കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന

കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ സമുദായ സംഘടന

 

കൊച്ചി : കൊല്ലത്തും കൊടുങ്ങല്ലൂരിലും പ്രധാനമായും ചിതറിക്കിടന്ന കേരളത്തിലെ ക്രിസ്ത്യാനികളെ ഒന്നിപ്പിക്കുന്നതിനും കത്തോലിക്കവത്ക്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരുടെ വരവോടെയാണ്. ഇവിടെ അവർ കണ്ടെത്തിയ ക്രിസ്ത്യാനികളുടെ ആധ്യാത്മിക പരിപാലനം നിർവഹിച്ചിരുന്നത് നെസ്തോറിയൻ പാത്രിയാർക്കീസാണെന്നും അവർ പിന്തുടർന്നിരുന്ന ആചാരഅനുഷ്‌ഠാനങ്ങൾ കത്തോലിക്ക വിശ്വാസത്തിൽ നിന്നും വ്യതിചലിക്കപ്പെട്ടതാണെന്നും പോർട്ടുഗീസുകാർക്ക് ബോധ്യമായി. തുടർന്നാണ് കൊല്ലത്തും കൊടുങ്ങല്ലൂരിലും മറ്റിടങ്ങളിലുമായി ചിതറിക്കിടന്ന ക്രിസ്‌ത്യാനികളെ ഏകോപിപ്പിക്കുന്നുന്നതിനും കത്തോലിക്കവത്കരിക്കുന്നതിനും പോർട്ടുഗീസുകാർ ശ്രമങ്ങൾ ആരംഭിക്കുന്നത്. കത്തോലിക്കവത്കരണ ശ്രമങ്ങളിൽ ലത്തീനികരണം (Latinization) പ്രധാനപ്പെട്ടതായിരുന്നു. മലബാർ ക്രിസ്‌ത്യാനികൾ പിന്തുടർന്നിരുന്ന ആരാധന ക്രമങ്ങൾ ലത്തീൻ ഭാഷയിലാകണമെന്ന് പോർട്ടുഗീസുകാരായ ഈശോസഭാ മിഷനറിമാർ നിർബ്ബന്ധം ചെലുത്തി. സുറിയാനി ക്രമപുസ്‌തകങ്ങളിലെയും അനുഷ്‌ഠാനവിധികളിലെയും “നിഷിദ്ധ പാഠങ്ങൾ” ഒഴിവാക്കിയില്ലെങ്കിൽ മലങ്കര ക്രിസ്ത‌്യാനികൾ വീണ്ടും പാഷണ്ഡതയിലേക്കു തിരിച്ചുപോയേക്കുമോ എന്ന ഭയമാകണം നിർബന്ധപൂർവ്വം ലത്തിനീകരണം നടപ്പാക്കാൻ പോർട്ടുഗീസുകാരെ പ്രേരിപ്പിച്ചത്.

