• August 17, 2026

അനുരഞ്ജനത്തിന്റെ സന്ദേശവുമായി പാപ്പാ ആഫ്രിക്കന്‍ മണ്ണിലേക്ക്.

 അനുരഞ്ജനത്തിന്റെ സന്ദേശവുമായി പാപ്പാ ആഫ്രിക്കന്‍ മണ്ണിലേക്ക്.

അനുരഞ്ജനത്തിന്റെ സന്ദേശവുമായി പാപ്പാ ആഫ്രിക്കന്‍ മണ്ണിലേക്ക്.

 

.
ലെയോ പതിനാലാമന്‍ പാപ്പായുടെ ആഫ്രിക്കന്‍ സന്ദര്‍ശനം, ഏപ്രില്‍ മാസം പതിമൂന്നാം തീയതി ആരംഭിച്ചു.  വിശുദ്ധ അഗസ്റ്റിന്റെ നാടായ അള്‍ജീരിയയാണ് യാത്രയുടെ ആദ്യ സ്ഥലം.

പാപ്പായുടെ യാത്രയ്ക്ക് വേദിയാകുന്ന നാല് ആഫ്രിക്കന്‍ രാജ്യങ്ങളും ഏറെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതാണ്. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നിവയാണ് ആ നാല് രാജ്യങ്ങള്‍.

തന്റെ ആദ്യത്തെ ‘ഊര്‍ബി എത് ഓര്‍ബി’ (Urbi et Orbi) ആശീര്‍വാദ വേളയില്‍, തന്നെത്തന്നെ ‘വിശുദ്ധ അഗസ്റ്റിന്റെ പുത്രന്‍’ എന്ന് വിശേഷിപ്പിച്ച ലിയോ പതിനാലാമന്‍, വിശുദ്ധന്റെ ദേശമായ അള്‍ജീരിയിലേക്ക് പോകുന്നുവെന്നതാണ്, ഏറെ പ്രധാനപ്പെട്ടത്. അള്‍ജീരിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ പാപ്പായെന്ന ഖ്യാതിയും, ചരിത്രത്തില്‍ അപ്രകാരം രേഖപ്പെടുത്തപ്പെടും. വിശുദ്ധ അഗസ്റ്റിന്റെ ആത്മീയ പൈതൃകത്തെ മുന്‍നിര്‍ത്തി നടത്തുന്ന ഈ യാത്രയുടെ പ്രധാന പ്രമേയം ‘സമാഗമവും സാഹോദര്യവുമാണ്’. ഏകദേശം 4.8 കോടി മുസ്ലീം ജനസംഖ്യയുള്ള അള്‍ജീരിയയില്‍ ക്രൈസ്തവ സാന്നിധ്യം കേവലം ഏതാനും ആയിരങ്ങള്‍ മാത്രമാണ്. ഇത്തരമൊരു സാഹചര്യത്തില്‍, മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ഈ സന്ദര്‍ശനം വലിയ പ്രാധാന്യം നല്‍കുമെന്നതില്‍ തെല്ലും സംശയമില്ല. 29 ഇടവകകള്‍ മാത്രമുള്ള ചെറിയ കത്തോലിക്കാ സമൂഹമാണ് അള്‍ജീരിയയില്‍ ഉള്ളത്.  ഇറ്റലിയുടെ വിമാന കമ്പനിയായ ഇറ്റാ എയര്‍വെയ്സിലാണ്, പാപ്പാ ആഫ്രിക്കയിലേക്ക് യാത്ര തിരിച്ചത്.

അള്‍ജീരിയയിലെത്തിയ ലെയോ പാപ്പയ്ക്കു ലഭിച്ചതു ആവേശകരമായ സ്വീകരണമായിരുന്നു.. അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയും സൈനികനുമായിരുന്ന ഹൗറി ബൗമെഡിന്റെ പേരിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പാപ്പയെ അപ്പസ്‌തോലിക ന്യൂണ്‍ഷ്യോ മോണ്‍സിഞ്ഞോര്‍ ഹാവിയര്‍ ഹെരേര കൊറോണയും, പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥനും, വിമാനത്തിനുള്ളില്‍ കടന്നു ചെന്ന് ഔദ്യോഗികമായി പാപ്പായെ രാജ്യത്തേക്ക് ക്ഷണിച്ചു. വിമാനത്തിന് പുറത്തേക്ക് വന്ന പാപ്പായെ, രാഷ്ട്രതലവന്‍, അബ്ദെല്‍മഡ്ജിദ് തേബൂണ്‍ ഹാര്‍ദ്ദവമായി സ്വാഗതമരുളി.

