എൻറെ വിശ്വാസത്തിന് നിദാനം എന്ത്? – പാപ്പായുടെ ത്രികാലജപ സന്ദേശം!
എൻറെ വിശ്വാസത്തിന്
നിദാനം എന്ത്? –
പാപ്പായുടെ ത്രികാലജപ
സന്ദേശം!
ഈ ഞായറാഴ്ചയും (01/08/21) ഫ്രാൻസീസ് പാപ്പാ പതിവുപോലെ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധപത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു.
പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (01/08/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം 6,24-35 വരെയുള്ള വാക്യങ്ങൾ, അതായത്, താൻ ജീവൻറെ അപ്പമാണെന്നും ഈ അപ്പം ഭക്ഷിക്കുന്നവന് ഒരിക്കലും വിശക്കുകയില്ലെന്നും, തന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ലെന്നും യേശു ജന
സഞ്ചയത്തോടു പറയുന്ന സുവിശേഷ സംഭവം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം
സുവിശേഷത്തിൻറെ പ്രാരംഭ ഭാഗം അവതരിപ്പിക്കുന്നത് ഏതാനും വള്ളങ്ങൾ കഫർണാമിലേക്ക് നീങ്ങുന്ന രംഗമാണ്: ജനക്കൂട്ടം യേശുവിനെ അന്വേഷിച്ചു പോകുന്നു. അത് വളരെ നല്ല കാര്യമാണെന്ന് നമുക്ക് തോന്നിയേക്കാം, എന്നാൽ, ദൈവത്തെ അന്വേഷിച്ചാൽ മാത്രം പോരായെന്നും നമ്മൾ അവിടത്തെ അന്വേഷിക്കുന്നത് എന്തുകൊണ്ടാണ് എന്ന് നാം സ്വയം ചോദിക്കണമെന്നും സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. വാസ്തവത്തിൽ, യേശു തറപ്പിച്ചു പറയുന്നു: ” അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത് “.
ആകയാൽ, നമുക്കെല്ലാവർക്കും നമ്മോടുതന്നെ ചോദിക്കാവുന്ന ആദ്യത്തെ ചോദ്യം ഇതാ: എന്തുകൊണ്ടാണ് നമ്മൾ കർത്താവിനെ അന്വേഷിക്കുന്നത്? ഞാൻ എന്തുകൊണ്ട് കർത്താവിനെ അന്വേഷിക്കുന്നു? എൻറെ വിശ്വാസത്തിൻറെ, നമ്മുടെ വിശ്വാസത്തിൻറെ കാരണങ്ങൾ എന്തൊക്കെയാണ്? നാം ഇത് തിരിച്ചറിയേണ്ടതുണ്ട്, കാരണം നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്ന നിരവധി പ്രലോഭനങ്ങൾക്കിടയിൽ, വിഗ്രഹാരാധന പ്രലോഭനം എന്ന് വിളിക്കാവുന്ന ഒരു പ്രലോഭനം ഉണ്ട്. നമ്മുടെ സ്വന്തം ഉപയോഗത്തിനും ഉപഭോഗത്തിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ദൈവത്തെ തേടാനും, നമ്മുടെ താല്പര്യങ്ങൾക്കനുസാരം നമുക്കു തനിച്ചു നേടാൻ കഴിയാത്തവ തന്നതിന് ദൈവത്തോടു നന്ദിയുള്ളവരായിരിക്കാനും നാം പ്രേരിതരാകുന്നു. എന്നാൽ ഇത്തരത്തിലുള്ള വിശ്വാസം ഉപരിപ്ലവമാണ്, അത്ഭുതാധിഷ്ഠിതമായി നില്ക്കുന്ന വിശ്വാസം എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു: നാം വിശപ്പടക്കാൻ ദൈവത്തെ തേടുന്നു, എന്നാൽ നാം തൃപ്തരാകുമ്പോൾ അവി
ടത്തെ വിസ്മരിക്കുന്നു.