കത്തോലിക്ക വിശ്വാസം പ്രഖ്യാപിച്ച ഉദയംപേരൂർ സുനഹദോസ്

1502 ജനുവരി 7 നാണ് വാസ്ക്കോ ഡി ഗാമ ആറ് ഫ്രാൻസിസ്ക്കൻ മിഷനറിമാർക്കൊപ്പം കൊച്ചിയിലെത്തുന്നത്. ഇവിടുത്തെ ക്രിസ്‌ത്യാനികളിൽ നെസ്തോറിയൻ സിദ്ധാന്തങ്ങൾ ആഴപ്പെട്ടിരിക്കുന്നതായി ഈ മിഷണറിമാർ മനസ്സിലാക്കുകയു രുകയും അവരുടെ വിശ്വാസത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ മിഷണറിമാരെ പിൻതുടർന്ന് ഈശോ സഭക്കാരും കൊച്ചിയിൽ എത്തുന്നുണ്ട്. 1542 മെയ് 6 ന് ഗോവയിൽ കപ്പലിറങ്ങിയ വിശുദ്ധ ഫ്രാൻസീസ് സേവ്യർ ഏതാനും മാസങ്ങൾക്കു ശേഷം കൊച്ചിയിലുമെത്തി. 1553 ൽ ഡോമിനിക്കൻ സന്ന്യാസിമാരും തുടർന്ന് അഗസ്‌റ്റിയൻസും കർമ്മലീത്തരും പ്രേഷിത പ്രവർത്തനങ്ങൾക്കായി കൊച്ചിയിലെത്തുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർട്ട്ഗീസ് മിഷനറിമാരുടെ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റത്തിൻ്റെ നവചലനങ്ങൾ ഉണ്ടാക്കിയെന്നത് അനിഷേധ്യമായ യാഥാർത്ഥ്യമാണ്. കത്തോലിക്ക വിശ്വാസവും റോമിലെ പാപ്പായോടുള്ള വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ടാണ് 1599 ജൂണിൽ ഉദയംപേരൂർ സൂനഹദോസ് നടക്കുന്നത്. യഥാർത്ഥത്തിൽ കത്തോലിക്കാവത്ക്കരണത്തിൻ്റെ പൂർത്തീകരണമായിരുന്നു ഉദയംപേരൂർ സൂനഹദോസ്. അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തിരസ്ക്‌കരിച്ച സൂനഹദോസിൻ്റെ ഡിക്രികൾ മലബാർ ക്രിസ്ത്യാനികളുടെ മേലുള്ള റോമിൻ്റെ അധികാരാധിപത്യത്തിന് അടിത്തറയായി. പ്രാപ്പഗാന്ത-പ്രഭുവാദോ അധികാര മത്സരവും അധികാരതർക്കങ്ങളും സംഘർഷങ്ങളും മൂർച്ചിച്ചതോടെ കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിൽ അരക്ഷിതാവസ്ഥ വളരുകയായിരുന്നു. പരിഹാരമെന്നവണ്ണം റോമിൽ നിന്നും 1888 ൽ ഒരു പ്രഖ്യാപനമുണ്ടായി. മലബാർ വികാരിയാത്ത് ഭരിച്ചിരുന്ന വരാപ്പുഴയിലെ കർമ്മലീത്ത മിഷനറിമാരുടെ അധികാരമേഖല രണ്ടായി തിരിച്ച്, ഒന്ന് ലത്തീൻ രീതിയിലും മറ്റൊന്ന് കത്തോലിക്കവൽക്കരിക്കപ്പെട്ട സുറിയാനി രീതിയിലും തുടരാനായിരുന്നു ആ പ്രഖ്യാപനം. കെച്ചിയിലെ പ്രഭുവാദോ രൂപതയിൽപ്പെട്ടവരും കർമ്മലീത്താ മിഷനറിമാരോടൊപ്പം തുടർന്ന സെൻ്റ് തോമസ് ക്രിസ്ത്യാനികൾ ഉൾപ്പടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചവർ ലത്തീൻ ഭാഷ ആരാധനയ്ക്കായുള്ള ഭാഷയായി സ്വീകരിക്കുകയും ‘ലത്തീൻകാർ’ എന്നറിയപ്പെടുകയും ചെയ്തു‌. കൂനൻ കുരിശു ശപഥത്തിനു ശേഷം പറമ്പിൽ ചാണ്ടി മെത്രാൻ്റെ നേതൃത്വത്തിൽ കത്തോലിക്ക സഭയിലേക്ക് മടങ്ങിവന്നവർ സുറിയാനി ഭാഷ ആരാധനയ്ക്കുള്ള ഭാഷയായി സ്വീകരിക്കുകയും സുറിയാനിക്കാർ ‘ എന്നറിയപ്പെടുകയും ചെയ്തു.