പാപ്പയോടുള്ള ആദരസൂചകമായി ഇരുപത്തിയൊന്നു തവണ ആചാര വെടി മുഴക്കി. തുടര്‍ന്ന് പ്രസിഡന്റുമായി ഹ്രസ്വമായ കൂടിക്കാഴ്ച്ച നടത്തുകയും, വത്തിക്കാന്റെയും, അള്‍ജീരിയയുടെയും ഔദ്യോഗിക പ്രതിനിധികള്‍ പരസ്പരം ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്യുകയും ചെയ്തു.

ഫ്രഞ്ച് കൊളോണിയലിസത്തിനെതിരായ അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരത്തില്‍ വീരമൃത്യു വരിച്ച രക്തസാക്ഷികളുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചിരിക്കുന്ന
സ്മാരകത്തിന്റെ മറുഭാഗത്ത് ഒത്തുകൂടിയിരിക്കുന്ന ഏകദേശം അയ്യായിരത്തോളം വരുന്ന ജനങ്ങളെ പാപ്പ അഭിവാദ്യം ചെയ്തു.
മതങ്ങളും സംസ്‌കാരങ്ങളും സമാധാനത്തിനായി സഹവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞത്.

രാജ്യത്തെ ക്രൈസ്തവരുള്‍പ്പെടെയുള്ള പൊതുസമൂഹവുമായുള്ള കൂടിക്കാഴ്ച. ‘അവര്‍ ലേഡി ഓഫ് ആഫ്രിക്ക’ എന്ന പേരില്‍ അറിയപ്പെടുന്ന, മാതാവിന്റെ നാമധേയത്തില്‍ അള്‍ജിയേഴ്‌സ് നഗരത്തില്‍ത്തന്നെയുള്ള ബസലിക്കയില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച.  ഈ കൂടിക്കാഴ്ചയ്ക്ക് മുന്‍പായി, പരിശുദ്ധ പിതാവ് അള്‍ജിയേഴ്‌സ് നഗരത്തില്‍ത്തന്നെയുള്ള വലിയ മോസ്‌കും, ബാബ് എല്‍ ക്വെദിലുള്ള അഗസ്റ്റീനിയന്‍ സന്ന്യാസിനികളുടെ മഠവും സന്ദര്‍ശിച്ചു.

ഏപ്രില്‍ 14 ചൊവ്വാഴ്ച രാവിലെ  വിശുദ്ധ അഗസ്റ്റിന്‍ ഏറെനാള്‍ ജീവിച്ചിരുന്നതും ഹിപ്പോണ എന്ന പേരില്‍ മുന്‍പ് അറിയപ്പെട്ടിരുന്നതുമായ  അന്നബായ നഗരത്തില്‍ എത്തി. കനത്ത മഴയ്ക്കും കാറ്റിനുമിടയിലും പരിശുദ്ധ പിതാവിനെക്കാത്ത് ഏറെപ്പേര്‍ കാത്തുനിന്നിരുന്നു.

ഹിപ്പോണയുടെ പുരാതനഅവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന ഇടമായിരുന്നു പാപ്പാ ആദ്യം സന്ദര്‍ശിച്ചത്. വിശുദ്ധ അഗസ്റ്റിന്‍ ശുശ്രൂഷ നിര്‍വ്വഹിച്ചിരുന്ന ബസലിക്ക നിലനിന്നിരുന്ന ഇടത്തുകൂടി നടന്ന പാപ്പാ, അവിടെ പൂക്കള്‍ സമര്‍പ്പിക്കുകയും മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

admin

Leave a Reply

Your email address will not be published. Required fields are marked *