മോണ്‍. ഡോ. ആന്റണി വാലുങ്കല്‍  വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാനായി അഭിഷിക്തനായി

മോണ്‍. ഡോ. ആന്റണി വാലുങ്കൽ വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാനായി അഭിഷിക്തനായി.

 

എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ”ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേക കര്‍മങ്ങള്‍
ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം
ബസിലിക്ക അങ്കണത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു. അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങള്‍ അഭിഷേക കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.

വൈകീട്ട് നാലു മണിയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. ഫാ. ആന്റണി റാഫേല്‍ കൊമരഞ്ചാത്ത് പുതിയ മെത്രാനെക്കുറിച്ച് ചെറുവിവരണം നല്കി. അപ്പോള്‍ മെത്രാഭിഷേകത്തിന്റെ സൂചനയായി എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ മണികള്‍ മുഴങ്ങി.

വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നിന്നും കേരള പൊലീസിന്റെയും പേപ്പല്‍ പതാകവാഹകരുടെയും അകമ്പടിയോടെ ബസിലിക്കയുടെ മുഖ്യകവാടത്തില്‍ എത്തിയ ആര്‍ച്ച്ബിഷപ് കളത്തിപറമ്പില്‍, നിയുക്തമെത്രാന്‍ മോണ്‍. ആന്റണി വാലുങ്കല്‍ എന്നിവരെ ബസിലിക്ക റെക്ടര്‍ റവ. ഡോ. ജെറോം ചമ്മിണികോടത്തിന്റെ നേതൃത്വത്തില്‍ ഇടവകജനം സ്വീകരിച്ചാനയിച്ചു. മോണ്‍. ആന്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ബൂള (നിയമനപത്രം) ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ ലത്തീനിലും വൈസ് ചാന്‍സലര്‍ ഫാ.ലിക്സണ്‍ അസ്വേസ് മലയാളത്തിലും വായിച്ചു.

മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസ സത്യത്തിന്റെ വിശ്വസ്ത പരിപാലകനായി ദൈവജനത്തെ നയിക്കാന്‍ നിയുക്ത മെത്രാന് സാധിക്കട്ടെയെന്ന് ആര്‍ച്ച്ബിഷപ്പ് ആമുഖ സന്ദേശത്തില്‍ പറഞ്ഞു. അജപാലന അധികാരത്തിന്റെ അടയാളമായ അംശമുടിയും മോതിരവും അധികാര ദണ്ഡും പ്രധാനകാര്‍മികന്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പുതിയ സഹായ മെത്രാന് നല്‍കി.
വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ലാളിത്യം ദര്‍ശിക്കാന്‍ ദൈവജനത്തിന് കഴിയുന്ന മെത്രാനായിരിക്കും ഡോ. ആന്റണി വാലുങ്കലെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. കാഴ്ചവയ്പ് പ്രദക്ഷിണത്തില്‍ ബിഷപ് ഡോ. ആന്റണി വാലുങ്കലിന്റെ കുടുംബാംഗങ്ങളും രൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കുചേര്‍ന്നു.

ആര്‍ച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. സൂസപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ എബ്രഹാം ജൂലിയോസ്, മാര്‍ ജോസഫ് പെരുന്തോട്ടം, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, ബിഷപ്പുമാരായ ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, ഡോ. ജസ്റ്റിന്‍ മഠത്തിപറമ്പില്‍, ഡോ. ജോസഫ് കരിയില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍, ഡോ. അലക്സ് വടക്കുംതല, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് ചക്യാത്ത്, മാര്‍ ജോഷ്വ ഇഗ്‌നാത്തിയോസ്, മാര്‍ ജോസഫ് തോമസ്, എബ്രാഹം മാര്‍ ജൂലിയോസ്,മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

മെത്രാഭിഷേക തിരുകര്‍മങ്ങള്‍ക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍. റാഫേല്‍ തട്ടില്‍, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറിലോസ് ഹെര്‍ണാണ്ടസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നീതി ന്യായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഫാ. ടിജോ കോലോത്തും വീട്ടില്‍, കെസ്റ്റര്‍, ഗാഗുല്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ സിഎസി
ക്വയര്‍ മെത്രാഭിഷേക പരിപാടികള്‍ക്ക് മിഴിവേകി.  രൂപതയിലെ വൈദികരും സന്ന്യസ്തരും അല്മായ പ്രതിനിധികളും പുതിയ മെത്രാന്റെ മോതിരം ചുംബിച്ച് ആദരവും വിധേയത്വവും പ്രകടിപ്പിച്ചു. 

 


Related Articles

അശരണർക്കും നിർദ്ധനർക്കും രോഗികൾക്കും കരുതൽ കരങ്ങളായ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.

കൊച്ചി : കോവിഡിന്റെ ഭീകരാന്തരീക്ഷത്തിൽ, നിരാലംബരും നിർദ്ധനരുമായ സാധുക്കൾക്ക്, ജീവൻരക്ഷാ മരുന്നുകളും ആവശ്യ മരുന്നുകളും കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ സൗജന്യമായി നൽകി. ചേരാനെല്ലൂർ പ്രവർത്തിക്കുന്ന Our

അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം

അൽസാത്തി 2022′ – എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം ആലുവ : എട്ടേക്കർ തീർത്ഥാടന കേന്ദ്രത്തിൽ യുവജന ദിനാഘോഷം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ‘അൽസാ ത്തി

വർണ്ണാഭം… നയന മനോഹരം വല്ലാർപാടം ബസിലിക്ക

വർണ്ണാഭം… നയന മനോഹരം…  വല്ലാർപാടം ബസിലിക്ക   കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളാഘോഷങ്ങൾക്കായി വർണ്ണദീപങ്ങളാൽ കുളിച്ചു നില്ക്കുകയാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<