കേരളത്തിലെ ലത്തീൻ കത്തോലിക്കർ ഏകതാനമാനമായ ഒരു സമൂഹമല്ല. ഒരു വംശീയ പാരമ്പര്യവുമല്ല അവർ പിന്തുടരുന്നത്. മാർത്തോമ ക്രിസ്ത്യാനികളിൽ നിന്നും പോർട്ടുഗീസുകാരുടെ കാലത്ത് കത്തോലിക്കവത്ക്കരിക്കപ്പെട്ടവരും വിവിധ ജാതി വംശീയ സമൂഹങ്ങളിൽനിന്നും ക്രിസ്‌തുമാർഗം സ്വീകരിച്ചവരും ചേരുന്നതാണ് കേരളത്തിലെ ലത്തീൻ കത്തോലിക്കർ. 1886 ൽ ഇന്ത്യയിലെ ലത്തീൻ സഭയുടെ അധികാര-ഭരണനിർവ്വഹണ സംവിധാനവും ക്രമവും രൂപപ്പെടുന്നുണ്ട്. തുടർന്ന്, വരാപ്പുഴ അതിരൂപത, കൊച്ചി, കൊല്ലം, കോഴിക്കോട്, വിജയപൂരം, തിരുവനന്തപുരം, ആലപ്പുഴ എന്നീ  രൂപതകൾ കേന്ദ്രീകരിച്ച് കേരളത്തിൽ ലത്തീൻ കത്തോലിക്ക സമുദായം ശക്തിപ്പെടുകയായിരുന്നു. ലത്തീൻ കത്തോലിക്കാ സമുദായത്തിന് രണ്ട് മുഖങ്ങളുണ്ട്. ആദ്യത്തേത് അതിന്റെ സഭാന്മകമുഖമാണ്. രണ്ടാമത്തേത് അതിൻ്റെ രാഷ്ട്രീയസമൂഹമെന്ന മുഖവുമാണ്. ഇത് പൗരാവകാശങ്ങളുമായി ബന്ധപ്പെട്ടു നില്ക്കുന്നു. ഇതാകട്ടെ വേർതിരിച്ചുകാണാനും സമുദായത്തിനു കഴിഞ്ഞിരുന്നില്ല. സഭാന്മകസമൂഹമെന്ന നിലയിൽ ശക്തമായ സാന്നിദ്ധ്യമാകാൻ ലത്തീൻ സമുദായത്തിനു കഴിഞ്ഞെങ്കിലും രാഷ്ട്രീയ സമൂഹമെന്ന നിലയിൽ സാമൂഹിക സ്വാധീനം ചെലുത്താൻ കഴിയുന്നവിധം ശക്തിപ്പെടാനും ലത്തീൻ സമുദായത്തിനു കഴിഞ്ഞിരുന്നില്ല.

ചരിത്രത്തിലെ സമുദായ സംഘടനകൾ, നേതാക്കൾ

1972 ൽ ലത്തീൻ സഭാ നേതൃത്വത്തിൻ്റെ ആശിർവാദത്തോടെ കേരള ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ രൂപം കൊള്ളുന്നതു വരെ ലത്തീൻ കത്തോലിക്കർക്ക് പൊതുവായ ഒരു സംഘടന ഉണ്ടായിരുന്നില്ല. നസ്രാണി ഭൂഷണ സമാജം 1903 സെപ്റ്റംബർ 22 ന് ആരംഭിക്കുന്നതെങ്കിലും വിശുദ്ധ ഫ്രാൻസിസിസ് അസിസ്സിയുടെ ഒരു ഭക്തസംഘടനയെന്ന നിലയിൽ 1898 മുതൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതേ കാലയളവിൽ തന്നെ 1904 ൽ ഒരു പക്ഷേ അതിനു മുൻപ് തന്നെ കൊല്ലം കേന്ദ്രമാക്കി കൊല്ലം കത്തോലിക്ക മഹാജന സഭ നിലനിന്നിരുന്നു. 1906 ൽ വരാപ്പുഴ അതിരൂപതയിൽ കാത്തലിക് അസാസിയേഷൻ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കപ്പെട്ടു.

1920 കളിൽ ധാരാളം സംഘടനകൾ വ്യത്യസ്‌തങ്ങളായ എന്നാൽ നിഗൂഡമായ ലക്ഷ്യങ്ങളൊടെ പ്രവർത്തിച്ചിരുന്നുതായി കാണാം. 1931 ഏപ്രിൽ 7 ന് എറണാകുളത്ത് കൊച്ചിൻ സ്‌റ്റേറ്റ് ലാറ്റിൻ ക്രിസ്‌റ്റ്യൻ കോൺഫറൻസ് എൽ. എം. പൈലി അദ്ധ്യക്ഷനായി രൂപം കൊണ്ടു. 1931 ൽ തന്നെ കൊല്ലത്ത് സെന്റ് ആന്റണീസ് മ്യൂച്ചൽ സൊസൈറ്റി ഓഫീസിൽ യോഗം ചേർന്ന് തിരുവതാംകൂർ ലാറ്റിൻ ക്രിസ്റ്റ്യൻ മഹാജന സഭയുടെ ഒരു അഡ്‌ഹോക്ക് സമിതിക്ക് രൂപ കൊടുക്കുകയും 1932 മെയ് 6, 7 തിയ്യതികളിൽ കൊല്ലത്തു വച്ച് ആദ്യത്തെ കോൺഫറൻസ് നടത്തുകയുമുണ്ടായി, ഡബ്ള്യു ഡി നെറ്റോയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. രണ്ടാമത്തെ സമ്മേളനം 1935 മെയ് മാസത്തിൽ തിരുവനന്തപുരത്തെ വിജെടി ഹാളിൽ നടന്നു. റാവു ബഹദൂർ എം.എം മുത്തുനായകമായിരുന്നു ഉദ്ഘാടകൻ. ദിവാൻ ബഹദൂർ പി.സി. ലോബോ അദ്ധ്യക്ഷത വഹിച്ചു. ആനി മസ്ക്രീൻ ആയിരുന്നു പ്രധാന പ്രസംഗക.