ജനക്കൂട്ടം യേശുവിനോട് ചോദിക്കുന്ന രണ്ടാമത്തെ ചോദ്യം നമുക്കു സഹായകരമാകും: “ദൈവഹിതാനുസാരം പ്രവർത്തിക്കുന്നവരാകാൻ എന്തു ചെയ്യണം?” (യോഹന്നാൻ 6:28).
യേശുവിനാൽ പ്രകോപിതരായി ആളുകൾ പറയുന്നത് പോലെയാണ് ഇത്: “നമ്മുടെ ദൈവാന്വേഷണം നമുക്ക് എങ്ങനെ ശുദ്ധീകരിക്കാനാകും? സ്വന്തം ആവശ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു മാന്ത്രിക വിശ്വാസത്തിൽ നിന്ന് ദൈവത്തിന് പ്രീതികരമായ ഒരു വിശ്വാസത്തിലേക്ക് എങ്ങനെ കടക്കും?”. യേശു വഴി കാണിച്ചുതരുന്നു: പിതാവ് അയച്ചവനെ, അതായത്, അവിടത്തെ തന്നെ, യേശുവിനെ, സ്വാഗതം ചെയ്യുകയാണ് ദൈവവേല എന്ന് അവിടന്ന് മറുപടി നൽകുന്നു. അത് മതപരമായ ആചാരങ്ങൾ കൂട്ടിച്ചേർക്കുകയോ പ്രത്യേക നിയമങ്ങൾ പാലിക്കുകയോ അല്ല; യേശുവിനെ സ്വീകരിക്കുക, അവനെ ജീവിതത്തിൽ സ്വാഗതം ചെയ്യുക, യേശുവിനോടൊത്ത് ഒരു പ്രണയകഥ ജീവിക്കുക. അവിടന്നായിരിക്കും നമ്മുടെ വിശ്വാസത്തെ ശുദ്ധീകരിക്കുക.
സുവിശേഷത്തിൻറെ ക്ഷണം ഇതാണ്: നമ്മുടെ പശിയടക്കുന്ന ഭൗതികമായ അപ്പത്തെക്കുറിച്ച് മാത്രം ആകുലരാകുന്നതിനു പകരം നമുക്ക് യേശുവിനെ ജീവൻറ അപ്പമായി സ്വീകരിക്കാം, അവനുമായുള്ള നമ്മുടെ സൗഹൃദത്തിൽ നിന്ന് ആരംഭിച്ച്, നമുക്ക് പരസ്പരം സ്നേഹിക്കാൻ പഠിക്കാം.
Related Articles
പ്രദര്‍ശനങ്ങളും മേളകളും കൂട്ടായ്മയുടെ സംഗമവേദികള്‍: പാപ്പാ ഫ്രാന്‍സിസ്
വത്തിക്കാൻ : ഫെബ്രുവരി 6-Ɔο തിയതി വ്യാഴാഴ്ച രാവിലെയാണ് വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍വച്ച് രാജ്യാന്തര വ്യാപാര മേളയുടെ ഉച്ചകോടിയെ (Union of International Fairs) പാപ്പാ ഫ്രാന്‍സിസ്
സഭാവാര്‍ത്തകള്‍ – 20.08.23
സഭാവാര്‍ത്തകള്‍ – 20.08.23 വത്തിക്കാന്‍ വാര്‍ത്തകള്‍ അനീതിക്ക് മേല്‍ വിജയം നേടുന്നത് സ്‌നേഹം മാത്രം : ഫ്രാന്‍സിസ് പാപ്പാ സ്‌നേഹത്തിന്റെ അതുല്യമായ
മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം
മാനവരാശിയുടെ രക്ഷയ്ക്കായി ദൈവാശീര്‍വ്വാദം തേടാം വൈറസ് ബാധയില്‍നിന്നു രക്ഷനേടാന്‍ “നഗരത്തിനും ലോകത്തിനു”മായുള്ള (Urbi et Orbi) ആശീര്‍വ്വാദം. മാര്‍ച്ച് 27 വെള്ളിയാഴ്ച , ( ഇന്ത്യയിലെ സമയം)