോഷിക്കാനുള്ളതാണ് ദിവ്യകാരുണ്യമെന്ന് മറക്കരുതെന്നും സംശുദ്ധവും എല്ലാം തികഞ്ഞതുമായ സഭ ആർക്കും ഇടമില്ലാത്ത ഒരു മുറിയാണെന്നും പാപ്പാ പറഞ്ഞു.
അപ്പം മുറിക്കുന്ന യേശു :
പാപ്പാ വിശദീകരിച്ച അവസാനത്തെ പ്രതീകം അപ്പം മുറിക്കുന്ന യേശുവാണ്. ഇതാണ് ദിവ്യപൂജയുടെ ഏറ്റം മികച്ച അടയാളം. നമ്മെ പുതുജീവനിലേക്ക് പുനർജനിപ്പിക്കാൻ സ്വയം സമർപ്പിക്കുന്ന കർത്താവിനെ നാം കണ്ടുമുട്ടുന്ന വിശ്വാസത്തിന്റെ അടയാളവും ഇടവുമാണ് ദിവ്യപൂജ. ആരെയും തകർക്കാതെ സ്വയം തകർക്കപ്പെടാനും, ബലി ആവശ്യപ്പെടാതെ സ്വയം ബലിയാകാനും, ഒന്നും ചോദിക്കാതെ എല്ലാം നൽകുകയും ചെയ്യുന്ന കർത്താവ്, പരിശുദ്ധ കുർബാന ആഘോഷിക്കുമ്പോഴും അനുഭവിക്കുമ്പോഴും ഈ സ്നേഹം പങ്കുവയ്ക്കാൻ നമ്മെ വെല്ലുവിളി വിളിക്കുന്നു. അതിനാൽ മറ്റുള്ളവർക്കായി മുറിയപ്പെടുന്ന അപ്പമാകാൻ വിട്ടുനൽകാതെ നമ്മുടെ സഹോദരരുടെനേർക്ക് ഹൃദയം അടച്ച് ഞായറാഴ്ചകളിൽ നമുക്ക് അപ്പം മുറിക്കാനോ, വിശക്കുന്നവന് ഭക്ഷണം നൽകാതെ, ആവശ്യക്കാരായ സഹോദരീ സഹോദരരുടെ സഹനങ്ങളിൽ പങ്കു ചേരാതെ ആ അപ്പത്തിൽ പങ്കുപറ്റാനോ കഴിയുകയില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
അവസാനമായി, എവിടെയാണ് നാം കർത്താവിന്റെ വിരുന്നൊരുക്കാൻ പോകേണ്ടതെന്ന ചോദ്യത്തിന് ഫ്രാൻസിസ് പാപ്പാ ഉത്തരം നൽകി.
ദിവ്യകാരുണ്യ തിരുനാളിന്റെ മുഖമുദ്രയായ ദിവ്യകാരുണ്യ പ്രദക്ഷിണം, പുറത്തേക്കിറങ്ങി യേശുവിനെ മറ്റുള്ളവരുടെയടുത്തെത്തിക്കാനാണ് നമ്മോടാവശ്യപ്പെടുന്നത് എന്ന് പറഞ്ഞു കൊണ്ട് ഉത്സാഹത്തോടെ അനുദിനം നാം കണ്ടുമുട്ടുന്നവർക്ക് കർത്താവിനെ എത്തിക്കാൻ കൈയിൽ കുടവുമായി അവരിൽ ദാഹമുണർത്തി, ജലം നൽകുന്ന സഭയാകുവാനും, സ്നേഹത്താൽ വിശാലമാക്കി തുറന്ന ഹൃദയമോടെ സഭയെ സകലർക്കും കയറി കർത്താവിനെ കണ്ടെത്താവുന്ന വലിയ മുറിയാകാനും, കരുണയിലും ഐക്യമത്യത്തിലും നമ്മുടെ ജീവന്റെയപ്പം മുറിച്ച് ദൈവസ്നേഹത്തിന്റെ പ്രൗഢി ലോകത്ത് വെളിപ്പെടുത്താനും പാപ്പാ ആഹ്വാനം ചെയ്തു. അപ്പോൾ കർത്താവ് വന്ന് ഒരിക്കൽ കൂടെ നമ്മെ അൽഭുതപ്പെടുത്തി ലോകത്തിന് ജീവൻ പകരുന്ന അപ്പമാകുമെന്നും സ്വർഗ്ഗത്തിലെ വിരുന്നിന്റെ നാൾവരെ അവൻ നമ്മെ സംതൃപ്തരാക്കുമെന്നും അവന്റെ മുഖം ദർശിച്ച് നമ്മൾ അനന്തമായ സന്തോഷം എന്തെന്നറിയുകയും ചെയ്യും എന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.
Related Articles
വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ
വിശ്വാസ വേരുകൾ സംരക്ഷിക്കാനും ഇളംതലമുറയ്ക്ക് പകർന്ന് കൊടുക്കാനും വിരമിക്കൽ പ്രായമില്ല വയോധികരോടു പാപ്പാ വത്തിക്കാന്‍ : മുത്തശ്ശീമുത്തച്ഛൻമാർക്കും വയോധികർക്കുമായുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് പാപ്പയുടെ സന്ദേശം.
തപസ്സുകാലം : ജീവൽബന്ധിയായൊരു ആത്മീയയാത്ര
തപസ്സുകാലം : ജീവൽബന്ധിയായൊരു ആത്മീയയാത്ര വത്തിക്കാൻ : മാർച്ച 9, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരിച്ചിന്ത : “നമ്മുടെ സമ്പൂർണ്ണ അസ്തിത്വവും മുഴുവൻ ജീവിതവും
കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ്
കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ് വത്തിക്കാൻ : ഏപ്രിൽ 21 ബുധനാഴ്ചത്തെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്. “നമ്മുടെ ഹൃദയത്തിലും