ബോംബ ജോയിൻ്റ സെഷൻ ജഡ്‌ജ് ആയിരുന്ന ജെ എ സൽദാനയുടെ അദ്ധ്യക്ഷതയിൽ 1936 മെയ് 13, 14 തിയ്യതികളിൽ നടന്ന മൂന്നാമത്തെ കോൺഫ്രൻസ് ഇ.പി. വർഗീസ് പ്രസിഡൻ്കും ആനി മസ്ക്രിൻ സെക്രട്ടറിയുമായി 41 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. സംഘടനാ നിർവ്വഹണത്തിൻ്റെ സൗകര്യത്തിനായി കന്യാകുമാരി മുതൽ മുനമ്പം വരെ ഏഴു മേഖലകളായി തിരിച്ചിരുന്നു. വരാപ്പുഴ കാത്തലിക് അസ്സോസിയേഷൻ അതിൻ്റെ പ്രസിഡന്റ് ഫാ. റോച്ചയുടെ നിര്യാണത്തോടെ നിശ്ചലമായി. 1937 ഫെബ്രുവരി ഒന്നിന് ഇത് പുനർ ജീവിപ്പിക്കാനായി ഒരു യോഗം ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ആർച്ച്ബിഷപ്പ് ഹൗസിൽ ചേർന്നതായി കാണാം. സംഘടനകൾക്കുള്ളിലെ ശീത സമരങ്ങളും വ്യക്തിപരമായ അഭിപ്രായഭിന്നതകളും വിദ്വേഷങ്ങളും അവയുടെ തന്നെ ശിഥിലീകരണത്തിന് കാരണമായി. നേതാക്കൾക്കിടയിലെ അനൈക്യം പ്രാദേശികമായ നിരവധി ചെറിയ സംഘടനകൾ രൂപം കൊള്ളാൻ കാരണവുമായി.

ഇതിനിടയിൽ 1939 ഏപ്രിൽ 22, 23 തിയ്യതികളിൽ നടന്ന കൊച്ചിൻ സ്‌റ്റേറ്റ് ലാറ്റിൻ ക്രിസ്റ്റ്യൻ കോൺഫ്രൻസി ൻ്റെ വാർഷിക യോഗം കൊച്ചിൻ സ്റ്റേറ്റ് ലാറ്റിൻ ക്രിസ്റ്റ്യൻ കോൺഗ്രസ്സ് എന്ന് പുനർനാമകരണം ചെയ്യുകയും പി.സി വർക്കിയെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും ചെയ്‌തു. തിരുവതാംകൂർ ലാറ്റിൻ ക്രിസ്റ്റ്യൻ മഹാജന സഭയിൽ അഭ്യന്തരകലഹങ്ങൾ മൂർച്ചിക്കുകയും പ്രദേശിക വേർതിരിവുകൾ ശക്തമാകുകയും ചെയ്‌തു. തെക്കൻ തിരുവതാംകൂറുകാർ ആനി മസ്ക്രിനെയും വടക്കൻ തിരുവതാംകൂറുകാർ ഇ. പി. വർഗീസിനെയും പിന്തുണച്ച് രംഗത്തെത്തി. 1940 സെപ്റ്റംബറിൽ ഷെവലിയർ എം രത്നസ്വാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജോസഫ് റോഡ്രിഗസിനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുന്നുണ്ട്. ഇതിനിടയിൽ കൊച്ചിയിലും പ്രശ്‌നങ്ങൾ ഉയർന്നുവന്നു. 1941 ൽ പി.സി വർക്കി രാജിവയ്ക്കുകയും തുടർന്ന് എൽ എം പൈലിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പി വി ആൻ്റണിയെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുന്നണ്ട്.

1944 ജൂണിൽ എൻ ജെ ജോസഫ്, സേവ്യർ കാഞ്ഞിരമുക്കൻ എന്നിവരുടെ നേതൃത്വത്തിൽ ലാറ്റിൻ ക്രിസ്‌ത്യൻ ഫോർവേർഡ് ബ്ലോക്ക് രൂപപ്പെടുത്തുന്നു. 1947 മെയ് 18 ന് ഉത്തര തിരുവതാംകൂർ ലാറ്റിൻ ക്രിസ്‌ത്യൻ അസോസിയേഷൻ ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. അലക്സാണ്ടർ വാകയിലിന്റെ അദ്ധ്യക്ഷതയിൽ നം ചെയ്യപ്പെടുന്നു. ചേർന്ന യോഗത്തിൽ വച്ച് തോമസ് കാനപ്പിള്ളി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവതാംകൂർ ലാറ്റിൻ ക്രിസ്‌റ്റ്യൻ മഹാജന സഭ നിർജീവമായതിനെ തുടർന്ന് 1947 ൽ ബിഷപ്പ് ജെറോം ഫെർണാണ്ടസിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് വാർഷിക പൊതുയോഗം ചേരാൻ തീരുമാനിക്കുകയും റാഫേൽ റോഡ്രിഗസിനെ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയും ചെയ്‌തു.

1972 ൽ കേരള ലാറ്റിൻ കാത്തലിക് അസ്സോസിയേഷൻ രൂപം കൊള്ളുന്നു

ഈ പശ്ചാത്തലത്തിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കർക്കായുള്ള ഒരു പൊതു സംഘടനയുടെ അനിവാര്യത ശക്തമാകുകയും ഇതിനായുള്ള ആവശ്യം എല്ലാ മേഖലകളിൽ നിന്നും ഉയർന്നുവന്നു. വരാപ്പുഴ അതിരൂപത, കൊച്ചി, കൊല്ലം, ആലപ്പുഴ എന്നീ രൂപതകളിലെ അല്‌മായ നേതാക്കൾ 1956 മെയ് 27 ന് എറണാകുളത്ത് സെൻ്റ് ആൽബർട്‌സ് കോളെജിൽ യോഗം ചേർന്ന് ഒരു ഏഴംഗ സമിതിക്ക് രൂപം നല്കി. വി എസ് ആൻഡ്രൂസ് ആയിരുന്നു അദ്ധ്യക്ഷത വഹിച്ചത്. കേരളത്തിലെ വിവിധ ലത്തീൻ കത്തോലിക്ക സംഘടനകളെ ഏകോപിപ്പിക്കുകയായിരുന്നു ഈ സമിതിയുടെ ദൗത്യം. 1956 ജൂൺ 8 ന് കാത്തലിക് ബിഷപ്പ്സ് കോൺഫ്രാൻസ് ഓഫ് ഇന്ത്യയുടെ പ്രബോധനത്തിന്റെ വെളിച്ചത്തിൽ ലത്തീൻ കത്തോലിക്ക അസോസിയേഷന് രൂപം നല്‌കന്നതിനെ പറ്റി ആലോചിക്കുന്നതിനായി ആലപ്പുഴ ബിഷപ്‌സ് ഹൗസിൽ യോഗം ചേരുകയുണ്ടായി. തുടർന്നും നിരവധി യോഗങ്ങളും ശ്രമങ്ങളും ഒരു പൊതു സംഘടന രൂപപ്പെടുത്തുന്നതിനായി നടക്കുന്നുണ്ടെങ്കിലും അതെല്ലാം ഫലവത്താകാതെ പോകുകയായിരുന്നു.

1967 ഒക്ടോബർ 12 ന് വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷനെ പുനസംഘടിപ്പിക്കുന്നതിനായി അതിരൂപതയിലെ അല്‌മായ നേതാക്കൾ കേരള ടൈംസ് ഓഫീസിൽ യോഗം ചേർന്നു. ഇ.പി. ആൻ്റണിയെ കൺവീനറായി നിശ്ചയിച്ചു. ഇതിന്റെ തുടർച്ചയായി 1967 നവംബർ 26 ന് കേരള ടൈംസ് ഓഫീസിൽ ഷെവലിയർ എൽ എം പൈലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷന് രൂപം നല്‌കി. ഷെവലിയർ ജെ. ഡി. വേലിയത്ത് പ്രസിഡണ്ടും ഇ.പി ആൻ്റണി ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. കാത്തലിക് യൂണിയൻ ഓഫ് ഇന്ത്യയുടെ അംഗഘടകമാവുകയും ചെയ്‌തു.

1967 ൽ അധികാരത്തിലിരുന്നു ഇം.എം. എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ നെട്ടൂർ പി ദാമോദരൻ ചെയർമാനായി പിന്നാക്ക വിഭാഗ സംവരണ കമ്മീഷനെ നിയോഗിച്ചു. സർക്കാർ ജോലികളിൽ പ്രത്യേകം പരിഗണിക്കുന്നതിനായി ലത്തീൻ കത്തോലിക്കർ ഉൾപ്പെടുന്ന പിന്നാക്ക വിഭാഗങ്ങൾക്കുള്ള വിഹിതം നിശ്ചയിക്കുന്നതിന് കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ കമ്മീഷനെ നിയോഗിച്ചത്. 1971 ൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ ഒട്ടേറെ രാഷ്ട്രീയ യുദ്ധങ്ങൾക്ക് അത് വഴി തുറന്നു.

ലത്തീൻ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതികൂലമായിരുന്ന ഈ റിപ്പോർട്ടിനെതിരെ സർക്കാരിനെ സമീപിക്കുന്നതിനായി ഒരു പൊതു സംഘടനയുടെ അഭാവം വളര പ്രകടമായിരുന്നു. കാത്തലിക് യൂണിയന്റെ ഓർഗനൈസിംഗ് സെകട്ടറിയായിരുന്ന ഇ പി ആൻ്റണി ഈ വിഷയം ചർച്ച ചെയ്യുന്നതിനായി രൂപതാ പ്രതിനിധികളെ അയയ്ക്കണമെന്ന് അഭിവന്ദ്യ പിതാക്കന്മാരോട് അഭ്യർത്ഥിച്ചു. അങ്ങിനെ 1971 ആഗസ്‌റ്റ് 8 ന് വരാപ്പുഴ അതിരൂപത, ആലപ്പുഴ, കൊച്ചി, കൊല്ലം, തിരുവനതപുരം രൂപതകളിലെ പ്രതിനിധികൾ കൊല്ലത്ത് യോഗം ചേർന്നു. ജി എം ഫെറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ലത്തീൻ കത്തോലിക്ക അവകാശ സംരക്ഷണ സമിതിക്ക് രൂപം നല്കാൻ തീരുമാനിച്ചു.

1971 സെപ്റ്റംബർ 19 ന് ആലപ്പുഴ ലിയോ XIII ഹൈസ്കൂ‌ളിൽ വീണ്ടും യോഗം ചേർന്ന് ലത്തീൻ കത്തോലിക്ക അവകാശ സംരക്ഷണ സമിതിക്ക് രൂപം നല്കി. കെ. ജെ. ബർലി പ്രസിഡണ്ടും, ഇ. പി. ആൻ്റണി ജനറൽ സെക്രട്ടറിയുമായി ഒരു സമിതിയും രൂപപ്പെടുത്തി. ഈ സമിതി ലത്തീൻ കത്തോലിക്കരുടെ യോജിച്ച ഒരു സംഘടനയ്ക്ക് രൂപം നല്‌കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് ജനറൽ സെക്രട്ടറിയായി ഇ. പി. ആൻ്റണിയെ ചുമതലപ്പെടുത്തി. ഇതേ തുടർന്ന് 1971 ഒക്ടോബർ 2 ന് ലത്തീൻ രൂപതകളുടെ പ്രതിനിധികൾ എറണാകുളത്ത് സമ്മേളിച്ച് ഇ പി ആന്റണി തന്നെ കൺവീനറായി ഒരു അഡ്‌ഹോക്ക് കമ്മറ്റിക്ക് രൂപം നല്കി.

1972 മാർച്ച് 26 ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന ജോസഫ് കേളന്തറ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് സെൻ്റ് ആൽബർട്ട്സ് കോളെജ് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ തിരുവനന്തപുരം രൂപതാ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ടായിരുന്ന ജെ.ടി. മൊറൈസ് അദ്ധ്യക്ഷത വഹിച്ചു. വരാപ്പുഴ, ആലപ്പുഴ, കൊച്ചി, കൊല്ലം, തിരുവനന്തപുരം, വിജയപൂരം എന്നീ രൂപതകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. ലത്തീൻ കത്തോലിക്ക അവകാശ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ കെ എൽ സി എ ഏറ്റെടുക്കുകയും സമിതിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു.

1974 മാർച്ച് 22, 23, 24 തിയ്യതികളിലായി കെ എൽ സി എ ഒന്നാം വാർഷികം വിപുലമായ പരിപാടികളോടെയാണ് ഫോർട്ടുകൊച്ചിയിൽ ആഘോഷിച്ചത്. ഇടവക, രൂപത സംസ്ഥാന തലങ്ങളിൽ കലാ സാഹിത്യ കായിക മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സെമിനാറുകൾ, യുവജനോത്സവങ്ങൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി. ഏറ്റവും ശ്രദ്ധേയമയത് ഫോർട്ടുകൊച്ചിയെ ജനസമുദ്രമാക്കിയ മഹാറാലി ആയിരുന്നു. പള്ളുരുത്തി വെളിയിൽ നിന്നാരംഭിച്ച് ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിലാണ് ഈ മഹാറാലി സമാപിച്ചത്. പ്രസിഡണ്ടായിരുന്ന ഷെവലിയർ കെ ജെ ബർലിയുടെ അദ്ധ്യക്ഷതയിൽ നടന്ന മഹാ സമ്മേളനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കേളന്തറ ഉദ്ഘാടനം ചെയ്തു. കാത്തലിക് യൂണിയൻ ഓഫ് ഇൻഡ്യയുടെ പ്രസിഡണ്ടായിരുന്ന ഷെവലിയർ ഡി വി ഡി മോന്തേ സംസാരിച്ചു.

1974 ൽ പിന്നാക്ക സമുദായങ്ങളുടെ ഒരു ഫെഡറേഷൻ രൂപപ്പെടുത്താൻ കെ എൽ സി എ നേതൃത്വം നല്‌കി. പിന്നാക്ക സമുദായങ്ങളുടെ മുപ്പത് സംഘടനകളാണ് സെന്റ് ആൽബർട്‌സ് കോളെജിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. എസ് എൻ ഡി പി യോഗം പ്രസിഡണ്ടായിരുന്ന എൻ. ശ്രീനിവാസൻ പ്രസിഡണ്ടായും ഇ. പി. ആന്റണി ജനറൽ സെക്രട്ടറിയുമായി ഒരു സമിതിയെയും തിരഞ്ഞെടുത്തു.

രണ്ടാമത്തെ വാർഷികം തിരുവനന്തപുരം സെൻ്റ് ജോസഫ്‌സ് സ്ക്കൂൾ ഹാളിൽ 1975 മെയ് 24,25 തിയതികളിലാണ് നടന്നത്. ഷെവലിയർ കെ ജെ ബർലിയും ഇ പി ആന്റണിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വനിതാ, യുവജന വിഭാഗങ്ങൾ സംഘടിപ്പിക്കാൻ ഈ സമ്മേളനം തീരുമാനിച്ചു.

Prepared by: Joseph Jude


Related Articles

സഭാ വാർത്തകൾ – 18.06.23

സഭാ വാർത്തകൾ – 18.06.23   വത്തിക്കാന്‍ വാര്‍ത്തകള്‍ ദരിദ്രരില്‍ യേശുവിന്റെ മുഖം ദര്‍ശിക്കണം: ഫ്രാന്‍സിസ്  പാപ്പാ. ദരിദ്രരായ ആളുകളെ സ്മരിച്ചുകൊണ്ടും, അവരെ ലോകത്തിനു എടുത്തു കാണിച്ചുകൊണ്ടും

കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ?

കെട്ടിടനിർമാണത്തിന് ഇനി പെർമിറ്റ് സ്വയം സാക്ഷ്യപ്പെടുത്താം: ലംഘനം ഉണ്ടായാൽ 2 മുതൽ 6 ലക്ഷം വരെ പിഴയിൽ ഒതുങ്ങും ?   കൊച്ചി : പഞ്ചായത്തിരാജ് /

അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി

അല്മായശാക്തീകരണം അനിവാര്യഘടകം : ബിഷപ് ഡോ. പീറ്റർ പറപ്പുള്ളി   കൊച്ചി : സമൂഹത്തിനും സഭയ്ക്കും ശക്തി പകരുവാൻ അല്മായ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ജാൻസി രൂപത ബിഷപ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<